കൊച്ചുമകളെ പഠിപ്പിക്കാൻ വീട് വിറ്റു; ഉണ്ണുന്നതും ഉറങ്ങുന്നതും ഓട്ടോറിക്ഷയിൽ; ദേശ്‍രാജിന് 24 ലക്ഷം സഹായം
12ാം ക്ലാസ് പരീക്ഷയിൽ എൺപത് ശതമാനം മാർക്ക് നേടിയാണ് കൊച്ചുമകൾ പാസ്സായത്. ബിഎഡ് പഠിക്കാൻ ദില്ലിയിലേക്ക് പോകണമെന്ന് കൊച്ചുമകൾ ആഗ്രഹം പറഞ്ഞു.
മുംബൈ: ഹ്യുമൻസ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിൽ നിന്നാണ് ദേശ്‍രാജ് എന്ന ഓട്ടോ ഡ്രൈവറുടെ ജീവിതത്തെക്കുറിച്ച് പുറംലോകമറിയുന്നത്. സോഷ്യൽ മീഡിയ വൈറലാക്കിയ ദേശ്‍രാജിന് ക്രൗഡ് ഫണ്ടിംഗിലൂടെ 24 ലക്ഷം രൂപയാണ് ഇപ്പോൾ സഹായമായി ലഭിച്ചിരിക്കുന്നത്. കൊച്ചുമകളുടെ വിദ്യാഭ്യാസത്തിന് വേണ്ടി വീട് വിറ്റ ദേശ്‍രാജ് ഉണ്ണുന്നതും ഉറങ്ങുന്നതുമെല്ലാം തന്റെ ഓട്ടോറിക്ഷയിലാണ്. രണ്ട് മക്കളുടെയും മരണ ശേഷം കുടുംബത്തിന്റെ മുഴുവനും ഏറ്റെടുക്കേണ്ടി വന്നതിനെ തുടർന്നാണ് ഇദ്ദേഹം ഓട്ടോറിക്ഷ ഡ്രൈവറായത്. രണ്ട് മരുമക്കളും ഭാര്യയും നാലു കൊച്ചുമക്കളുമടങ്ങുന്ന കുടുംബമാണ് ദേശ്‍രാജിന്റേത്.
ദേശ്‍രാജിന്റെ രണ്ട് ആൺമക്കളും വർഷങ്ങൾക്ക് മുമ്പ് മരിച്ചു. അതിലൊരാളുടെ മകളുടെ വിദ്യാഭ്യാസത്തിന് ദേശ്‍രാജിന്റെ മുന്നിലുണ്ടായിരുന്ന ഏകവഴി വീടു വിൽക്കുക എന്നതായിരുന്നു. 12ാം ക്ലാസ് പരീക്ഷയിൽ എൺപത് ശതമാനം മാർക്ക് നേടിയാണ് കൊച്ചുമകൾ പാസ്സായത്. ബിഎഡ് പഠിക്കാൻ ദില്ലിയിലേക്ക് പോകണമെന്ന് കൊച്ചുമകൾ ആഗ്രഹം പറഞ്ഞു. 'എന്തു വില കൊടുത്തും അവളുടെ ആഗ്രഹം നിറവേറ്റണമെന്ന് എനിക്ക് തോന്നി. അങ്ങനെ വീട് വിറ്റ് ഫീസടച്ചു.' ദേശ്‍രാജ് വെളിപ്പെടുത്തി.
ഭാര്യയും മരുമക്കളും ഇപ്പോൾ ഒരു ബന്ധുവീട്ടിലാണുള്ളത്. ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്നതിന്റെ ഭൂരിഭാഗവും ഫീസിനും മറ്റ് വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമായി ചെലവഴിക്കേണ്ടി വരും. ഇദ്ദേഹത്തിന്റെ ജീവിതവും കഷ്ടപ്പാടും സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് നിരവധി ആളുകളാണ് പിന്തുണ അറിയിച്ച് രംഗത്ത് വന്നത്. ഇദ്ദേഹത്തെ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി ധാരാളം ആളുകൾ ഈ പോസ്റ്റ് പങ്കിടുകയുണ്ടായി. ദേശ്‍രാജിന്റെ ജീവിതമറിഞ്ഞ ഫേസ്ബുക്ക് ഉപയോക്താവാണ് ഇദ്ദേഹത്തിന് വേണ്ടി ക്രൗഡ് ഫണ്ടിംഗ് ആരംഭിച്ചത്. ഈ സംരംഭത്തിലൂടെ 24 ലക്ഷം രൂപ അദ്ദേഹത്തിന് ലഭിച്ചതായും അറിയാൻ സാധിച്ചു. ഹ്യുമൻസ് ഓഫ് ബോംബെയുടെ ഇൻസ്റ്റഗ്രാം പേജിൽ ഇദ്ദേഹം ചെക്ക് സ്വീകരിക്കുന്നതിന്റെയും തന്നെ സഹായിച്ചവർക്ക് നന്ദി പറയുന്നതിന്റെയും വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.