Asianet News MalayalamAsianet News Malayalam

'മുങ്ങിയ' ഡോക്ടർമാർക്ക് എട്ടിന്റെ പണിയുമായി ആരോ​ഗ്യവകുപ്പ്, പേര് പ്രസിദ്ധീകരിച്ചു, അടുത്തത് പിരിച്ചുവിടൽ!

നോട്ടീസ് ലഭിച്ചിട്ടും ജോലിക്ക് ഹാജരാകാൻ പലരും തയ്യാറായില്ല. പിന്നാലെയാണ് നടപടിയെടുക്കാൻ ആരോ​ഗ്യവകുപ്പ് തീരുമാനിച്ചത്. പട്ടികയിലുള്ള മിക്ക ഡോക്ടർമാരും ഉയർന്ന ശമ്പളത്തിൽ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവരോ വിദേശത്ത് പോയവരോ ആണ്.

kerala government terminate doctors who did not attend service
Author
First Published Jul 1, 2024, 12:09 PM IST

തിരുവനന്തപുരം: അനധികൃതമായി ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തി. ഹാജരാകാത്ത കാലയളവടക്കം ഉൾപ്പെടുത്തിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. അടുത്ത 15 ദിവസത്തിനകം ഇവരെ സർവീസിൽ നിന്ന് പിരിച്ചുവിടും. 2023 ഒക്ടോബർ വരെ ജോലിക്ക് ഹാജരാക്കത്തവരുടെ പട്ടികയാണ് പുറത്തുവിട്ടത്.

ആരോ​ഗ്യവകുപ്പിൽ ഡോക്ടർമാരുൾപ്പെടെ ഏകദേശം രണ്ടായിരത്തോളം ജീവനക്കാർ ഇങ്ങനെ അനധികൃതമായി വിട്ടുനിൽക്കുന്നുണ്ടെന്നാണ് കണക്ക്. ഡോക്ടർ ഇതര ജീവനക്കാർക്കെതിരെയും നടപടിയുണ്ടാകും. ആരോ​ഗ്യ ഡയറക്ടേറ്റിന് കീഴിലെ 385 ഡോക്ടർമാരുൾപ്പെടെ 432 ജീവനക്കാരെ സർക്കാർ നേരത്തെ പിരിച്ചുവിട്ടിരുന്നു. അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ഡോക്ടർമാർ ഒരുമാസത്തിനകം സർവീസിൽ കയറണമെന്ന് ആരോ​ഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.

Read More... നീറ്റ് പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ആദ്യ പരീക്ഷയിൽ 720/720 നേടിയ ആർക്കും ഇത്തവണ മുഴുവൻ മാർക്കില്ല

എന്നാൽ, നോട്ടീസ് ലഭിച്ചിട്ടും ജോലിക്ക് ഹാജരാകാൻ പലരും തയ്യാറായില്ല. പിന്നാലെയാണ് നടപടിയെടുക്കാൻ ആരോ​ഗ്യവകുപ്പ് തീരുമാനിച്ചത്. പട്ടികയിലുള്ള മിക്ക ഡോക്ടർമാരും ഉയർന്ന ശമ്പളത്തിൽ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവരോ വിദേശത്ത് പോയവരോ ആണ്. ഇവർ വിരമിക്കുന്നതിന് തൊട്ടുമുമ്പെത്തി ജോലിയിൽ പ്രവേശിച്ച് പെൻഷൻ അടക്കമുള്ള ആനുകൂല്യം നേടിയെടുക്കുന്ന പ്രവണത തടയാനും കൂടിയാണ് സർക്കാർ നടപടിയെടുത്തത്. 

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios