ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്‍റ് തലപ്പത്തേക്ക് ക്രിസ്റ്റി നോമെന്ന് റിപ്പോർട്ട്; ട്രംപിന്റെ വിശ്വസ്ത
ഏജൻസിയുടെ തലപ്പത്ത് ട്രംപിന്‍റെ വിശ്വസ്തര്‍ തന്നെ എത്തുമെന്നാണ് ക്രിസ്റ്റിയെ തിരഞ്ഞെടുത്തതിലൂടെ വ്യക്തമാകുന്നത്
ന്യൂയോര്‍ക്ക്: നിയുക്ത പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് സൗത്ത് ഡക്കോട്ട ഗവർണർ ക്രിസ്റ്റി നോമിനെ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്‍റിന്‍റെ അടുത്ത സെക്രട്ടറിയായി തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഏജൻസിയുടെ തലപ്പത്ത് ട്രംപിന്‍റെ വിശ്വസ്തര്‍ തന്നെ എത്തുമെന്നാണ് ക്രിസ്റ്റിയെ തിരഞ്ഞെടുത്തതിലൂടെ വ്യക്തമാകുന്നത്. ഡൊണാൾഡ് ട്രംപിന്‍റെ ആഭ്യന്തര അജണ്ടയിൽ പ്രധാനമാണ് ഈ നീക്കങ്ങൾ.
കഴിഞ്ഞ തവണ ഡൊണാൾഡ് ട്രംപ് അധികാരത്തിലുണ്ടായപ്പോൾ ഡിപ്പാർട്ട്‌മന്‍റ് വളരെയധികം പ്രതിസന്ധിയിലൂടെയാണ് കടന്ന് പോയത്. പിന്നെ, ഡിഎച്ച്എസിന് അഞ്ച് വ്യത്യസ്ത നേതാക്കൾ ഉണ്ടായിരുന്നു. ഏജൻസിക്ക് 60 ബില്യൺ ഡോളറിൻ്റെ ബജറ്റും ലക്ഷക്കണക്കിന് ജീവനക്കാരുമുണ്ട്.
അതേസമയം, കമല ഹാരിസിനെ വാശിയേറിയ തെരഞ്ഞെടുപ്പിൽ നിഷ്പ്രഭമാക്കി അധികാരത്തിൽ തിരിച്ചെത്തുന്ന ഡോണൾഡ് ട്രംപ് തന്‍റെ ക്യാബിനറ്റിലെ നിർണായ സ്ഥാനങ്ങളിൽ വേണ്ടവരെ നിയമിക്കാനുള്ള നീക്കവുമായി മുന്നോട്ട് പോകുകയാണ്. നിയുക്ത പ്രസിഡന്‍റായ ട്രംപ് ഇതിനകം തന്നെ പല സുപ്രധാന പദവികളിലെയും പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. ഇപ്പോഴിതാ അമേരിക്കയിൽ നിന്നും പുറത്തുവരുന്ന വാർത്ത അടുത്ത വിദേശകാര്യ സെക്രട്ടറിയെ സംബന്ധിച്ചുള്ളതാണ്. മാർക്കോ റൂബിയോ ആകും അമേരിക്കയുടെ പുതിയ വിദേശ കാര്യ സെക്രട്ടറിയെന്നാണ് സൂചനകൾ പറയുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ട്രംപ് ഉടൻ പ്രഖ്യാപിക്കും.
അമേരിക്കയിൽ ജനിച്ച ക്യൂബൻ വംശജനായ മാർക്കോ റൂബിയോ, ഫ്ലോറിഡയിൽ നിന്നുള്ള യു എസ് സെനറ്റർ ആണ്. 2016 ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രൈമറിയിൽ ട്രംപിനെതിരെ മത്സരിച്ചിട്ടുണ്ട് ഇദ്ദേഹം. അമേരിക്കയിൽ ജനിച്ച ക്യൂബൻ വംശജനായ റൂബിയോ 2011 മുതൽ യു എസ് സെനറ്റ് അംഗമാണ്. സെനറ്റ് ഇന്‍റലിജൻസ് കമ്മിറ്റി വൈസ് ചെയർമാനും ഫോറിൻ റിലേഷൻസ് കമ്മിറ്റി അംഗവുമാണ് റൂബിയോ.