'നിന്റെ ബേബിയല്ല എന്റെ ബേബി'; കുഞ്ഞുങ്ങളുടെ പേരിൽ രണ്ടു 'മമ്മി'മാർ തമ്മിൽ നടന്ന കോഴിപ്പോര്
താൻ ആറ്റുനോറ്റിരുന്ന് തന്റെ മകൾക്കിട്ട 'ബേബി' എന്ന അനന്യമായ പേര് തന്റെ ആത്മാർത്ഥ സ്നേഹിത തന്നെ കോപ്പിയടിച്ചതാണ് സാഷയെ ഏറെ വിഷമിപ്പിച്ചത്.
ബേബി എന്ന പേര് നമ്മൾ മലയാളികൾക്ക് ഏറെ ഗൃഹാതുരസ്മരണകൾ ഉണർത്തുന്ന ഒന്നാണ്. ഈ പേര് കേരളത്തിൽ ഒരേ സമയം ഒരു ആൺപേരും, പെൺപേരുമാണ്. ഹിന്ദു-മുസ്ലിം-ക്രിസ്ത്യൻ ഭേദമില്ലാതെ, ജാതിവേർതിരിവുകളില്ലാതെ കേരളത്തിലെ സമസ്ത സമുദായങ്ങളിൽ പെട്ടവരും തങ്ങളുടെ മക്കൾക്ക് ബേബി എന്ന് പേരിട്ടിട്ടുണ്ട്.
ജനിക്കുന്ന വേളയിൽ അക്ഷരാർത്ഥത്തിൽ 'ബേബിത്ത'മുണ്ടായിരുന്ന ആ കുഞ്ഞുങ്ങൾ വളർന്നു വലുതാകുന്ന മുറയ്ക്ക് ആദ്യം ബേബിച്ചേട്ടനും, ബേബിച്ചേച്ചിയുമായി. പിന്നെ ബേബി മാമനും ബേബിയമ്മായിയുമായി. പിന്നെയും മുതിർന്നപ്പോൾ ബേബിയപ്പൂപ്പനും ബേബിയമ്മൂമ്മയുമായി.
എംഎ ബേബി മുതൽ കനവ് ബേബി വരെ നിരവധി പ്രശസ്തരായ ബേബികളെ നമുക്കറിയാം. പറഞ്ഞുവന്നത്, 'ബേബി' എന്നത് ചുരുങ്ങിയത് നമ്മൾ മലയാളികളെ സംബന്ധിച്ചിടത്തോളമെങ്കിലും, വളരെ സാധാരണമായ ഒരു പേരാണ്. എന്നാൽ, പാശ്ചാത്യ സെലിബ്രിറ്റി ഫാഷൻ മോഡലുകൾക്കിടയിൽ അത് അങ്ങനെയല്ല എന്ന് സൂചിപ്പിക്കുന്ന ഒരു സംഭവമാണ് കഴിഞ്ഞയാഴ്ച വാർത്തകളിൽ നിറഞ്ഞത്.
2018 മാർച്ചിൽ, ന്യൂയോർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സുപ്രസിദ്ധ 'ഫാഷൻ ഇൻഫ്ലുവൻസർ' ആയ സാഷാ ബെൻസ് തനിക്കുപിറന്ന പെൺകുഞ്ഞിന് 'ബേബി ബ്ലൂ' എന്ന് പേരിട്ടു. 2020 നവംബറിൽ സാഷയുടെ സ്നേഹിതയും, ഓസ്‌ട്രേലിയയിലെ അറിയപ്പെടുന്ന മോഡലുമായ ജെസീക്ക ഹാർട്ട്, തനിക്ക് ജനിച്ച പെൺകുഞ്ഞിനും 'ബേബി' എന്ന് തന്നെ പേരിട്ടു.
തന്റെ ആത്മാർത്ഥ സ്നേഹിതയ്ക്ക് പെൺകുഞ്ഞ് ജനിച്ചു എന്നറിഞ്ഞപ്പോൾ സാഷയ്ക്കുണ്ടായ സന്തോഷം, ആ കുഞ്ഞിന്റെ പേര് 'ബേബി' എന്നാണെന്നറിഞ്ഞതോടെ അമർഷത്തിനു വഴിമാറി. അപ്പോഴേക്കും മൂന്നു വയസ്സ് തികഞ്ഞിട്ടുണ്ടായിരുന്ന തന്റെ മകളുടെ പേര്, സ്നേഹിത പശ്ചാത്താപലേശമില്ലാതെ അനുകരിച്ച് തന്റെ മകൾക്ക് ഇട്ടത് സാഷയ്ക്കുണ്ടാക്കിയത് ചില്ലറ സങ്കടമൊന്നും അല്ലായിരുന്നു. തന്റെ സങ്കടം അവർ ഒരു ട്വീറ്റിലൂടെ വെളിപ്പെടുത്തി.
പിന്നീട് ഇരുവർക്കും ഇടയിൽ സോഷ്യൽ മീഡിയയിൽ നടന്നത്, സ്വന്തം മകൾക്ക് 'ബേബി' എന്ന് പേരിടാനുള്ള അവകാശം ഇതിൽ ആർക്കാണ് എന്നത് സംബന്ധിച്ചുള്ള വീറോടെയുള്ള വാക്തർക്കങ്ങളാണ്. താൻ ആറ്റുനോറ്റിരുന്ന് തന്റെ മകൾക്കിട്ട 'ബേബി' എന്ന അനന്യമായ പേര് തന്റെ ആത്മാർത്ഥ സ്നേഹിത തന്നെ കോപ്പിയടിച്ചതാണ് സാഷയെ ഏറെ വിഷമിപ്പിച്ചത്.
എന്നാൽ താൻ ആരിൽ നിന്നും കോപ്പിയടിച്ചിട്ടല്ല തന്റെ മകൾക്ക് 'ബേബി' എന്ന് പേരിട്ടതെന്നും, താനും തന്റെ പങ്കാളിയും കൂടി ഏറെനാൾ പല പേരുകളും ആലോചിച്ചാലോചിച്ചാണ് ഒടുവിൽ ഈ പേരിലേക്ക് എത്തിച്ചേർന്നത് എന്നും ജെസീക്കയും പ്രതികരിച്ചു.
എന്തായാലും ഈ വിഷയം ഉണ്ടായതിൽ പിന്നെ രണ്ടു പേരും തമ്മിൽ മിണ്ടാട്ടമുണ്ടായിട്ടില്ല. ഇരുവരും തമ്മിൽ ഈ പേരും പറഞ്ഞുണ്ടായ പിണക്കം പറഞ്ഞു തീർക്കാൻ മാധ്യസ്ഥം വഹിക്കാൻ പല പൊതു സുഹൃത്തുക്കളും എത്തിയിട്ടുണ്ടെങ്കിലും അതൊന്നും ഇതുവരെ വിജയിച്ചിട്ടില്ല. പക്ഷേ, ഏറെ വിചിത്രമായ ഈ പരിഭവത്തെ കളിയാക്കിക്കൊണ്ടുള്ള ട്രോളുകൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.