മന്ത്രി എത്തുന്ന വേദിയിലോ പരിസരത്തോ ഒറ്റ വാഴപ്പഴം പോലും കണ്ടേക്കരുത്, സ്റ്റാഫിന്റെ പരിശോധനയും, കാരണമുണ്ട്
പഴം കാണുകയോ അതിന്റെ മണമടിക്കുകയോ ചെയ്താൽ മന്ത്രിക്ക് ആങ്സൈറ്റി അനുഭവപ്പെടുകയും ഓക്കാനം വരുന്നതായി തോന്നുകയും ചെയ്യും.
സ്വീഡനിലെ ജെൻഡർ ഈക്വാലിറ്റി മന്ത്രിയാണ് പൗളിന ബ്രാൻഡ്ബെർഗ്. പൗളിന ഏതെങ്കിലും പരിപാടിയിൽ പങ്കെടുക്കുകയാണെങ്കിൽ അവർ അവിടെ എത്തുന്നതിന് മുമ്പ് തന്നെ പരിപാടിയുടെ സംഘാടകർക്ക് ഒരു നിർദ്ദേശം എത്തും. മന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ വേദിയിലോ, അവർ എത്താനിടയുള്ള സ്ഥലങ്ങളിലോ ഒന്നും തന്നെ ഒറ്റ വാഴപ്പഴം പോലും കാണരുത്..! വിചിത്രമെന്ന് തോന്നുമെങ്കിലും സംഗതി സത്യമാണ്.
പൗളിന പങ്കെടുക്കുന്ന പരിപാടികളിൽ വാഴപ്പഴത്തിന് നിരോധനമാണ്. അതിന് കാരണവുമുണ്ട്. മന്ത്രിക്ക് വാഴപ്പഴം പേടിയും അലർജിയും ഒക്കെയാണ്. അവർക്ക് ഒരു പ്രത്യേകതരം ഫോബിയയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്, 'ബനാന ഫോബിയ'. മന്ത്രി എത്തുന്നതിന് മുമ്പ് തന്നെ അവരുടെ ജീവനക്കാർ മന്ത്രി എത്താനിരിക്കുന്ന സ്ഥലങ്ങളിൽ ഒറ്റ വാഴപ്പഴം പോലും, എന്തിന് പഴത്തിന്റെ കഷ്ണങ്ങൾ പോലും ഇല്ല എന്ന് ഉറപ്പു വരുത്തും.
നേരത്തെ തന്നെ മന്ത്രി തന്റെയീ ഫോബിയയെ കുറിച്ച് സമ്മതിച്ചിട്ടുണ്ടത്രെ. 'ഏറ്റവും വിചിത്രമായ ഭയം' എന്നാണ് വാഴപ്പഴത്തോടുള്ള ഈ ഭയത്തെ അവർ വിശേഷിപ്പിച്ചത്. 2020 -ൽ തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ട് വഴി തന്നെയാണ് അവർ ഈ വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ, പിന്നീട് ആ എക്സ് (ട്വിറ്റർ) പോസ്റ്റ് ഡിലീറ്റ് ചെയ്യപ്പെടുകയായിരുന്നു.
എന്നിരുന്നാലും മന്ത്രിയെത്തുന്നതിന് തൊട്ടുമുമ്പ് സ്റ്റാഫെത്തി വാഴപ്പഴം ഇല്ലായെന്ന് ഉറപ്പു വരുത്തുന്നതിനാൽ തന്നെ രാജ്യത്ത് ഇതൊരു സംസാരവിഷയമാണ് എന്നാണ് പറയുന്നത്. പ്രാദേശികമാധ്യമമാണ് ലീക്കായ ഒരു ഇമെയില്‍ അടിസ്ഥാനമാക്കി വീണ്ടും ഇത് വാര്‍ത്തയാക്കിയത്.
പഴം കാണുകയോ അതിന്റെ മണമടിക്കുകയോ ചെയ്താൽ മന്ത്രിക്ക് ആങ്സൈറ്റി അനുഭവപ്പെടുകയും ഓക്കാനം വരുന്നതായി തോന്നുകയും ചെയ്യും. എന്തായാലും, മറ്റ് ഫോബിയകൾ പോലെ തന്നെ ഈ 'ബനാനഫോബിയ'യും അത്ര നിസ്സാരക്കാരനല്ല. മന്ത്രി അത് നിയന്ത്രിക്കാൻ പ്രൊഫഷണലുകളുടെ സഹായം തേടുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
‘ഇന്ത്യയിലെ ഒരു എയർപോർട്ടിലാണുള്ളത്, എനിക്ക് വിശ്വസിക്കാനാവുന്നില്ല‘; വീഡിയോയുമായി ജപ്പാൻ വ്ലോഗർ