പടക്കം പൊട്ടിക്കാനും അലക്സ, ഇതെങ്ങനെ സംഭവിച്ചെന്ന് നെറ്റിസൺസ്, വേറെ ലെവൽ ദീപാവലി, വൈറലായി വീഡിയോ
ആമസോൺ അലക്‌സ ഇന്ത്യയും വീഡിയോയ്ക്ക് താഴെ കമൻറ് ഇട്ടിട്ടുണ്ട്. 'ഹാൻഡ്സ്-ഫ്രീ' ദീപാവലി എന്നായിരുന്നു ആമസോണിന്റെ കമന്റ്.
ദീപാവലി ആഘോഷങ്ങളുടെ ഒരു പ്രധാന ഹൈലൈറ്റ് ആണ് പടക്കങ്ങൾ. നാടും വീടും ദീപങ്ങളാൽ നിറയുന്നതോടൊപ്പം തന്നെ പടക്കങ്ങളും പൂത്തിരിയും ഒക്കെയായി ആഘോഷം കൊഴുപ്പിക്കുന്നത് പതിവാണ്. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളും ചിത്രങ്ങളും പ്രചരിക്കപ്പെട്ടു കഴിഞ്ഞു. എന്നാൽ, അക്കൂട്ടത്തിൽ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
സംഗതി അല്പം ഹൈടെക് ആണ്. ഒരു മനുഷ്യൻ അലക്സാ ഉപയോഗിച്ച് റോക്കറ്റ് അയക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയാ ഉപയോക്താക്കൾക്കിടയിൽ കൗതുകം നിറയ്ക്കുന്നത്. 'അലക്സാ റോക്കറ്റ് അയക്കൂ' എന്ന് വോയിസ് കമാൻഡ് നൽകുമ്പോൾ മറുപടിയായി, ഒരു സ്റ്റീൽ കുപ്പിയിൽ നിന്ന് ചെറിയൊരു റോക്കറ്റിന്റെ രൂപമുള്ള പടക്കം ആകാശത്തേക്ക് ഉയർന്നു പോകുന്നതോടൊപ്പം, 'അതെ, ബോസ്, റോക്കറ്റ് അയക്കുകയാണ്' എന്ന് അലക്സ മറുപടി നൽകുന്ന രസകരമായ ഒരു വീഡിയോ ആണിത്.
ഇതിനകം 15 ദശലക്ഷത്തിലധികം ആളുകൾ ഇൻസ്റ്റഗ്രാമിൽ വീഡിയോ കണ്ടു കഴിഞ്ഞു. സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഒന്നടങ്കം ഈ ആശയത്തിന് പിന്നിലെ സൂത്രധാരനായ വ്യക്തിയെ അഭിനന്ദിക്കുന്ന തിരക്കിലാണ് ഇപ്പോൾ.
ആമസോൺ അലക്‌സ ഇന്ത്യയും വീഡിയോയ്ക്ക് താഴെ കമൻറ് ഇട്ടിട്ടുണ്ട്. 'ഹാൻഡ്സ്-ഫ്രീ' ദീപാവലി എന്നായിരുന്നു ആമസോണിന്റെ കമന്റ്. സ്വിഗ്ഗി ഇൻസ്റ്റാമാർട്ടും വീഡിയോയോട് പ്രതികരിച്ചു, 'AI വളരെയധികം വളർച്ച പ്രാപിച്ചിരിക്കുന്നു' എന്നായിരുന്നു സ്വിഗിയുടെ കമൻറ്.
കാഴ്ചക്കാരുടെ അഭ്യർത്ഥനപ്രകാരം ഇത് എങ്ങനെ പ്രാവർത്തികമാക്കി എന്ന് തെളിയിക്കുന്ന ഒരു വീഡിയോയും ഇതിന് പിന്നിൽ പ്രവർത്തിച്ച വ്യക്തി പങ്കുവെച്ചിട്ടുണ്ട്. manisprojectslab എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.