നിസ്സാര കാര്യങ്ങളെ ചൊല്ലി വാക്കുതർക്കം; വർക്കലയിൽ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റു
നിലത്തു വീണ മൂന്ന് പേരെയും അഞ്ചംഗ സംഘം വാൾ ഉപയോഗിച്ച് വെട്ടുകയും മർദ്ദിക്കുകയുമായിരുന്നു.
തിരുവനന്തപുരം: വർക്കലയിൽ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റു. ബുധനാഴ്ച വൈകിട്ട് 6.30ഓടെ താഴെ വെട്ടൂർ ജംഗ്ഷനിലാണ് സംഭവം. വെട്ടൂർ സ്വദേശികളായ നൗഷാദ് (45), അൽ അമീൻ (31), ഷംനാദ് (49) എന്നിവർക്കാണ് തലയ്ക്ക് വെട്ടേറ്റത്. കടൽ തീരത്ത് നിന്നും താഴെ വെട്ടൂർ ജംഗ്ഷനിൽ എത്തിയ ഇവരെ പ്രദേശവാസികളായ 5 പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്.
ജംഗ്ഷനിൽ ഉണ്ടായിരുന്ന വെട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസിമുദ്ധീൻ ഇവരെ തടയാൻ ശ്രമിച്ചു. പിടിച്ച് മാറ്റുന്നതിനിടയിൽ നാസിമുദ്ധീന് മുഖത്ത് പരിക്കെറ്റു. നിലത്തു വീണ മൂന്ന് പേരെയും സംഘം വാൾ ഉപയോഗിച്ച് വെട്ടിയും മർദ്ദിച്ചും അപായപ്പെടുത്താൻ ശ്രമിച്ചു. നാട്ടുകാർ ഓടി കൂടിയപ്പോഴേയ്ക്കും സംഘം ഓടി രക്ഷപ്പെട്ടു. രാവിലെ മുതൽ ഇവർ എട്ട് പേരും തമ്മിൽ നിസ്സാര കാര്യങ്ങളെ ചൊല്ലി വാക്ക് തർക്കമുണ്ടാകുകയും തുടർന്ന് അസഭ്യം വിളിക്കുകയും ചെയ്തിരുന്നതായി നാട്ടുകാർ പറയുന്നു. വെട്ടേറ്റ മൂന്ന് പേരെയും വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു.
READ MORE: ലെബനോനിൽ ഇസ്രായേലിന് കനത്ത തിരിച്ചടി; ഹിസ്ബുല്ലയുമായുണ്ടായ ഏറ്റുമുട്ടലിൽ 8 സൈനികർ കൊല്ലപ്പെട്ടു