കോഴിക്കോട് വച്ച് കെ റെയിൽ വേണ്ടെന്ന് നിവേദനം; കേന്ദ്ര മന്ത്രിയുടെ മറുപടി ഇങ്ങനെ

ചെറിയൊരു പ്രതീക്ഷ വെച്ച് അടുത്തിടെ ദില്ലിയിൽ റെയിൽവെ മന്ത്രിയുമായുള്ള ചർച്ചയിൽ മുഖ്യമന്ത്രി കെ റെയിൽ വീണ്ടും ഉന്നയിച്ചിരുന്നു

Petition to the Union Minister to not allow k rail reply was that Kerala needs it

കോഴിക്കോട്: കെ റെയിലിന് അനുമതി നല്‍കരുതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് നിവേദനം നൽകി കെ റെയിൽ വിരുദ്ധ സമരസമിതി. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ സന്ദർശനത്തിടെയിലാണ് നിവേദനം നൽകിയത്. കെ റെയിൽ കേരളത്തിന് ആവശ്യമല്ലേയെന്നായിരുന്നു മന്ത്രിയുടെ മറുപടി. സാങ്കേതിക - പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ കെ റെയിലിന്‍റെ തുടർനടപടികൾക്ക് സന്നദ്ധമാണെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് നേരത്തെ വ്യക്തമാക്കിയിരുന്നു.

കേന്ദ്ര സർക്കാർ ഫെഡറലിസത്തിൽ വിശ്വസിക്കുന്നുണ്ടെന്ന മന്ത്രിയുടെ പ്രസ്താവന  സിൽവർ ലൈൻ ചർച്ചകൾ വീണ്ടും സജീവമാക്കിയിട്ടുണ്ട്. കടുത്ത പ്രതിഷേധത്തിനൊടുവിൽ പിന്നോട്ട് പോയ കെ റെയിലിന് വീണ്ടും ശ്രമിക്കുക സംസ്ഥാന സർക്കാരിന് അത്ര എളുപ്പമാകില്ല. കെ റെയിൽ വരും കേട്ടോ എന്ന് പറഞ്ഞ മുഖ്യമന്ത്രിയും സർക്കാരും മുട്ടുമടക്കിയത് സംസ്ഥാനമാകെ ഉയർന്ന പ്രതിഷേധത്തിന് മുന്നിലായിരുന്നു.

ഒപ്പം കെ റെയിലിനോട് നോ പറഞ്ഞ ബിജെപിയുടെ രാഷ്ട്രീയ നിലപാടും കാരണമായി. അങ്ങനെ റെഡ് സിഗ്നൽ വീണ പദ്ധതിയിൽ സംസ്ഥാനത്തിന് പ്രതീക്ഷ നൽകുന്നതാണ് തൃശൂരിൽ റെയിൽവെ മന്ത്രിയുടെ പ്രസ്താവന. പക്ഷേ ട്രാക്കിലെ തടസങ്ങൾ അതികഠിനമാണെന്ന് മാത്രം. കെ റെയിൽ ഡിപിആറിൽ ഏറ്റവുമധികം എതിർപ്പ് ഉയർന്നത് പാരിസ്ഥിതിക പ്രശ്നങ്ങളിലാണ്. ഡിപിആർ മൊത്തം മാറ്റുക എളുപ്പമല്ല. ഭൂമിഏറ്റെടുക്കലിന്‍റെ സാധ്യതാ പഠനം നിർത്തി ഉദ്യോഗസ്ഥരെ വിവിധ വകുപ്പുകളിലേക്ക് തിരിച്ചയച്ചു കഴിഞ്ഞു സംസ്ഥാന സർക്കാർ.

ചെറിയൊരു പ്രതീക്ഷ വെച്ച് അടുത്തിടെ ദില്ലിയിൽ റെയിൽവെ മന്ത്രിയുമായുള്ള ചർച്ചയിൽ മുഖ്യമന്ത്രി കെ റെയിൽ വീണ്ടും ഉന്നയിച്ചിരുന്നു. ഇനി എന്ത് പഠനത്തിനിറങ്ങിയാലും സർക്കാര്‍ വീണ്ടും നേരിടേണ്ടി വരിക അതിശക്തമായ സമരത്തെയാകും. പദ്ധതി നടപ്പക്കാരുതെന്നാവശ്യപ്പെട്ട് കെ റെയിൽ വിരുദ്ധസമിതി കോഴിക്കോട് റെയിൽവേ മന്ത്രിക്ക് നിവേദനം നൽകിയതും ഈ പശ്ചാത്തലത്തിലാണ്.

ഡിപിആർ സമർപ്പിച്ച് നാലുവർഷം പിന്നിട്ടിട്ടും കേന്ദ്രം അംഗീകരിച്ചിട്ടില്ല. ബിജെപിയും രാഷ്ട്രീയ തീരുമാനം മാറ്റണം. ഉപതെരഞ്ഞെടുപ്പ് ചൂടിനിടെ റെയിൽവേ മന്ത്രിയുടെ പ്രസ്താവന കെ റെയിൽ സമരത്തിനിറങ്ങിയ സംസ്ഥാന ബിജെപിയെയും വെട്ടിലാക്കി. നാലു വർഷം പിന്നിട്ടതോടെ ഇനി കെ റെയിൽ നടപ്പാക്കാൻ അധികമായി വേണ്ടത് 20000 കോടി എന്നതും പ്രശ്നമാണ്. ഇതിനിടെ പകുതി ചെലവ് സംസ്ഥാനം വഹിക്കുന്ന മഹാരാഷ്ട്രാ മോഡലിലെങ്കിൽ അങ്കമാലി എരുമേലി ശബരി പാതയ്ക്ക് കേന്ദ്രം പച്ചക്കൊടി കാട്ടുമെന്ന് റെയിൽവേ മന്ത്രി അറിയിച്ചിട്ടുണ്ട്. 

ഭക്ഷണം വാങ്ങാൻ ഇറങ്ങി, ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമം; കണ്ണൂരിൽ ട്രാക്കിലേക്ക് വീണ് പെൺകുട്ടിക്ക് പരിക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios