ഇ പി ഒന്നുകൊണ്ടും ഭയക്കേണ്ടെന്ന് കെ സുരേന്ദ്രൻ; 'പറഞ്ഞതിൽ ഉറച്ചുനിൽക്കണം'; എല്ലാ പിന്തുണയും അറിയിച്ചു
പുസ്‌തക വിവാദത്തിൽ സിപിഎം നേതാവ് ഇ പി ജയരാജനെ പുകഴ്ത്തിയും പിന്തുണ അറിയിച്ചും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ
തൃശ്ശൂർ: ഇപി ജയരാജനെ പുകഴ്ത്തിയും പിന്തുണ അറിയിച്ചും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎം സമ്പൂർണ തകർച്ചയിലേക്ക് പോവുകയാണ്. അതിന്റെ തെളിവാണ് ഇപി ജയരാജൻ്റെ വെളിപ്പെടുത്തലുകൾ. അധികാരവും സമ്പത്തും ഒരു കുടുംബത്തിലേക്ക് കേന്ദ്രീകരിക്കുന്നുവെന്ന് ഇ പി പറഞ്ഞുവെക്കുന്നു. പിണറായി വിജയൻ്റെ കുടുംബാധിപത്യമാണ് പാർട്ടിയിൽ. മരുമകനിലേക്ക് അധികാര കൈമാറ്റം നടത്താനുള്ള വ്യഗ്രതയിലാണ് മുഖ്യമന്ത്രിയെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.
ഇ.പി ജയരാജനെയും തോമസ് ഐസക്കിനെയും എംഎ ബേബിയേയും ഒക്കെ ഒഴിവാക്കിയാണ് സിപിഎം മുന്നോട്ട് പോകുന്നത്. ഇ പി ഒന്നും കൊണ്ടും ഭയക്കേണ്ടതില്ല. സിപിഎമ്മിൻ്റെ മുതിർന്ന നേതാവാണദ്ദേഹം. കേന്ദ്ര കമ്മിറ്റി അംഗമാണ്. അദ്ദേഹം പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കണം. ഇ പിയോട് പിണറായിയും പാർട്ടിയും കാണിച്ചത് നീതി നിഷേധമാണ്. ബിനോയ് വിശ്വം ഉൾപ്പെടെയുള്ളവരെ പ്രകാശ് ജാവ്‌ദേക്കർ കണ്ടിട്ടുണ്ട്. എന്നിട്ടും എന്തിനാണ് ഇ പിക്കെതിരെ മാത്രം നടപടിയെടുത്തത്. പാലക്കാട് പി സരിനെ സിപിഎം സ്ഥാനാർത്ഥിയാക്കിയത് യുഡിഎഫിനെ സഹായിക്കാനാണെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.