പൂരം കലക്കൽ; കളക്ടറെ പ്രശ്നം അറിയിച്ചിട്ടും എത്താൻ വൈകിയെന്ന് തിരുവമ്പാടി ദേവസ്വം, രണ്ടാംഘട്ട മൊഴിയെടുത്തു

പൂരം കലക്കൽ തൃതല അന്വേഷണത്തിന്‍റെ ഭാഗമായി തിരുവമ്പാടി ദേവസ്വം പ്രതിനിധികളുടെ രണ്ടാം ഘട്ട മൊഴി രേഖപ്പെടുത്തി.  മലപ്പുറം എ എസ് പി ഫിറോസ് എം ഷഫീഖ് ആണ് മൊഴി രേഖപ്പെടുത്തിയത്

Thrissur pooram disruption case special investigation team talks second round statement of thiruvambady devaswom office bearers

തൃശൂര്‍: പൂരം കലക്കൽ തൃതല അന്വേഷണത്തിന്‍റെ ഭാഗമായി തിരുവമ്പാടി ദേവസ്വം പ്രതിനിധികളുടെ രണ്ടാം ഘട്ട മൊഴി രേഖപ്പെടുത്തി. മലപ്പുറം എ എസ് പി ഫിറോസ് എം ഷഫീഖ് ആണ് മൊഴി രേഖപ്പെടുത്തിയത്. തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാറിന്‍റെയും ജോയിന്‍റ് സെക്രട്ടറി പി ശശിധരന്‍റെയും മൊഴികളാണ് രേഖപ്പെടുത്തിയത്.

റവന്യു ഡിപ്പാർട്മെന്‍റിന് പറ്റിയ വീഴ്ചകളെക്കുറിച്ചുള്ള വിവരങ്ങളാണ് മൊഴിയായി നൽകിയതെന്ന് ദേവസ്വം ഭാരവാഹികള്‍ അറിയിച്ചു. രണ്ട് പ്രശ്നങ്ങളാണ് പ്രധാനമായും ഉന്നയിച്ചതെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍ പറഞ്ഞു. പൂര ദിവസം മാഗസിൻ അടച്ചതും റോഡുകൾ വളച്ചു കെട്ടിയതും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കളക്ടറെ അറിയിച്ചിട്ടും എത്താൻ വൈകിയെന്നും ഇതുസംബന്ധിച്ച വിശദമായ മൊഴി നൽകിയെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ പറഞ്ഞു.

കളക്ടറുടെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയുണ്ടായെന്നും കളക്ടര്‍ നേരത്തെ എത്തിയിരുന്നെങ്കില്‍ പ്രശ്നം ഒത്തുതീര്‍പ്പാകുമായിരുന്നുവെന്നും കെ ഗിരീഷ് കുമാര്‍ പറഞ്ഞു. രണ്ടാം തവണയാണ് സംഭവത്തിൽ തിരുവമ്പാടി ദേവസ്വത്തിന്‍റെ മൊഴിയെടുക്കുന്നത്. വെടിക്കെട്ട് നടക്കുന്ന സ്ഥലം പൊലീസ് അടച്ചപ്പോള്‍ റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നില്ല. ഇതിനായി എസ്‍പിയെ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല. കളക്ടറെ വിളിച്ചപ്പോള്‍ എത്താമെന്ന് പറഞ്ഞെങ്കിലും രണ്ടു മണിക്കൂറോളം കാത്തുനില്‍ക്കേണ്ടിവന്നുവെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി വ്യക്തമാക്കി.

പൂരം കലക്കൽ; 'നടന്നത് കമ്മീഷണറുടെ പൊലീസ് രാജ്', പൊലീസിന്‍റെ വീഴ്ചകള്‍ അക്കമിട്ടുനിരത്തി ദേവസ്വം ഭാരവാഹികള്‍

ആന എഴുന്നള്ളിപ്പ്: ഹൈക്കോടതി മാര്‍ഗരേഖ പ്രകാരം തൃശൂര്‍ പൂരം നടത്താൻ കഴിയില്ലെന്ന് തിരുവമ്പാടി ദേവസ്വം
 

Latest Videos
Follow Us:
Download App:
  • android
  • ios