കുട കരുതാൻ മറക്കണ്ട, മഴ മുന്നറിയിപ്പിൽ മാറ്റമുണ്ട്; 5 ജില്ലകളിൽ യെല്ലോ അലർട്ട്; വയനാട്ടിൽ ഗ്രീൻ അലർട്ട്
കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. വയനാട് ജില്ലയിൽ ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കാസർകോട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ടാണ് നൽകിയിരിക്കുന്നത്. ഇന്നും പരക്കെ മഴക്ക് സാധ്യതെയെന്നായിരുന്നു രാവിലത്തെ മഴ മുന്നറിയിപ്പ്.
തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ നിലവിൽ ഇല്ലെങ്കിലും ജാഗ്രത തുടരണം. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. കേരളതീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നുണ്ട്. മൺസൂൺ പാത്തിയും സജീവമാണ്.
അതേ സമയം, ഹിമാചലിലെ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. ഷിംല, മണ്ഡി, കുളു എന്നീ ജില്ലകളിലായി 50 പേരെ കാണാതായിട്ടുണ്ട്. മേഖലയിൽ കരസേനയുടെ നേതൃത്വത്തിൽ തെരച്ചിൽ പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് കനത്ത മഴ 3 ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിനിടെ, കേദാർനാഥിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് മേഖലയിൽ കുടുങ്ങിയ തീർത്ഥാടകരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ കരസേന ഊർജ്ജിതമാക്കി. ദുരന്തത്തിൽ ആകെ മരണം 15 ആയി. ജമ്മുകശ്മീരിലെ ഗന്ദർബാലിലും മേഘ വിസ്ഫോടനമുണ്ടായി. ശ്രീനഗർ - ലേഹ് ദേശീയപാത അടച്ചു.