Asianet News MalayalamAsianet News Malayalam

എഡിജിപി കൂടിക്കാഴ്ച: അസ്വാഭാവികത ഇല്ല, സ്വകാര്യ സന്ദര്‍ശനങ്ങള്‍ പതിവെന്ന് ആര്‍എസ്എസ് നേതാവ് ജയകുമാര്‍

ഇത് വരെ കണ്ടവരുടെ എണ്ണം നോക്കി നോട്ടിസ് അയച്ചാൽ അതിനായി പുതിയ വകുപ്പ് തുടങ്ങേണ്ടി വരുമെന്നും പരിഹാസം

RSS leader Jayakumar says ADGP visit vas personal
Author
First Published Sep 29, 2024, 10:25 AM IST | Last Updated Sep 29, 2024, 11:52 AM IST

തിരുവനന്തപുരം: എഡിജിപി - എം ആർ അജിത് കുമാര്‍ കൂടിക്കാഴ്ചയിൽ വിശദീകരണവുമായി ആര്‍എസ്എസ് നേതാവ് എ ജയകുമാര്‍ രംഗത്ത്. സന്ദര്‍ശനത്തില്‍ അസ്വാവാഭാവികത ഇല്ല. സ്വകാര്യ സന്ദർശനങ്ങൾ പതിവാണ്. ഇത് വരെ കണ്ടവരുടെ എണ്ണം നോക്കി നോട്ടീസ് അയച്ചാൽ അതിനായി പുതിയ വകുപ്പ് തുടങ്ങേണ്ടി വരുമെന്നും അദ്ദേഹം സമൂഹ മാധ്യമ പോസ്റ്റില്‍ പരിഹസിച്ചു.

പോസ്റ്റിന്‍റെ പൂര്‍ണ രൂപം

'ഞാൻ എഞ്ചിനീയറിംഗ് വിദ്യാഭ്യാസം ( CET, TVM) കഴിഞ്ഞു പൊതുപ്രവർത്തനം രാഷ്ട്രീയ സ്വയംസേവക സംഘത്തിൽ അർപ്പിച്ചിട്ടു മൂന്നര പതിറ്റാണ്ടു കഴിഞ്ഞു. നാഗപ്പുരും ഡൽഹിയിലും ആയിരുന്നു ഏറിയ പങ്കും ചിലവഴിച്ചത്.  വിദ്യാഭ്യാസവും ശാസ്ത്രവും സാങ്കേതിക വിദ്യയും ആയിരുന്നു എന്റെ പ്രവർത്തന മേഖല. കഴിഞ്ഞ ആഴ്ചയിൽ മെട്രോമാൻ എന്നറിയപ്പെടുന്ന ഇ ശ്രീധരൻ സാറിന്റെ വീട്ടിലിരിക്കുമ്പോൾ ഒരു മാധ്യമ പ്രവർത്തകൻ ഫോണിലൂടെ ചോദിച്ചു, ഡിജിപി ഓഫീസിൽ നിന്നും തെളിവെടുപ്പിനായുള്ള നോട്ടീസ് കിട്ടിയോ എന്ന്‌. തെല്ലൊരു ആശ്ചര്യത്തോടും എന്നാൽ നിസ്സംഗതയോടും എനിക്കു ഇതിനെ കുറിച്ചറിയില്ല എന്നറിയിച്ചു. പിന്നെ ചാനലുകൾ കാണുമ്പോഴാണ്, ഡിജിപി ഓഫിസിൽ നിന്നും ആർഎസ്എസ് നേതാവ് എ ജയകുമാറിന് നോട്ടീസ് അയച്ച കാര്യം അറിയുന്നത് .

രഷ്ട്രീയ സ്വയംസേവക സംഘത്തിലെ മുതിർന്ന അധികാരികളെ, പൊതു പ്രവർത്തകരും ഉദ്യോഗസ്ഥരും അനൗപചാരികമായി  കാണുന്നതും, ആശയങ്ങൾ പങ്കിടുന്നതും സംശയങ്ങൾ ദൂരീകരിക്കുന്നതും 1925ൽ ആർഎസ്എസ് തുടങ്ങിയ കാലം മുതൽ ഉള്ള ഒരു സംവിധാനം ആണ്. സംഘത്തിന്റെ സാംസ്‌കാരിക ജൈത്ര യാത്രയിൽ, വന്നു കണ്ടവരുടെയും അങ്ങോട്ട് പോയി ആശയങ്ങൾ കൈമാറിയവരുടെയും ലിസ്റ്റ് എടുത്താൽ പ്രധാനമന്ത്രിമാർ, പ്രസിഡന്റുമാർ, സിവിൽ സർവീസ്സുകാർ  തൊട്ടു സാധാരണ മനുഷ്യർ വരെ പതിനായിരക്കണക്കിന് ആൾക്കാർ വരും.

കേരളത്തിൽ ആദ്യമായിട്ടല്ല ഒരു എഡിജിപി ആർഎസ്എസിന്‍റെ അധികാരിയെ കാണാൻ വരുന്നത്. ഇന്ന് സർവിസിൽ തുടരുന്ന എത്രയോ ഐപിഎസ്  കാരും ഐഎഎസുകാരും എന്തിനേറെ ചീഫ് സെക്രെട്ടറിമാർ വരെ ആർഎസ്എസ് നേതൃത്വവും ആയി സ്വകാര്യ സംഭാഷണങ്ങളിൽ പങ്കെടുത്തിട്ടുള്ളവരാണ് . ഇതിൽ നിരവധി പേർ ആർഎസ്എസ് കാര്യാലയങ്ങൾ സന്ദർശിച്ചിട്ടുള്ളവരാണ് . ഇവരുമായുള്ള സ്വകാര്യ സംഭാഷണങ്ങളിൽ  നാടിന്റെ ഉയർച്ചക്കും നാട്ടുകാരുടെ  വളർച്ചക്കും വേണ്ടി ആർഎസ്എസിന് പങ്കു നിർവഹിക്കാനുള്ള ഭാവാത്മക ചർച്ചകളാണ് നടക്കുക.

എന്റെ പൊതു ജീവിതത്തിൽ ഞാൻ ചെന്നു കണ്ടവരുടെയും  എന്നെ വന്നു കണ്ടവരുടെയും എന്നൊടൊപ്പം വന്ന് സംഘ അധികാരികളെ കണ്ട മറ്റു ഉദ്യോഗസ്ഥന്മാരുടെയും ലിസ്റ്റ് തെരഞ്ഞുപോയാൽ അതിൽ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും , മത വിഭാഗങ്ങളിലും പെടുന്ന നൂറു കണക്കിനു നേതാക്കൾ ഉണ്ടാകും . അതിനൊക്കെ എനിക്കു നോട്ടീസ് അയക്കാൻ തുടങ്ങിയാൽ ഇതിനായി ഒരു പുതിയ ഡിപ്പാർട്ട്‍മെന്‍റ്t സർക്കാർ ആരംഭിക്കേണ്ടി വരും.

ആർഎസ്എസ് ഒരു ലക്ഷത്തോളം ശാഖകളുള്ള 40 ഓളം മറ്റു സംഘടനകളിലൂടെ 20 കോടിയിലധികം അംഗങ്ങളുള്ള പ്രസ്ഥാനം ആണ്. അതുകൊണ്ട്‌ തന്നെ ഭാവനാ സമ്പന്നരും ക്രിയാ ശേഷിയുള്ളവരും ആയ നിസ്വാർത്ഥരായ  ഉദ്യോഗസ്ഥരും പൊതു പ്രവർത്തകരും എല്ലാ കാലത്തും ആർ എസ്സ്‌ എസ്സുമായി സംവദിച്ചിരുന്നു. അത്‌ തുടരുകയും ചെയ്യും.

 

Latest Videos
Follow Us:
Download App:
  • android
  • ios