Asianet News MalayalamAsianet News Malayalam

'എന്നെങ്കിലും കണ്ടെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു': വേദനയും ആശ്വാസവും പങ്കുവച്ച് തോമസ് ചെറിയാന്‍റെ സഹോദരങ്ങൾ

അപ്പന്‍റെയും അമ്മയുടെയുമൊപ്പം കല്ലറയിൽ ആ ശരീരവും വെയ്ക്കാമല്ലോ, എന്നും  കാണാമല്ലോ എന്ന ആശ്വാസമുണ്ടെന്ന് സഹോദരി മേരി

There was hope that one day Thomas Cheriyan would be found Brothers and Sister of Malayali Soldier who missed in plane crash 56 years ago share pain and relief
Author
First Published Oct 1, 2024, 10:07 AM IST | Last Updated Oct 1, 2024, 11:28 AM IST

പത്തനംതിട്ട: തോമസ് ചെറിയാനെ എന്നെങ്കിലും കണ്ടെത്തുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നെന്ന് സഹോദരങ്ങൾ. 56 വർഷത്തിന് ശേഷമാണ് മലയാളി സൈനികന്‍റെ മൃതദേഹം മഞ്ഞുമലയിൽ നിന്ന് കണ്ടെത്തിയത്. മൃതദേഹം ലഭിച്ചെന്നറിഞ്ഞപ്പോൾ അതിയായ വേദനയും ആശ്വാസവും തോന്നിയെന്ന് സഹോദരന്മാരായ തോമസ് തോമസും തോമസ് വർഗീസും പറഞ്ഞു. മാതാപിതാക്കളുടെ അടുത്തേക്ക് സഹോദരൻ എത്തുമല്ലോ എന്ന ആശ്വാസമുണ്ടെന്ന് സഹോദരി മേരി പ്രതികരിച്ചു.

"കേട്ടപ്പോൾ ആദ്യം വല്ലാത്ത മാനസിക വിഷമമായിരുന്നു. കൂടപ്പിറപ്പ് ഞങ്ങളുടെ കൂടെ ചേരുകയാണല്ലോ എന്ന ആശ്വാസവുമുണ്ട്. അപ്പന്‍റെയും അമ്മയുടെയുമൊപ്പം കല്ലറയിൽ ആ ശരീരവും വെയ്ക്കാമല്ലോ എന്നും  കാണാമല്ലോ എന്ന ആശ്വാസമുണ്ട്. ഒന്നു കണ്ടില്ലല്ലോ എന്ന വിഷമമായിരുന്നു ഇത്രയും വർഷം. സഹോദരൻ സൈന്യത്തിൽ ചേർന്നത് 18ആം വയസ്സിലാ. എനിക്ക് 12 വയസ്സുള്ളപ്പോഴാ  അപകടത്തിൽപ്പെട്ടത്. പ്ലെയിൻ കാണാതായെന്നാ ആദ്യം അറിഞ്ഞത്. അന്ന് ഒരുപാട് വേദനയായിരുന്നു അമ്മയ്ക്കും എല്ലാവർക്കും. അമ്മ 1998ൽ മരിക്കുന്നതുവരെ എന്നും കരച്ചിലായിരുന്നു"- മേരി പറഞ്ഞു. 

1968 ഫെബ്രുവരി 7 ന് ലഡാക്കിലേക്ക് 103 പേരുമായി പോയ സൈനിക വിമാനം തകർന്ന് വീണാണ് അപകടമുണ്ടായത്. 56 വർഷത്തിന് ശേഷം ഹിമാചൽ പ്രദേശിലെ റോത്തങ്ങ് പാസിലെ മഞ്ഞുമലയിൽ നിന്ന് പത്തനംതിട്ട ഇലന്തൂർ സ്വദേശിയായ തോമസ് ചെറിയാന്റെ മൃതദേഹം കണ്ടെത്തി.  തോമസ് ചെറിയാനടക്കം 4 പേരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഇതിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞു. നാലാമത്തെ മൃതദേഹം ആരുടേതെന്ന് വ്യക്തമായി തിരിച്ചറിഞ്ഞില്ലെങ്കിലും ബന്ധുക്കളെക്കുറിച്ച് സൂചന ലഭിച്ചതായി സൈന്യം അറിയിച്ചു.

വിമാനാപകടത്തിൽപ്പെട്ട 9 പേരുടെ മൃതദേഹങ്ങൾ മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. രാജ്യ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ തിരച്ചിൽ 10 ദിവസം കൂടി തുടരും. ഒരാഴ്ചക്കകം തോമസ് ചെറിയാന്‍റെ മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് നിലവിലെ വിവരം.

56 വർഷങ്ങൾക്ക് ശേഷം മലയാളിയുടെ മൃതദേഹം കണ്ടെടുത്ത അപൂർവ്വ സൈനിക നടപടി, ദൗത്യം 10 ദിവസം കൂടി തുടരും

Latest Videos
Follow Us:
Download App:
  • android
  • ios