'കുടില് പൊളിക്കല്ലേ, പോകാൻ ഇടമില്ലെന്ന് കാല് പിടിച്ച് പറഞ്ഞു, ആരും കേട്ടില്ല'; ആദിവാസികളോട് ക്രൂരത
'വീടു കിട്ടുന്നത് വരെ കുടില് പൊളിക്കല്ലേ, പോകാനൊരു ഇടമില്ലെന്ന് കാല് പിടിച്ച് പറഞ്ഞു.'
കൽപ്പറ്റ : ആദിവാസി വിഭാഗക്കാർ താമസിച്ചിരുന്ന കുടിലുകൾ വനം വകുപ്പ് പൊളിച്ചുമാറ്റി. വയനാട് തോൽപ്പെട്ടി റേഞ്ചിലെ കൊല്ലിമൂല കോളനിയിലെ 3 കുടിലുകളാണ് പൊളിച്ചു മാറ്റിയത്. 16 വർഷമായി താമസിക്കുന്ന കുടുംബങ്ങളുടെ കുടിലുകളാണ് പൊളിച്ചു നീക്കിയത്. പകരം സംവിധാനം ഒരുക്കാമെന്ന് അറിയിച്ചെങ്കിലും ഇതുവരെയും നടപടി ഉണ്ടായില്ലെന്ന് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ പരാതിപ്പെട്ടു.
''പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളുമാണ് പെരുമഴിയിലായത്. ഭക്ഷണമുണ്ടാക്കുന്ന സമയത്താണ് ഉദ്യോഗസ്ഥരെത്തിയത്. പാത്രങ്ങളെടുത്തെറിഞ്ഞു. വീടു കിട്ടുന്നത് വരെ കുടില് പൊളിക്കല്ലേ, പോകാനൊരു ഇടമില്ലെന്ന് കാല് പിടിച്ച് പറഞ്ഞു. ആരും കേട്ടില്ല. വീടില്ല. ആരും സഹായിക്കാനുമില്ല. ബന്ധുക്കളുടെ വീട്ടിൽ ചെന്നാലും താമസിപ്പിക്കില്ല. പോകാനിടമില്ലാത്തത് കൊണ്ടാണ് ഇവിടെ കുടിൽ കെട്ടി താമസിച്ചത്. ആരുമില്ലെനിക്ക്. സഹോദരങ്ങളുമില്ല. ആരും സഹായിക്കാനുമില്ല. ഇവിടെ നിക്കരുതെന്ന് പറഞ്ഞു''. എവിടേക്ക് പോകാനാണെന്നും കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസി സ്ത്രീകളിലൊരാൾ ചോദിക്കുന്നു.
ആദിവാസി വിഭാഗക്കാരുടെ കുടിലുകൾ പൊളിച്ച സംഭവത്തിൽ ഫോറസ്റ്റ് ഓഫീസിന് മുൻപിൽ പ്രതിഷേധിക്കുകയാണ്. ആദിവാസി വിഭാഗക്കാരായ സ്ത്രീകളാണ് വനംവകുപ്പ് ഓഫീസിൽ മുന്നിൽ പ്രതിഷേധിക്കുന്നത്. ഇവര്‍ക്കൊപ്പം ടി സിദ്ദിഖ് അടക്കം കോൺഗ്രസ് നേതാക്കളുമുണ്ട്.
മനുഷ്യത്വരഹിതമായ നടപടിയെന്ന് ടി സിദ്ദിഖ്
ആദിവാസി വിഭാഗക്കാരുടെ കുടിലുകൾ പൊളിച്ചത് മനുഷ്യത്വരഹിതമായ നടപടിയെന്ന് ടി സിദ്ദിഖ് എംഎൽഎ ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകണം. വീടുകളില്ലാതായവർക്ക് പകരം താമസിക്കാൻ സൗകര്യമൊരുക്കണം. പെരുവഴിയിലടരുത്. സര്‍ക്കാര്‍ ക്വാട്ടേഴ്സിൽ താമസിപ്പിക്കണം. ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുന്നതുവരെ വനംവകുപ്പ് ഓഫീസിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്നും സിദ്ദിഖ് വ്യക്തമാക്കി.