പാലക്കാട്ടെ ചുരം റോഡുകളിലൂടെയുള്ള യാത്രയ്ക്ക് നിയന്ത്രണം; വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു
നെല്ലിയാമ്പതി ചുരം, അട്ടപ്പാടി ചുരം റോഡുകളിലൂടെയുള്ള ഗതാഗതത്തിനാണ് ജില്ലാ കലക്ടർ മുഴുവൻ സമയ നിയന്ത്രണം ഏർപ്പെടുത്തിയത്
പാലക്കാട്: കനത്ത കാലവർഷത്തെ തുടർന്ന് മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി ചുരം, അട്ടപ്പാടി ചുരം റോഡുകളിലൂടെയുള്ള ഗതാഗതത്തിന് ജില്ലാ കലക്ടർ മുഴുവൻ സമയ നിയന്ത്രണം ഏർപ്പെടുത്തി. പൊതുഗതാഗതവും പ്രദേശവാസികളുടെ അത്യാവശ്യ ഘട്ടങ്ങളിലുള്ളതും തോട്ടം മേഖലയിലെ ചരക്കു ഗതാഗതവും ഒഴികെയുള്ള യാത്രകൾക്ക് ഇന്ന് മുതൽ വെള്ളിയാഴ്ച വരെ (ജൂലൈ 30 മുതൽ ആഗസ്ത് 2 വരെ) നിരോധനം ഏർപ്പെടുത്തിയതായി ജില്ല കലക്ടർ അറിയിച്ചു.
അടപ്പാടി, നെല്ലിയാമ്പതി വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. ജില്ലയിലെ വെള്ളച്ചാട്ടങ്ങളിലേക്ക് വിനോദ സഞ്ചാരികൾക്കുള്ള പ്രവേശനവും ആഗസ്ത് രണ്ട് വരെ പൂർണ്ണമായും നിരോധിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. അതിരപ്പിള്ളി, വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചു.
അതിനിടെ താമരശേരി ചുരം ഏട്ടാം വളവിന് മുകളിൽ പുലർച്ചെ മണ്ണ് ഇടിഞ്ഞു വീണു. ഫയർഫോഴ്സും സന്നദ്ധ പ്രവർത്തകരും ചേർന്ന് മണ്ണ് നീക്കം ചെയ്തു. വലിയ വാഹനങ്ങൾക്ക് ചുരം വഴി താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യമില്ലാത്ത യാത്രക്കാർ ചുരം കയറരുതെന്ന് നിർദേശമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം