എറണാകുളത്ത് കര്‍ശന നിയന്ത്രണം, ആലുവയിൽ നിർദ്ദേശം ലംഘിച്ച കടകൾക്ക് കാരണം കാണിക്കൽ നോട്ടീസ്
എറണാകുളം മാർക്കറ്റിൽ നിന്ന് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ നഗരത്തിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ്
കൊച്ചി: കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ കർശനമാക്കി. നിർദ്ദേശങ്ങൾ പാലിക്കാത്ത ആലുവ മാർക്കറ്റിലെ ഏഴ് കടകൾക്ക് കാരണം നഗരസഭ കാണിക്കൽ നോട്ടീസ് നൽകി. എറണാകുളം മാർക്കറ്റിൽ നിന്ന് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ നഗരത്തിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ്. കൊവിഡ് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കുകയാണ്. നിർദ്ദേശങ്ങൾ ലംഘിച്ച് ആലുവ മാർക്കറ്റിൽ സാമൂഹ്യ അകലം പാലിക്കാതെ ആളുകൾ കൂട്ടംകൂടിയതിനെ തുടർന്ന് നഗരസഭ അധികൃതരും പൊലീസുമെത്തി വ്യാപാരികളെ താക്കീത് ചെയ്തു. ആളുകളെ നിയന്ത്രിക്കാൻ പൊലീസ് ബാരിക്കേഡ് കെട്ടി. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാൽ മാർക്കറ്റ് താത്കാലികമായി അടക്കുമെന്ന് നഗരസഭ അധികൃതർ വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകി.
എറണാകുളം മാർക്കറ്റിൽ സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി ഇന്ന് 50 പേരുടെ സാമ്പിൾ കൂടി ശേഖരിക്കും. കണ്ടെയ്ന്‍മെന്‍റ് സോണിൽ പൂക്കാരമുക്ക് മേഖലയിൽ താമസിക്കുന്നവരുടെയും സമീപത്ത വ്യാപാരസ്ഥാപനങ്ങളെ ജീവനക്കാരുടെയും സാമ്പിളാണ് ശേഖരിക്കുക. മാർക്കറ്റിൽ നിന്ന് പന്ത്രണ്ട് പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.
ചേർത്തല പള്ളിത്തോട് സ്വദേശിയായ ഗർഭിണിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരെ ചികിത്സിച്ച മൂന്ന് ഡോക്ടർമാരും നേഴ്സുമാരുമടക്കമുള്ളവർ നിരീക്ഷണത്തിലായി. ചേർത്തല താലൂക്ക് ആശുപത്രിയിലെ പ്രസവ വാർഡ് താത്കാലികമായി അടച്ചു. ഈ സ്ത്രീയുടെ ഭർത്താവ് ജോലി ചെയ്തിരുന്ന ചെല്ലാനം ഹാർബറും മുൻകരുതലിന്റെ ഭാഗമായി അടച്ചിരിക്കുകയാണ്. ഇവരുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. ചെല്ലാനം ഹാർബറിലെ 8 മത്സ്യത്തൊഴിലാളികളും നിരീക്ഷണത്തിലാണ്. ആലപ്പുഴ ജില്ലയിൽ കായംകുളം മാർക്കറ്റിലെ പച്ചക്കറി വ്യാപാരിക്കും പുറത്തിക്കാട് സ്വദേശിയായ മത്സ്യവ്യാപാരിക്കും എവിടെ നിന്നാണ് രോഗം പിടികൂടിയതെന്ന് ഇനിയും വ്യക്തമല്ല. ഇവരുമായി സമ്പർക്കത്തിൽ വന്നവരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചിരിക്കുന്നതിനാൽ കായംകുളം മാർക്കറ്റും നഗരസഭയിലെ എല്ലാ വാർഡുകളും അടച്ചു. തെക്കേക്കര പഞ്ചായത്തും കണ്ടെയ്ൻമെന്റ് സോൺ ആക്കിയിരിക്കുകയാണ്.