കോഴിക്കോട്ടെ അവയവം മാറി ശസ്ത്രക്രിയ കേസ്: പിഴവ് അന്വേഷിക്കാൻ മെഡിക്കൽ ബോര്‍ഡ് രൂപീകരിച്ചു

മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും പൊലീസിന്റെ തുടര്‍നടപടികള്‍

Kozhikode surgery fault medical board formed

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ശസ്ത്രക്രിയ പിഴവ് അന്വേഷിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. അടുത്ത മാസം ഒന്നിന് ബോര്‍ഡ് യോഗം ചേര്‍ന്ന് കേസ് പരിശോധിക്കും. നാല് വയസ്സുകാരിക്ക് കൈവിരലിനു പകരം നാവിന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ സംഭവത്തിലാണ് അന്വേഷണം. മെഡിക്കല്‍ നെഗ്ളിജന്‍സ് ആക്ട് പ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ അപേക്ഷ പ്രകാരമാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വിദഗ്ദരെ ഉൾപ്പെടുത്തി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചത്. 

അവയവം മാറി ശസ്ത്രക്രിയയ്ക്ക് വിധേയമായ കുട്ടിയുടെ ചികില്‍സയുമായി ബന്ധപ്പെട്ട രേഖകള്‍, ഡ്യൂട്ടി രജിസ്റ്റര്‍, ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍, ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവര്‍ എന്നിവര്‍ പൊലീസിന് നല്‍കിയ മൊഴി, തുടങ്ങിയവ അടുത്ത മാസം ഒന്നിന് ചേരുന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം പരിശോധിക്കും. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ശേഖരിച്ച വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് ജില്ലാ ആരോഗ്യവകുപ്പ് ഓഫീസര്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കല്‍ കോളേജ് എസിപി സമര്‍പ്പിച്ചിരുന്നു.

മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും പൊലീസിന്റെ തുടര്‍നടപടികള്‍. ചെറുവണ്ണൂര്‍ സ്വദേശികളുടെ മകളായ നാലു വയസുകാരിയുടെ ആറാം വിരല്‍ മാറ്റുന്നതിന് പകരം രക്ഷിതാക്കളെ അറിയിക്കാതെ നാവില്‍ ശസ്ത്രക്രിയ നടത്തിയെന്നാണ് കേസ്. ഏഷ്യാനെറ്റ് ന്യൂസാണ് ഈ വാര്‍ത്ത പുറത്തു കൊണ്ടുവന്നത്. എന്നാല്‍ തെറ്റു പറ്റിയിട്ടില്ലെന്നും കുട്ടിയുടെ നാവില്‍ കെട്ടു കണ്ടപ്പോള്‍ അടിയന്തരമായി ശസ്ത്രക്രിയ ചെയ്തെന്നുമാണ് ഡോക്ടര്‍ ബിജോണ്‍ ജോണ്‍സണ്‍ പൊലീസിന് മൊഴി നല്‍കിയത്. ആറാം വിരല്‍ മാറ്റാനുള്ള ശസ്ത്രക്രിയയ്ക്കായി കുട്ടിയെ പ്രവേശിപ്പിച്ചപ്പോഴാണ് നാവി‍ല്‍ കെട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടതാണെന്നാണ് ഡോക്ടറുടെ വാദം. ഡോക്ടറെ ആരോഗ്യവകുപ്പ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios