പ്രതിസന്ധിക്കാലത്ത് ആശ്വാസത്തിനായി പശുക്കളെ കെട്ടിപ്പിടിക്കാം; അമേരിക്കയിലിത് 'ട്രെന്‍ഡ്' ആണ്...
അമേരിക്കയില്‍ മാത്രമല്ല, ലോകത്തിലെ മറ്റ് പലയിടങ്ങളിലും ഈ 'ട്രെന്‍ഡ്' കണ്ടുവരുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡ്, നെതര്‍ലാന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇത്തരത്തില്‍ പശുക്കളെ ആലിംഗനം ചെയ്യാനും അവയെ തൊട്ടും തലോടിയും സമയം ചിലവിടാനുമായി പ്രത്യേക കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്
മാനസിക പിരിമുറുക്കങ്ങളിലൂടെയോ സമ്മര്‍ദ്ദങ്ങളിലൂടെയോ കടന്നുപോകുമ്പോള്‍ പ്രിയപ്പെട്ട ആരെയെങ്കിലും ഒന്ന് ആലിംഗനം ചെയ്താല്‍ തന്നെ വലിയ ആശ്വാസം ലഭിക്കും. ഇത്തരത്തില്‍ മാനസികമായ സ്വസ്ഥതയ്ക്കായി ആലിംഗനത്തെ ആശ്രയിക്കുന്നതിനെ കുറിച്ച് മനശാസ്ത്ര വിദഗ്ധരും നിരന്തരം സംസാരിക്കാറുണ്ട്.
എന്നാല്‍ മനുഷ്യര്‍ മനുഷ്യരെ തന്നെ ആലിംഗനം ചെയ്യുന്നതിന് പകരം മൃഗങ്ങളെ ആലിംഗനം ചെയ്താലോ? വളര്‍ത്തുമൃഗങ്ങളെ ഏറെ സ്‌നേഹപൂര്‍വ്വം പരിപാലിക്കുന്നവര്‍ കൂടെക്കൂടെ അവയെ ആലിംഗനം ചെയ്യുകയും ഉമ്മ വയ്ക്കുകയുമെല്ലാം ചെയ്യാറുണ്ട്. അത് ഒരു പരിധി വരെ മൃഗങ്ങളുടെ മാനസികാരോഗ്യത്തെയും നല്ലരീതിയില്‍ സ്വാധീനിക്കുമെന്ന തരത്തില്‍ മുമ്പ് ഒട്ടേറെ പഠനങ്ങളും വന്നിട്ടുണ്ട്.
ഇപ്പോഴിതാ ഈ മഹാമാരിക്കാലത്ത് അല്‍പം ആശ്വാസത്തിനായി പശുക്കളെ കെട്ടിപ്പിടിക്കുന്ന 'ട്രെന്‍ഡ്' ആണ് അമേരിക്കയില്‍ ശക്തമാകുന്നത്. ഇതിനായി പ്രത്യേകം കേന്ദ്രങ്ങള്‍ തന്നെ അവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കസ്റ്റമര്‍ക്ക് ഫീസ് നല്‍കി പശുവിനെ കെട്ടിപ്പിടിക്കാം, തൊടാം, തലോടാം, ഉമ്മ വയ്ക്കാം. അനുവദിച്ച അത്രയും സമയം ചെലവിടാം. ഇതൊരു തെറാപ്പി- അഥവാ- ചികിത്സാരീതിയായി തന്നെയാണ് കണക്കാക്കപ്പെടുന്നത്.
വലിയ തോതിലാണ് ഇങ്ങനെയുള്ള കേന്ദ്രങ്ങളിലേക്ക് സന്ദര്‍ശകരെത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. സംഗതി ശരിക്കും മാനസികമായി ഏറെ ആശ്വാസം പകരുന്നത് തന്നെയാണെന്ന് സന്ദര്‍ശകര്‍ അടിവരയിട്ട് പറയുക കൂടി ചെയ്താലോ!
അമേരിക്കയില്‍ മാത്രമല്ല, ലോകത്തിലെ മറ്റ് പലയിടങ്ങളിലും ഈ 'ട്രെന്‍ഡ്' കണ്ടുവരുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡ്, നെതര്‍ലാന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇത്തരത്തില്‍ പശുക്കളെ ആലിംഗനം ചെയ്യാനും അവയെ തൊട്ടും തലോടിയും സമയം ചിലവിടാനുമായി പ്രത്യേക കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പശുക്കള്‍ക്കും മനുഷ്യരുടെ ഈ ഇടപെടല്‍ സന്തോഷം നല്‍കുന്നതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. 'അപ്ലൈഡ് ആനിമല്‍ ബിഹേവിയര്‍ സയന്‍സ്' എന്ന പ്രമുഖ പ്രസിദ്ധീകരണത്തില്‍ 2007ല്‍ വന്ന ഒരു പഠനറിപ്പോര്‍ട്ട് ഇതേ വിഷയം വ്യക്തമായി വിശദീകരിക്കുന്നുണ്ട്.
മനുഷ്യര്‍ പരസ്പരം ആലിംഗനം ചെയ്യുമ്പോഴാകട്ടെ, മൃഗങ്ങളെ ആലിംഗനം ചെയ്യുമ്പോഴാകട്ടെ 'ഓക്‌സിടോസിന്‍' അഥവാ 'സ്‌നേഹത്തിന്റെ ഹോര്‍മോണ്‍' എന്നറിയപ്പെടുന്ന ഹോര്‍മോണിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുകയാണ്. ഇതാണ് ആലിംഗനം ചെയ്യുമ്പോള്‍ നമുക്ക് മാനസികമായ സന്തോഷം അനുഭവപ്പെടുന്നതിനുള്ള കാരണം.
Also Read:- സമ്മർദ്ദവും ഏകാന്തതയും അകറ്റാൻ ആടുകളെ കെട്ടിപ്പിടിക്കാം, വ്യത്യസ്തമായ തെറാപ്പി...
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona