Asianet News MalayalamAsianet News Malayalam

47 പേർ ഇനിയും കാണാമറയത്ത്; വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കുള്ള തെരച്ചിൽ തുടരണമെന്ന് ആവശ്യം

ഉരുൾപ്പൊട്ടലില്‍ അകപ്പെട്ട 47പേരെ ഇനിയും കണ്ടെത്താനിരിക്കെ സർക്കാർ തെരച്ചില്‍ നിര്‍ത്തിയതാണ് വിമർശനത്തിന് കാരണം. തെരച്ചില്‍ തുടങ്ങിയില്ലെങ്കില്‍ പ്രതിഷേധം തുടങ്ങാനാണ് നീക്കം.

Wayanad landslide disaster  latest news updates demand to continue search for those missing
Author
First Published Oct 2, 2024, 8:06 AM IST | Last Updated Oct 2, 2024, 8:06 AM IST

വയനാട്: ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവർക്കുള്ള തെരച്ചില്‍ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാക്കി വയനാട്ടിലെ പ്രതിപക്ഷ പാർട്ടികള്‍. ഉരുൾപ്പൊട്ടലില്‍ അകപ്പെട്ട 47പേരെ ഇനിയും കണ്ടെത്താനിരിക്കെ സർക്കാർ തെരച്ചില്‍ നിര്‍ത്തിയതാണ് വിമർശനത്തിന് കാരണം. തെരച്ചില്‍ തുടങ്ങിയില്ലെങ്കില്‍ പ്രതിഷേധം തുടങ്ങാനാണ് നീക്കം.

ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന് രണ്ട് മാസം പൂര്‍ത്തിയാകുമ്പോള്‍ ഇനിയും 47 പേരെയാണ് കണ്ടെത്താനുള്ളത്. എന്നാല്‍ തെരച്ചില്‍ എവിടെയും നടക്കുന്നില്ല. മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയ സൂചിപ്പാറ, ആനടികാപ്പ് മേഖലയില്‍ തെരച്ചില്‍ നടത്തണമെന്ന ആവശ്യം മുൻപ് കാണാതായവരുടെ ബന്ധുക്കള്‍ ചീഫ് സെക്രട്ടറിയോട് ഉന്നയിച്ചിരുന്നു. ഇത് അനുസരിച്ച് തെരച്ചില്‍ നടത്തിയപ്പോള്‍ അഞ്ച് മൃതദേഹഭാഗങ്ങളും കണ്ടെത്തി. എന്നാല്‍ ഈ തെരച്ചില്‍ ആഴ്ചകളായി നിന്ന സാഹചര്യത്തിലാണ് വയനാട്ടിലെ പ്രതിപക്ഷ പാർട്ടികള്‍ വിമർശനം കടുപ്പിക്കുന്നത്. മൃതദേഹ ഭാഗമെങ്കിലും കിട്ടിയാല്‍ ബന്ധുക്കള്‍ക്ക് അത് നല്‍കുന്ന ആശ്വാസം സർക്കാർ കണക്കിലെടുക്കണമെന്ന് മുസ്ലീം ലീഗ് പ്രതികരിച്ചു. നിയമസഭ ചേരുമ്പോള്‍ വിഷയം ഉന്നയിക്കുമെന്നും സ‍ർക്കാർ തെരച്ചില്‍ തുടർന്നില്ലെങ്കില്‍ സമരം ആരംഭിക്കാൻ മടിയില്ലെന്നും ലീഗ് ജില്ലാ നേതൃത്വം ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു.

മരിച്ചവരെ കണ്ടെത്താൻ സർക്കാർ തെരച്ചില്‍ നടത്തിയില്ലെങ്കില്‍ ജനകീയ തെരച്ചില്‍ നടത്തുമെന്നാണ് കോണ്‍ഗ്രസ് നേതാവും കല്‍പ്പറ്റ എംഎല്‍എയുമായ ടി സിദ്ദിഖിന്‍റെ മുന്നറിയിപ്പ്. മന്ത്രി സഭ ഉപസമിതിയുടെ പ്രവർത്തനം നിലച്ചുവെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ട് പോലും ഇക്കാര്യത്തില്‍ നടപടിയുണ്ടായില്ലെന്നും ടി സിദ്ദിഖ് കുറ്റപ്പെടുത്തി. ദുരന്ത സമയത്ത് വീഴ്ചകള്‍ ഉണ്ടായിട്ടും രാഷ്ട്രീയം ഒഴിവാക്കിയാണ് പ്രതിപക്ഷം പ്രവർത്തിച്ചത്. എന്നാല്‍ ഇനിയും വീഴ്ചകള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നാണ് യുഡിഎഫ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. തെരച്ചിലിന് സർക്കാർ നടപടിയുണ്ടായില്ലെങ്കില്‍ പ്രതിഷേധത്തിന് തയ്യാറെടുക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം.

Latest Videos
Follow Us:
Download App:
  • android
  • ios