എല്‍ജിബിറ്റിക്യു നാട്ടിലെ തല്ലിപ്പൊളി പണി; കുട്ടികളുടെ മനസില്‍ ജന്റർ കൺഫ്യൂഷൻ ഉണ്ടാക്കുന്നുവെന്ന് കെഎം ഷാജി
എല്‍ജിബിറ്റിക്യു നാട്ടിൻ പുറത്തെ തല്ലിപ്പൊളി പരിപാടിയാണ്. അതിനെ കളറാക്കാനുള്ള ശ്രമമാണ് നിലവില്‍ നടക്കുന്നതെന്നും കെഎം ഷാജി ആരോപിച്ചു. പ്രകൃതിയുടെ ഏറ്റവും മനോഹാരിതയാണ് ആണും പെണ്ണും എന്നത്
മലപ്പുറം: സ്കൂളിലെ സർ, മാഡം വിളി ഒഴിവാക്കിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി മുന്‍ എംഎല്‍എ കെഎം ഷാജി. ചെയ്യുന്നത് അപകടം പിടിച്ച പണിയെന്ന് കെഎം ഷാജി പറഞ്ഞു. കുട്ടികളുടെ മനസിനകത്തേക്ക് വിഷം നിറക്കുന്നുവെന്നും അവരുടെ മനസില്‍ ജന്റർ കൺഫ്യൂഷൻ ഉണ്ടാക്കുകയാണ് ചെയ്യുന്നതെന്നും കെഎം ഷാജി ആരോപിച്ചു. വലുതായതിന് ശേഷം ജന്റർ തീരുമാനിച്ചാൽ മതിയെന്ന് പറയുന്നത് മണ്ടത്തരം. ജൻറർ ആളുകൾ തീരുമാനിക്കട്ടെ എന്ന് പറയുന്നത് അപകടമാണെന്നും കെഎം ഷാജി പറയുന്നു. കേരളത്തിലെ സർക്കാർ എന്തിനാണ് വിശ്വാസത്തിൽ കയറി ഇടപെടുന്നതെന്നും കെഎം ഷാജി ചോദിക്കുന്നു.
എല്‍ജിബിറ്റിക്യു അംഗീകരിക്കുന്നില്ലന്നും കെ എം ഷാജി പറഞ്ഞു. എല്‍ജിബിറ്റിക്യു നാട്ടിൻ പുറത്തെ തല്ലിപ്പൊളി പരിപാടിയാണ്. അതിനെ കളറാക്കാനുള്ള ശ്രമമാണ് നിലവില്‍ നടക്കുന്നതെന്നും കെഎം ഷാജി ആരോപിച്ചു. പ്രകൃതിയുടെ ഏറ്റവും മനോഹാരിതയാണ് ആണും പെണ്ണും എന്നത്. ഇന്ത്യ ലോകത്ത് വ്യത്യസ്തമായി നില്‍ക്കുന്നത് ഈ വര്‍ണ്ണ, വര്‍ഗ്ഗ വൈജാത്യങ്ങളുടെ മനോഹാരിത കൊണ്ടാണ്. ഈ വ്യത്യസ്തത തന്നെ സൌന്ദര്യമാണ്. ലോകത്തില്‍ മനുഷ്യന് മാത്രമല്ല ജെന്‍റര്‍ ഉള്ളത്. ചെടീയില്‍ ആണും പെണ്ണുമുണ്ട്. മണ്ണിലും നദിയിലും വായുവിലും പക്ഷി മൃഗാദികളിലും ആണും പെണ്ണുമുണ്ട്. ചെറിയ വിഷമല്ല ഇത്. കേരളത്തിലെ ഗവണ്‍മെന്‍റ് വളരെ ആസൂത്രിതമായി ഒരു സമൂഹത്തിനിടയില്‍ അവരുടെ വിശ്വാസ ജീവിത സംസ്കാര രീതികളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്.
ഇത് വിശ്വാസത്തിന്‍റെ കൂടി പ്രശ്നമാണ്. ലോകത്തിലെ ഒരു വിശ്വാസികളും ഇത് അംഗീകരിക്കില്ല. എല്‍ജിബിറ്റിക്യു എന്ന് കേള്‍ക്കുമ്പോള്‍ എന്തോ കാര്യപ്പെട്ട പണിയായി തോന്നുമെങ്കിലും അത് അങ്ങനെ അല്ല നാട്ടുംപുറത്തെ തല്ലിപ്പൊളി പണിയാണ്. ആ പണിയെടുക്കുന്നവര്‍ ഏറ്റം മോശമാണ്. ഈ പദം പോലും അപകടകരമായാണ്. ഈ ഹോര്‍മോണല്‍ തകരാറ് പരിഹരിക്കാന്‍ കൌണ്‍സിലിംഗ് അടക്കം ഒരുപാട് മാര്‍ഗങ്ങളുണ്ടെന്നും കെഎം ഷാജി പറയുന്നു. ലിംഗ വ്യത്യാസമില്ലാതെ അധ്യാപകരെ ടീച്ചർ എന്ന് വിളിക്കണമെന്ന് ബാലാവകാശ കമ്മീഷൻ കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്.
അധ്യാപകരെ ആദര സൂചകമായി അഭിസംബോധന ചെയ്യാൻ കഴിയുന്ന അനുയോജ്യമായ പദമാണ് ടീച്ചര്‍. ടീച്ചർ വിളിയിലൂടെ തുല്യത നിലനിർത്താനും, കുട്ടികളോടുളള അടുപ്പം കൂട്ടാനും സ്‌നേഹാർദ്രമായ സുരക്ഷിതത്വം കുട്ടികൾക്ക് അനുഭവിക്കാനും കഴിയുമെന്നാണ് ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ കെ.വി. മനോജ്കുമാർ, അംഗം സി. വിജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ചിന്‍റെ ഉത്തരവിലുള്ളത്. സർ, മാഡം തുടങ്ങിയ ഒരു പദവും ടീച്ചർ പദത്തിനോ സങ്കൽപ്പത്തിനോ തുല്യമാകില്ലെന്നാണ് കമ്മീഷൻ വിലയിരുത്തൽ. സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് ബാലവകാശ കമ്മീഷൻ നിര്‍ദ്ദേശം നൽകിയിരുന്നു.