ജനങ്ങൾക്ക് വിലയിരുത്താം; മികച്ച മികച്ച മാലിന്യപരിപാലനം നടത്തുന്നവർക്ക് സ്റ്റാർ റേറ്റിംഗ് ഏർപ്പെടുത്താൻ കേരളം
ഗ്രീൻ ലീഫ് റേറ്റിംഗ് എന്ന് പേരിട്ടിരിക്കുന്ന റേറ്റിങ് പ്രക്രിയയിൽ പൊതുജനങ്ങൾക്കും ഓരോ മേഖലകളെയും വിലയിരുത്താനാവും.
തിരുവനന്തപുരം: മാലിന്യ സംസ്കരണത്തിലെ പ്രവർത്തന മികവിന് പൊതു-സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങൾക്കടക്കം റേറ്റിംഗ് ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. ആശുപത്രികൾ, ആരോഗ്യ രംഗത്തെ മറ്റ് സ്ഥാപനങ്ങൾ, അംഗൻവാടികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കെഎസ്ആർടിസി, വിനോദസഞ്ചാര കേന്ദ്രങ്ങൾ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയെ സംസ്ഥാന തലത്തിൽ റേറ്റിംഗിന് വിധേയമാക്കും. ഇതോടെ മാലിന്യ പരിപാലന സംവിധാനങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന തലത്തിൽ റേറ്റിംഗ് നടപ്പിലാക്കുന്ന ആദ്യത്തെ സംസ്ഥാനമെന്ന നേട്ടം കേരളം കൈവരിച്ചു. ഗ്രീൻ ലീഫ് റേറ്റിംഗ് എന്ന് പേരിട്ടിരിക്കുന്ന റേറ്റിങ് പ്രക്രിയയിൽ പൊതുജനങ്ങൾക്കും ഓരോ മേഖലകളെയും വിലയിരുത്താനാവും.
സർക്കാർ മേഖലയിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ, പ്രൈമറി ഹെൽത്ത് സെന്ററുകൾ മുതൽ മെഡിക്കൽ കോളെജ് വരെയുള്ള ആരോഗ്യ സ്ഥാപനങ്ങൾ, പ്രീപ്രൈമറി മുതൽ കോളെജ് വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, അങ്കണവാടികൾ, കെഎസ്ആർടിസിയുടെ ഓപ്പറേറ്റിംഗ് സെന്ററുകൾ മുതൽ സെന്റട്രൽ ഡിപ്പോ വരെയുള്ള സ്ഥാപനങ്ങളും, ബസ്സുകളും, പട്ടണങ്ങളുമാണ് റേറ്റിംഗിന് വിധേയമാകുന്നത്. സ്വകാര്യ മേഖലയിൽ ആശുപത്രി, ഹോട്ടൽ, റസ്റ്റോറന്റുകൾ, ബേക്കറികൾ, ഹോസ്റ്റലുകൾ, മാളുകൾ, ഫാസ്റ്റ് ഫുഡ് കടകൾ, ഓഡിറ്റോറിയം, അപ്പാർട്ട്മെന്റുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, കൺവെൻഷൻ സെന്ററുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ സ്വകാര്യ സ്ഥാപനങ്ങൾ എന്നിവ റേറ്റ് ചെയ്യപ്പെടും.
മൊത്തം 200 മാർക്ക് നിശ്ചയിച്ചിട്ടുള്ള റേറ്റിംഗിൽ 50 മാർക്ക് കക്കൂസ് മാലിന്യ സംസ്കരണത്തിനും, 40 മാർക്ക് ശുചിമുറികൾക്കും, 50 മാർക്ക് മലിന ജല സംസ്കരണത്തിനും, 40 മാർക്ക് ഖര മാലിന്യ സംസ്കരണത്തിനുമാണ്. 20 മാർക്ക് ഹരിത ചട്ടപാലനത്തിനും ശുചിത്വ മാലിന്യ നിർമ്മാർജ്ജനത്തിനായുള്ള വിവര വിജ്ഞാന വ്യാപനത്തിനുമായാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. ഓരോ മേഖലയിലും മികച്ച മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെയും, പൊതു ശുചിത്വത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും വിലയിരുത്തൽ. സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും സ്വയം ഡിക്ലയർ ചെയ്യാനുള്ളതാണ് ആദ്യ ഘട്ടം. അങ്ങനെ സ്വയം വിലയിരുത്തി പ്രഖ്യാപനം നടത്തുന്ന ഇടങ്ങളിലേക്ക് സർക്കാർ, ശുചിത്വ മിഷന്റെ മേൽനോട്ടത്തിൽ നിയോഗിക്കുന്ന അംഗീകൃത ഏജൻസികൾ നേരിട്ടെത്തി പരിശോധന നടത്തും. തെറ്റായ വിവരങ്ങൾ നൽകി സെൽഫ് ഡിക്ലറേഷൻ നടത്തുന്നവർക്ക് നെഗറ്റീവ് മാർക്ക് നൽകും. ആദ്യ ഘട്ടത്തിലെ ഫീൽഡ് തല പരിശോധനാ കമ്മിറ്റിയെ തെരഞ്ഞെടുക്കേണ്ടത് കളക്ടർമാരുടെ മേൽനോട്ടത്തിൽ അതത് ജില്ലാ ശുചിത്വ മിഷനുകളാണ്. ജില്ലാതല അപ്പ്രൂവൽ കമ്മറ്റിയിൽ ജില്ലാ കളക്ടർ അദ്ധ്യക്ഷനായിരിക്കും. സംസ്ഥാനതലത്തിൽ ഇത് ചീഫ് സെക്രട്ടറിയായിരിക്കും.
അഞ്ചിലധികം മുറികൾ വാടകയ്ക്ക് നൽകുന്ന ഹോട്ടലുകളടക്കമുള്ള സ്ഥാപനങ്ങളിലെ മാലിന്യ സംസ്ക്കരണ സംവിധാനങ്ങളുടെ ശാസ്ത്രീയത വിലയിരുത്തുന്നതിന് കഴിഞ്ഞ മാസം റേറ്റിങ് പൂർത്തിയാക്കിയിരുന്നു. സ്വച്ഛ ഭാരത് മിഷൻ ഏർപ്പെടുത്തിയ സ്വച്ഛതാ ഗ്രീൻലീഫ് റേറ്റിംഗ് വഴിയായിരുന്നു ഇത്. ഈ റേറ്റിംഗിൽ കേരളം രാജ്യത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ച സംസ്ഥാനങ്ങൾക്കൊപ്പമാണ്. ഈ നേട്ടത്തിൻ്റെ ആത്മവിശ്വാസത്തിലാണ് സംസ്ഥാന തലത്തിൽ ഗ്രീൻ ലീഫ് റേറ്റിംഗ് നടപ്പിലാക്കുന്നതെന്ന് ശുചിത്വ മിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ യു.വി.ജോസ് ഐഎഎസ് (റിട്ട.) അറിയിച്ചു.
ടൂറിസം മുഖ്യവരുമാന ശ്രോതസ്സായുള്ള കേരളം പോലൊരു സംസ്ഥാനത്ത് ചെറുകിട ഹോം സ്റ്റേകൾ മുതൽ പഞ്ചനക്ഷത്ര നിലവാരമുള്ള ഹോട്ടലുകൾ വരെ അനവധി സ്ഥാപനങ്ങളുണ്ട്. പക്ഷെ ഈ മേഖലയിൽ റേറ്റിംഗിലൂടെ വിലയിരുത്തിയപ്പോൾ, തങ്ങൾ ഉൽപ്പാദിപ്പിക്കുന്ന മാലിന്യം ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യാൻ സ്ഥാപനങ്ങൾ നിർബന്ധിതരായി. ഇത് സ്വച്ഛതാ ഗ്രീൻ ലീഫ് റേറ്റിംഗിന്റെ നേട്ടമാണെന്ന് ജോസ് അഭിപ്രായപ്പെട്ടു. ഇത്തവണ പിന്നോട്ട് പോയ സ്ഥാപനങ്ങൾ അടുത്ത ഘട്ടത്തിൽ മുന്നോട്ട് വന്ന് റേറ്റിംഗ് മെച്ചപ്പെടുത്താൻ ശ്രമിക്കുമെന്നതും മാലിന്യ നിർമ്മാർജ്ജന രംഗത്തിന് ഗുണകരമായ പുരോഗതി കൈവരിക്കാൻ കാരണമാകും. സംസ്ഥാനതല റേറ്റിംഗിലൂടെ വ്യത്യസ്ത മേഖലകളിൽ വൃത്തിയുള്ള ചുറ്റുപാടുകൾ സൃഷ്ടിച്ചെടുക്കാനാകുമെന്നും ജോസ് പറഞ്ഞു.