പൊതിയാൻ അലൂമിനിയം ഫോയിൽ, തൂക്കാൻ ഡിജിറ്റൽ ത്രാസ്; ബെഡ്റൂമിൽ നിന്ന് എംഡിഎംഎ പിടിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ
അലൂമിനിയം ഫോയില്‍ പേപ്പറില്‍ പൊതിഞ്ഞ നിലയില്‍ ചെറിയ പ്ലാസ്റ്റിക് പാക്കറ്റുകളില്‍ നിറച്ച നിലയിലാണ് എം.ഡി.എം.എ പിടികൂടിയത്.
കല്‍പ്പറ്റ: ചില്ലറ വില്‍പ്പനക്കായി വീട്ടില്‍ എം.ഡി.എം.എ സൂക്ഷിച്ച സംഭവത്തില്‍ ഒരാളെ കൂടി പൊലീസ് പിടികൂടി. മുട്ടില്‍, പറളിക്കുന്ന് പുത്തൂര്‍കണ്ടി വീട്ടില്‍ പി.എം. നജീബിനെ(27)യാണ് കമ്പളക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവ ശേഷം ഒളിവില്‍ കഴിഞ്ഞു വന്ന ഇയാളെ മൃഗാശുപത്രി കവലയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
29ന് ഉച്ചയോടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കമ്പളക്കാട് ഒന്നാം മൈല്‍, കറുവ വീട്ടില്‍, കെ മുഹമ്മദ് നിസാമുദ്ധീന്റെ (25) വീടിന്റെ കിടപ്പു മുറിയില്‍ നിന്നാണ് 23.49 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്. ഇയാളെ അന്ന് തന്നെ കമ്പളക്കാട് പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും അറസ്റ്റ് ചെയ്തിരുന്നു. അലൂമിനിയം ഫോയില്‍ പേപ്പറില്‍ പൊതിഞ്ഞ നിലയില്‍ ചെറിയ പ്ലാസ്റ്റിക് പാക്കറ്റുകളില്‍ നിറച്ച നിലയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്. കൂടാതെ ഇത് തൂക്കുന്നതിനായുള്ള ഡിജിറ്റല്‍ ത്രാസും പിടിച്ചെടുത്തിരുന്നു.