'കടുവയെ പിടിച്ച കിടുവ'; മുംബൈ പൊലീസ് ചമഞ്ഞ് സൈബർ തട്ടിപ്പുകാരൻ വിളിച്ചത് തൃശൂര്‍ സൈബര്‍ സെല്ലിലേയ്ക്ക്

പൊലീസ് വേഷത്തിലെത്തിയ തട്ടിപ്പുക്കാരനെ കണ്ട് പൊലീസുകാര്‍ ചിരിക്കുന്നത് വീഡിയോയിൽ കാണാം. 

Fake Mumbai Police officer unintentionally called Thrissur cyber Police for financial fraud

തൃശൂര്‍: മുംബൈ പൊലീസ് ഉദ്യോഗസ്ഥനാണെന്ന വ്യാജേന സൈബര്‍ തട്ടിപ്പുകാരന്‍ വിളിച്ചത് തൃശൂര്‍ സൈബര്‍ സെല്ലിലേക്ക്. മുംബൈ പൊലീസിന്റെ യൂണിഫോം അണിഞ്ഞാണ് തട്ടിപ്പുകാരന്‍ വീഡിയോ കോളില്‍ എത്തിയത്. ഫോണിലെ ക്യാമറ ഓഫ് ചെയ്തു വെച്ചിരുന്നതിനാല്‍ വിളിച്ചത് തൃശൂര്‍ സൈബര്‍ സെല്ലിലേക്കാണെന്ന കാര്യം ഇയാള്‍ അറിഞ്ഞില്ല. ഒടുവില്‍ തൃശൂര്‍ സിറ്റി പൊലീസിനെ വിര്‍ച്വല്‍ അറസ്റ്റ് ചെയ്യാന്‍ ക്യാമറ ഓണാക്കിയപ്പോഴാണ് താന്‍ വിളിച്ചത് ഒറിജിനല്‍ പൊലീസിനെയാണെന്ന് മനസിലാക്കിയത്. 

വിരണ്ടുപോയ തട്ടിപ്പുകാരനോട് നിങ്ങള്‍ തട്ടിപ്പുക്കാരനാണെന്ന് വ്യക്തമാണെന്നും നിങ്ങളുടെ മുഴുവന്‍ വിവരവും ഇവിടെ ലഭ്യമാണെന്നും തൃശൂര്‍ സൈബര്‍ പൊലീസ് ആണെന്നും അറിയിച്ചതോടെ വ്യാജ മുംബൈ പൊലീസുകാരന്‍ ഫോണ്‍ ഓഫാക്കി സ്ഥലം വിട്ടു. സംഭവത്തിന്റെ ഒരു ട്രോള്‍ വീഡിയോ തൃശൂര്‍ സിറ്റി പൊലീസ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. 'കടുവയെ പിടിച്ച കിടുവ, യെ കാം ചോടുദോ ഭായ്' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

പൊലീസ് വേഷത്തിലെത്തിയ തട്ടിപ്പുക്കാരനെ കണ്ട് പൊലീസുകാര്‍ ചിരിക്കുന്നതും തൃശൂര്‍ സൈബര്‍ സെല്ലിലേക്കാണ് വിളിച്ചതെന്ന് മനസിലായതോടെ പ്രതി എന്തുചെയ്യണമെന്ന് അറിയാതെ പൊലീസിനെ നോക്കി തിരിച്ചു ചിരിക്കുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും. ഇത്തരത്തില്‍ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയാവുകയാണെങ്കില്‍ 1930 എന്ന നമ്പറിലേക്ക് ഉടന്‍ വിളിക്കണമെന്ന് നിര്‍ദേശിച്ചു കൊണ്ടാണ് വീഡിയോ അവസാനിപ്പിക്കുന്നത്.

READ MORE:  ആകാശത്ത് ആടിയുലഞ്ഞ് ഹെലികോപ്റ്റ‍ർ, പരിശോധിച്ചപ്പോൾ ഞെട്ടി; കോക്പിറ്റിൽ അർധന​ഗ്നരായി ബ്രിട്ടീഷ് സൈനികർ

Latest Videos
Follow Us:
Download App:
  • android
  • ios