മുഹമ്മദ് ഷമി ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരും! ഉറപ്പ് പറഞ്ഞ് ബാല്യകാല പരിശീലകന്‍
ഷമി ഓസ്ട്രേലിയയിലേക്ക് പറക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ആ വാര്‍ത്തകള്‍ സ്ഥിരീകരിക്കുകയാണ് ബദറുദ്ദീന്‍.
ദില്ലി: ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ മുഹമ്മദ് ഷമി ഉണ്ടാകുമെന്ന ബാല്യകാല പരിശീലകന്‍ മുഹമ്മദ് ബദ്‌റുദ്ദീന്‍. രഞ്ജി ട്രോഫിയില്‍ മധ്യ പ്രദേശിനെതിരായ മത്സരത്തില്‍ ഷമി നാല് വിക്കറ്റ് സ്വന്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ബദ്ദറുദ്ദീന്‍ ഷമിയെ കുറിച്ച് പറഞ്ഞത്. ഇന്‍ഡോര്‍ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ മധ്യപ്രദേശിനെതിരെ 19 ഓവര്‍ എറിഞ്ഞ അദ്ദേഹം നാല് മെയ്ഡനുകള്‍ ഉള്‍പ്പെടെ 54 റണ്‍സ് വിട്ടുകൊടുത്താണ് നാല് വിക്കറ്റുകള്‍ നേടിയത്. 2023 ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം ഒരു ഫോര്‍മാറ്റിലും ഷമി ഇന്ത്യക്കായി കളിച്ചിട്ടുണ്ടായിരുന്നില്ല. എന്തായാലും തിരിച്ചുവരവില്‍ ഗംഭീര പ്രകടനം പുറത്തെടുക്കാന്‍ ഷമിക്ക് സാധിച്ചു.
ഷമി ഓസ്ട്രേലിയയിലേക്ക് പറക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ആ വാര്‍ത്തകള്‍ സ്ഥിരീകരിക്കുകയാണ് ബദറുദ്ദീന്‍. അദ്ദേഹം പറയുന്നതിങ്ങനെ... ''അഡ്ലെയ്ഡില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന് ശേഷം അദ്ദേഹം ഇന്ത്യന്‍ ടീമില്‍ ചേരും. ഇപ്പോള്‍ പരിക്കിന് ശേഷം തിരിച്ചെത്തി ഷമി ഫിറ്റ്‌നസ് തെളിയിച്ചു. വിക്കറ്റുകള്‍ വീഴ്ത്താന്‍ ഷമിക്ക് സാധിക്കുന്നുണ്ട്. പര്യടനത്തിന്റെ രണ്ടാം പകുതിയില്‍ അദ്ദേഹം ഇന്ത്യന്‍ ടീമിന് നിര്‍ണായക പിന്തുണ നല്‍കും.'' ബദ്‌റുദ്ദീന്‍ പറഞ്ഞു.
നേരത്തെ ഷമിക്ക് മുന്നില്‍ രണ്ട് നിബന്ധനകളാണ് ബിസിസിഐ വച്ചത്. പിടിഐ റിപ്പോര്‍ട്ട് അനുസരിച്ച്, രണ്ടാം ഇന്നിംഗ്‌സിനെ ആശ്രയിച്ചിരിക്കും ഷമിയെ ഉള്‍പ്പെടുത്തണോ വേണ്ടയോ എന്നുള്ള കാര്യം തീരുമാനിക്കുക. രണ്ടാം ഇന്നിംഗ്സിന് ശേഷം അദ്ദേഹത്തിന്റെ ശരീരം എങ്ങനെ പ്രതികരിക്കുമെന്നാണ് ആദ്യ പരിശോധിക്കുക. മറ്റൊന്ന് മത്സരത്തിനൊടുവില്‍ ശരീരത്തില്‍ വേദനയോ വീക്കമോ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണ് ഷമിക്ക് മുന്നില്‍ വച്ചിരിക്കുന്ന മറ്റൊരു നിബന്ധന. ഈ രണ്ട് കടമ്പകളും മറികടന്നാല്‍ ഷമിക്ക് ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരാം.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുമ്ര (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍ , ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍.