Asianet News MalayalamAsianet News Malayalam

തൃശ്ശൂരിലെ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു

പരിശോധന തുടരുമെന്നും കർശനമായ നടപടികളിലേക്ക് കടക്കുമെന്നും കോർപറേഷൻ അധികൃതർ അറിയിച്ചു. 

Stale food seized from hotels in Thrissur
Author
First Published May 29, 2024, 12:20 PM IST | Last Updated May 29, 2024, 12:24 PM IST

തൃശ്ശൂർ: പെരിഞ്ഞനത്ത് കുഴിമന്തികഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് 56 കാരി മരിച്ചതിന് പിന്നാലെ തൃശൂരില്‍ ഹോട്ടലുകളില്‍ വ്യാപക പരിശോധന. നഗരത്തിലെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു. പരിശോധന വരും ദിവസങ്ങളിലും കര്‍ശനമാക്കുമെന്ന് മേയര്‍ എം.കെ. വര്‍ഗീസ് അറിയിച്ചു.

കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം രാവിലെ ആറുമുതല്‍ പത്തുവരെ നാലു സംഘങ്ങളായി തിരിഞ്ഞ് നഗരത്തിലെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ഒരാള്‍ മരിക്കുകയും 180ലേറെപ്പേര്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടുകയും ചെയ്തതിന് ശേഷവും ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം വിളമ്പുകയാണ് ചില ഹോട്ടലുകള്‍. റോയല്‍, പാര്‍ക്ക്, കുക്ക് ഡോര്‍, ചുരുട്ടി, വിഘ്നേശ്വര എന്നിവിടങ്ങളില്‍  നിന്നാണ് കേടായ  ചിക്കന്‍, ബീഫ്, ബിരിയാണി, കേടായ മുട്ട, പൊറോട്ട, ചപ്പാത്തി അച്ചാറുകളെന്നിവ പിടികൂടിയത്.

ഇന്നലെ കളക്ട്രേറ്റില്‍ ചേര്‍ന്ന അവലോകന യേഗത്തിനു ശേഷം പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരും. അതിനിടെ ഭക്ഷ്യ വിഷബാധയേറ്റ്  56 കാരി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ആരോഗ്യ വകുപ്പിന്‍റെയും പോസ്റ്റ്മോര്‍ട്ടത്തിന്‍റെയും റിപ്പോര്‍ട്ട് വരുന്ന മുറയ്ക്ക് മനപൂര്‍വ്വമായ നരഹത്യ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി ഹോട്ടലുടമകള്‍ക്കെതിരെ കേസെടുക്കുമെന്ന്  കൈപ്പമംഗലം പൊലീസ് അറിയിച്ചു.

 

 


 

Latest Videos
Follow Us:
Download App:
  • android
  • ios