കലയുടെ മൃതദേഹം കണ്ടു, മറവ് ചെയ്യാൻ അനിൽ സഹായം തേടി, കൂട്ടുനിന്നില്ല, ഭയന്ന് പുറത്ത് പറഞ്ഞില്ല: മുഖ്യസാക്ഷി
'മൃതദേഹം ആരുമറിയാതെ മറവ് ചെയ്യാൻ സഹായിക്കണമെന്നായിരുന്നു അനിലിൻ്റെ ആവശ്യം. എന്നാൽ കൊലപാതകത്തിന് കൂട്ടു നിൽക്കാനാവില്ലെന്ന് അറിയിച്ച് താൻ മടങ്ങി'
ആലപ്പുഴ: മാന്നാര്‍ കേസിൽ നിര്‍ണായക വിവരങ്ങൾ നൽകിയത് അനിലിൻ്റെ ബന്ധു സുരേഷ്. ആദ്യം പ്രതിപ്പട്ടികയിലായിരുന്നെങ്കിലും സുരേഷിന് കൃത്യത്തിൽ പങ്കുണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. 2009 ൽ അനിൽ വിളിച്ചത് അനുസരിച്ച് താനും സുഹൃത്തുക്കളും വലിയ പെരുമ്പുഴ പാലത്തിലെത്തിയെന്നും പാലത്തിൽ പാർക്ക് ചെയ്തിരുന്ന കാറിൽ കലയുടെ മൃതദേഹം കണ്ടുവെന്നും സുരേഷ് പൊലീസിന് മൊഴി നൽകി.
കല കൊല്ലപ്പെട്ടതായും അബദ്ധം പറ്റിയതാണെന്നും അനിൽ പറഞ്ഞു. മൃതദേഹം ആരുമറിയാതെ മറവ് ചെയ്യാൻ സഹായിക്കണമെന്നായിരുന്നു അനിലിൻ്റെ ആവശ്യം. എന്നാൽ കൊലപാതകത്തിന് കൂട്ടു നിൽക്കാനാവില്ലെന്ന് അറിയിച്ച് താൻ മടങ്ങി. മറ്റുള്ളവര്‍ ചേര്‍ന്ന് മൃതദേഹം മറവു ചെയ്തു. കൊലപാതക വിവരം പുറത്തു പറയാതിരുന്നത് അനിൽകുമാറിന്റെ ഭീഷണി ഭയന്നായിരുന്നുവെന്നും അനിൽകുമാറിന്റെ ബന്ധുവായ സുരേഷ് പറഞ്ഞു. കേസിൽ പരാതിക്കാരനും സുരേഷാണ്.
അതേസമയം നടന്ന സംഭവങ്ങൾ ഒന്നും അറിയില്ലെന്ന് അനിലിന്റെ അച്ഛൻ തങ്കച്ചൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കലയ്ക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടായിരുന്നുവെന്നും ഇത് അറിഞ്ഞപ്പോൾ വിദേശത്തായിരുന്ന അനിലിനെ വിവരം അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അന്ന് ദക്ഷിണാഫ്രിക്കയിലായിരുന്നു അനിൽ. കല വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. ഒന്നര വർഷം കഴിഞ്ഞാണ് അനിൽ നാട്ടിൽ എത്തിയത്. വീട്ടിൽ നിന്ന് പോയ ശേഷം കല തിരിച്ചു വന്നിട്ടില്ല. അനിൽ കൊലപാതകം ചെയ്തെന്നു വിശ്വസിക്കാൻ കഴിയുന്നില്ലെന്നും തങ്കച്ചൻ പറഞ്ഞു.