അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ശാസ്ത്രം കടല്‍ കടത്തി: മന്ത്രി പി പ്രസാദ്
ശാസ്ത്ര പ്രതിഭകളെ ചെറിയ പ്രായത്തില്‍ തന്നെ വളര്‍ത്തിയെടുക്കുക എന്ന വലിയ ലക്ഷ്യമാണ് സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് പിന്നിലെന്ന് പി.പ്രസാദ് പറഞ്ഞു.
ആലപ്പുഴ: അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും കടല്‍ കടത്തിയത് ശാസ്ത്രമാണെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെയും വൊക്കേഷണല്‍ എക്‌സ്‌പോയുടെയും ഉദ്ഘാടന ചടങ്ങില്‍ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു മന്ത്രി. നമ്മുടെ നേട്ടങ്ങളുടെയെല്ലാം അടിത്തറ ശാസ്ത്രമാണ്. ശാസ്ത്ര പ്രതിഭകളെ ചെറിയ പ്രായത്തില്‍ തന്നെ വളര്‍ത്തിയെടുക്കുക എന്ന വലിയ ലക്ഷ്യത്തോടെയാണ് സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം സംഘടിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്ര ഗവേഷണങ്ങള്‍ മനുഷ്യന്റെ ശോഭനമായ ഭാവിക്കൊപ്പം ലോകത്തിന്റെ ഹരിതഭാവി കൂടി ലക്ഷ്യം വെച്ചുള്ളവയാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉത്തരവാദിത്തത്തോടെ ശാസ്ത്ര മുന്നേറ്റങ്ങളെ ഉപയോഗപ്പെടുത്താന്‍ കഴിയുന്നതിനുകുന്ന ചര്‍ച്ചകള്‍ കൂടി ശാസ്‌ത്രോത്സവങ്ങളുടെ ഭാഗമായി ഉയര്‍ന്നുവരണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 56-ാമത് സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെയും വൊക്കേഷണല്‍ എക്‌സ്‌പോയുടെയും ഉദ്ഘാടനം ആലപ്പുഴ സെന്റ് ജോസഫ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അതേസമയം, കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയവും വ്യത്യസ്തവുമായ ശാസ്ത്രമേളയയാണ് ആലപ്പുഴയില്‍ സംഘടിപ്പിക്കുന്നതെന്ന് സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെയും വൊക്കേഷണല്‍ എക്‌സ്‌പോയുടെയും ഉദ്ഘാടന ചടങ്ങില്‍ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ഒരു മാസമായി ജില്ലയിലെ അധ്യാപകരും ജനപ്രതിനിധികളും സ്‌കൂള്‍ ശാസ്‌ത്രോത്സവം ഏറ്റവും മികവുറ്റ രീതിയില്‍ നടത്താന്‍ കഠിന പരിശ്രമമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. കേരളത്തിലും ഇന്ത്യയിലും അറിയപ്പെടുന്ന ശാസ്ത്രജ്ഞര്‍ പങ്കെടുക്കുന്ന സംവാദ സദസ്സ്, കലാപരിപാടികള്‍, സാംസ്‌ക്കാരിക പരിപാടികളടക്കം വിപുലമായ പരിപാടികളാണ് ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
READ MORE: 108 ആംബുലൻസ് ജീവനക്കാരുടെ ഒക്ടോബർ മാസത്തെ ശമ്പളം കിട്ടിയില്ല; വീണ്ടും സമര മുന്നറിയിപ്പുമായി ബിഎംഎസ്