പൂച്ചകളെ കൊന്നുതള്ളി 'സീരിയല്‍ കില്ലര്‍'; ഒടുവില്‍ വിധിയായി

കത്തിയുപയോഗിച്ച് പൂച്ചകളെ മൃഗീയമായി കുത്തിയും കീറിയും കൊലപ്പെടുത്തുന്നതായിരുന്നു സ്റ്റീവിന്റെ രീതി. 2018 ഒക്ടോബര്‍ മുതല്‍ 2019 ജൂണ്‍ വരെയുള്ള കാലയളവില്‍ സ്റ്റീവ് കൊന്നുതള്ളിയത് ഒമ്പത് വളര്‍ത്തുപൂച്ചകളെയായിരുന്നു. എല്ലാം നിര്‍ദ്ദയമുള്ള കൊലപാതകങ്ങള്‍
 

cat killer in uk town jailed for more than five years

ലണ്ടനിലെ ബ്രൈറ്റണ്‍ എന്ന പട്ടണത്തെ നടുക്കിയ 'സീരിയല്‍ കില്ലര്‍' ഒടുവില്‍ കോടതി വിധിക്ക് മുമ്പില്‍ കീഴടങ്ങിയിരിക്കുന്നു. സ്റ്റീവ് ബക്ക്വറ്റ് എന്ന അമ്പത്തിനാലുകാരനായ 'സീരിയല്‍ കില്ലര്‍' പക്ഷേ മനുഷ്യരെയല്ല വേട്ടയാടി കൊന്നത്. 

പട്ടണത്തിലെ ഭൂരിഭാഗം താമസക്കാരും സ്വന്തമായി വളര്‍ത്തിയിരുന്ന പൂച്ചകളായിരുന്നു സ്റ്റീവിന്റെ ലക്ഷ്യം. കത്തിയുപയോഗിച്ച് പൂച്ചകളെ മൃഗീയമായി കുത്തിയും കീറിയും കൊലപ്പെടുത്തുന്നതായിരുന്നു സ്റ്റീവിന്റെ രീതി. 2018 ഒക്ടോബര്‍ മുതല്‍ 2019 ജൂണ്‍ വരെയുള്ള കാലയളവില്‍ സ്റ്റീവ് കൊന്നുതള്ളിയത് ഒമ്പത് വളര്‍ത്തുപൂച്ചകളെയായിരുന്നു. 

എല്ലാം നിര്‍ദ്ദയമുള്ള കൊലപാതകങ്ങള്‍. കൊന്ന ശേഷം പൂച്ചകളുടെ ജീവനറ്റ ശരീരം വീട്ടുടമസ്ഥര്‍ക്ക് കാണാന്‍ സാധിക്കുന്നിടത്ത് തന്നെ ഉപേക്ഷിച്ചുപോകലായിരുന്നു സ്റ്റീവിന്റെ രീതി. ഏഴിലധികം പൂച്ചകളെ പരിക്കേല്‍പിച്ച കേസും സ്റ്റീവിനെതിരെയുണ്ട്. 

പട്ടണത്തിലെ താമസക്കാരെ ആകെ പരിഭ്രാന്തിയിലാഴ്ത്തിയ സ്റ്റീവിന്റെ അതിക്രൂരമായ തുടര്‍ കൊലപാതകങ്ങള്‍ പിന്നീട് നാട്ടുകാര്‍ തന്നെയാണ് പുറംലോകത്തെത്തിച്ചത്. സിസിടിവി ദൃശ്യങ്ങളുപയോഗിച്ചാണ് ഇവര്‍ സ്റ്റീവ് ആണ് കൊലയാളിയെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെ സ്റ്റീവിനെ ഇരുമ്പഴിക്കുള്ളിലാക്കി. ഇപ്പോഴിതാ കേസില്‍ കോടതിയുടെ വിധി വന്നിരിക്കുകയാണ്. 

അഞ്ച് വര്‍ഷത്തിലധികം തടവ് ശിക്ഷയാണ് സ്റ്റീവിന് കോടതി വിധിച്ചിരിക്കുന്നത്. ആദ്യമെല്ലാം തനിക്കെതിരായ കുറ്റാരോപണത്തെ ചെറുത്ത സ്റ്റീവ് പക്ഷേ, അന്തിമവിധിക്ക് മുമ്പില്‍ കീഴടങ്ങിയിരിക്കുകയാണ്. 

എന്തുകൊണ്ടാണ് സ്റ്റീവ് ഇത്തരത്തില്‍ വളര്‍ത്തുപൂച്ചകളെ കൊന്നൊടുക്കിയത് എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ പൊലീസിനായിട്ടില്ല. ഇന്റര്‍നെറ്റില്‍ നായകള്‍ എങ്ങനെയാണ് പൂച്ചകളെ ആക്രമിച്ച് കൊലപ്പെടുത്തുന്നത് എന്നും മറ്റും സ്റ്റീവ് അന്വേഷിച്ചതും, ചത്ത പൂച്ചകളുടെ ഫോട്ടോ ഫോണ്‍ ഗാലറിയില്‍ സൂക്ഷിച്ചതും, സിസിടിവി ദൃശ്യങ്ങളും, പൂച്ചയുടെ രക്തം പുരണ്ട കത്തി വീട്ടില്‍ നിന്ന് കണ്ടെടുത്തതുമാണ് സ്റ്റീവിനെതിരായ പ്രധാന തെളിവുകള്‍. 

കേസില്‍ ഔദ്യോഗികമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് ഒമ്പത് പൂച്ചകളുടെ കൊലപാതകവും ഏഴ് പൂച്ചകള്‍ക്കെതിരെയുള്ള ക്രൂരമായ അതിക്രമവുമാണ്. എന്നാല്‍ ഇതിലധികം സ്റ്റീവ് ചെയ്തിരിക്കുമെന്നാണ് കണക്കുകൂട്ടല്‍. 

Also Read:- 11 വര്‍ഷമായി ദിവസവും തെരുവുനായ്ക്കളെ ഊട്ടുന്ന മനുഷ്യന്‍; കാണാം വീഡിയോ...

Latest Videos
Follow Us:
Download App:
  • android
  • ios