ഉമർ ഫൈസിയുടേത് സിപിഎമ്മിന് വേണ്ടിയുള്ള സമാന്തര പ്രവർത്തനമെന്ന് എസ്‌വൈഎസ്; 'സമസ്‌തയിൽ നിന്ന് മാറ്റിനിർത്തണം'
സാദിഖലി ശിഹാബ് തങ്ങളെ വിമർശിച്ച സമസ്ത മുശാവറ അംഗം ഉമർ ഫൈസിക്ക് മറുപടിയുമായി എടവണ്ണപ്പാറയിൽ എസ്‌വൈഎസ് സമസ്ത ആദർശ സമ്മേളനം സംഘടിപ്പിച്ചു
മലപ്പുറം: മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ വിമർശിച്ച സമസ്ത മുശാവറ അംഗം ഉമർ ഫൈസിക്ക് മറുപടിയുമായി എടവണ്ണപ്പാറയിൽ എസ്‌വൈഎസ് സമസ്ത ആദർശ സമ്മേളനം സംഘടിപ്പിച്ചു. ഉമർ ഫൈസിയെ സമസ്തയിൽ നിന്ന് മാറ്റിനിർത്തണമെന്ന് എസ്‌വൈഎസ് സംസ്ഥാന ഉപാധ്യക്ഷൻ റഹ്മാൻ ഫൈസി ആവശ്യപ്പെട്ടു. ഉമർ ഫൈസിയെ മാറ്റി നിർത്തി സമസ്തയെ ശുദ്ധീകരിക്കണമെന്നും പാണക്കാട് കുടുംബത്തെ സമൂഹത്തിൽ നിന്ന് അടർത്തി മാറ്റാനുള്ള ശ്രമം ഗൂഢാലോചനയാണെന്നും സമസ്തയും ലീഗും തമ്മിലുള്ള ബന്ധം തകർക്കാനാണ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎമ്മിന് വേണ്ടിയുള്ള സമാന്തര പ്രവർത്തനമാണ് ഉമർ ഫൈസി നടത്തുന്നതെന്നും റഹ്മാൻ ഫൈസി വിമർശിച്ചു. ആർഎസ്എസിനെ പ്രതിരോധിക്കാൻ സിപിഎമ്മിനെ കഴിയൂ എന്നായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഉമർ ഫൈസി പറഞ്ഞതെന്ന് പറഞ്ഞ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്‌ദുൾ സമദ് പൂക്കോട്ടൂർ, പാണക്കാട് കുടുംബം എന്നും സമസ്തയ്ക്ക് ഒപ്പം നിന്നവരാണെന്നും അവരെ മാറ്റി നിർത്താൻ ആര് ശ്രമിച്ചാലും വിജയിക്കില്ലെന്നും വ്യക്തമാക്കി.