അമ്പലപ്പുഴ കൊലപാതകം; നിർണായകമായി മൊബൈൽ ഫോൺ, ജയചന്ദ്രൻ ബസിലുപേക്ഷിച്ചു, പൊലീസിലേൽപിച്ച് കണ്ടക്ടര്‍, വഴിത്തിരിവ്
വിജയലക്ഷ്മിയുടെ ഫോൺ ജയചന്ദ്രൻ ബസിൽ ഉപേക്ഷിച്ചതാണ് പൊലീസിന് സംശയത്തിന് ഇടയാക്കിയത്.
കൊല്ലം: കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ സ്ത്രീയെ അമ്പലപ്പുഴയിൽ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ നിർണായകമായത് മൊബൈൽ ഫോൺ. വിജയലക്ഷ്മിയുടെ ഫോൺ ജയചന്ദ്രൻ ബസിൽ ഉപേക്ഷിച്ചതാണ് പൊലീസിന് സംശയത്തിന് ഇടയാക്കിയത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫായ നിലയിൽ കെഎസ്ആർടിസി ബസിൽ നിന്നും കണ്ടെത്തുകയായിരുന്നു. ബസിലെ കണ്ടക്ടറാണ് മൊബൈൽ ഫോൺ പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചത്. തുടർന്ന് ടവർ ലൊക്കേഷൻ, കോൾ ലിസ്റ്റ് എന്നിവ പരിശോധിച്ചതിൽ നിന്നാണ് ജയചന്ദ്രനിലേക്ക് എത്തിയത്. എറണാകുളം സെൻട്രൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇത് വിജയലക്ഷ്മിയുടെ ഫോണാണെന്ന് കണ്ടെത്തി. വിവരം കരുനാഗപ്പള്ളി പൊലീസിന് കൈമാറുകയായിരുന്നു. തുടർന്നാണ് മിസ്സിംഗ് കേസിൽ വഴിത്തിരിവുണ്ടാകുന്നത്.
വിജയലക്ഷ്മിയുടെ ഫോൺ എറണാകുളത്ത് ബസ് സ്റ്റാന്റിൽ വെച്ചാണ് സ്വിച്ചോഫായത്. ഇക്കാര്യം അടിസ്ഥാനപ്പെടുത്തിയാണ് അന്വേഷണം പുരോഗമിച്ചത്. ഇതിലേക്ക് വന്ന കോളുകളും പൊലീസ് പരിശോധിച്ചു. മാത്രമല്ല, ജയചന്ദ്രന്റെയും വിജയലക്ഷ്മിയുടെയും ഫോൺ ലൊക്കേഷനുകൾ ഒരേയിടത്ത് വന്നിരുന്നു. കസ്റ്റഡിയിലെടുത്ത ജയചന്ദ്രനിൽ നിന്ന് ലഭിച്ച പരസ്പര വിരുദ്ധ മറുപടികളും സംശയത്തിന് ബലമേകി. വിജയലക്ഷ്മിയുടെ ഫോൺ നശിപ്പിക്കാനും ജയചന്ദ്രൻ ശ്രമിച്ചിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ജയചന്ദ്രനുമായി വിജയലക്ഷ്മിക്ക് ബന്ധമുണ്ടായിരുന്നു എന്ന് പൊലീസ് പറയുന്നു. ആദ്യ വിവാഹ ബന്ധം വേർപെടുത്തിയ ആളാണ് വിജയലക്ഷ്മി. ഇവർക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്ന് പൊലീസ് പറയുന്നു. വീടിനടുത്ത് കുഴിച്ചിട്ടെന്നാണ് ജയചന്ദ്രൻ നൽകിയിരിക്കുന്ന മൊഴി. നിർമ്മാണം നടക്കുന്ന വീടിനകത്തും വീടിന്റെ പരിസരത്തും മൃതദേഹം കുഴിച്ചിടാനാണ് സാധ്യതയെന്നാണ് പൊലീസിന്റെ അനുമാനം. വീടിനകത്ത് വസ്തുക്കൾ കൂട്ടിയിട്ട് കത്തിച്ചതായി കാണുന്നുണ്ട്. പ്രതിയുമായി സംഭവസ്ഥലത്തെത്തി പൊലീസ് തെളിവെടുപ്പ് നടത്തും.
അതേ സമയം വിജയലക്ഷ്മി തീർത്ഥാടനത്തിന് പോയതാണെന്നാണ് കരുതിയതെന്ന് സഹോദരൻ കൃഷ്ണസിംഗ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വാടക വീട്ടിൽ ഇവർ ഒറ്റയ്ക്കായിരുന്നു താമസം. കൊല്ലപ്പെട്ടെന്ന വിവരം രാവിലെ പൊലീസ് വിളിച്ചറിയിക്കുകയായിരുന്നു എന്നും കൃഷ്ണ സിംഗ് പറഞ്ഞു.