എപ്പോഴും സർക്കാരിനെതിരെ തീരുമാനമെടുക്കലല്ല സ്വതന്ത്ര കോടതിയെന്ന് ചീഫ് ജസ്റ്റിസ്; വിമർശനങ്ങൾക്ക് മറുപടി
സർക്കാരിൽ നിന്നും ചില സമ്മർദ്ദ ഗ്രൂപ്പുകളിൽ നിന്നുമുള്ള സ്വാതന്ത്ര്യം കൂടിയാണ് നിയമവ്യവസ്ഥയുടെ സ്വാതന്ത്ര്യം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്
കൊച്ചി: ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം എന്നതിനർത്ഥം സർക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുക എന്നതല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. സർക്കാരിൽ നിന്നും ചില സമ്മർദ്ദ ഗ്രൂപ്പുകളിൽ നിന്നുമുള്ള സ്വാതന്ത്ര്യം കൂടിയാണ് നിയമവ്യവസ്ഥയുടെ സ്വാതന്ത്ര്യം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയിൽ ദി ഇന്ത്യൻ എക്‌സ്പ്രസിൻ്റെ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇലക്ട്രൽ ബോണ്ട് കേസിലെ വിധി ജൂഡീഷ്യറിയുടെ സ്വാതന്ത്ര്യമായി വാഴ്ത്തപ്പെട്ടുവെന്നും എന്നാൽ സർക്കാരിന് അനൂകൂലമായി വിധി വന്ന കേസിൽ താൻ വിമർശിക്കപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേസിലെ വിധി ആർക്ക് അനൂകൂലമായലും നിയമവ്യവസ്ഥയുടെ സന്തുലിതാവസ്ഥ പാലിക്കപ്പെടണം. ജഡ്ജിമാർക്ക് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം തരണം. സർക്കാരിനെതിരെ എല്ലായിപ്പോഴും തീരുമാനമെടുത്താലെ സ്വതന്ത്ര കോടതിയാകൂ എന്ന് കരുതരുത്. സർക്കാരിനെതിരായി പോകേണ്ട കേസുകളിൽ അങ്ങനെ തീരുമാനം ഉണ്ടാകും. നിയമ പ്രകാരം സർക്കാരിന് അനുകൂലമായ കേസുകളിൽ അനുകൂല തീരുമാനം എടുക്കാനേ കഴിയൂ. തന്റെ വസതിയിൽ നടന്ന സ്വകാര്യ പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുത്തതിൽ തെറ്റില്ല. ഇത്തരം കാര്യങ്ങൾ കോടതിയുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നതുമല്ലെന്നും അദ്ദേഹം പറഞ്ഞു.