കൊവിഡ് 19: മെഡിക്കല്‍ കോളജുകള്‍ പഴയ പടി; ആശങ്കയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍
ഡോക്ടര്‍മാര്‍ അടക്കമുളള ആരോഗ്യ പ്രവര്‍ത്തകരില്‍ രോഗം പടരുമ്പോഴും ,ആശുപത്രികളിലെ തിരക്ക് പഴയ പടി തന്നെ. കൊവിഡ് പരിശോധനയ്ക്കായി മണിക്കൂറുകള്‍ കാത്തു നില്‍ക്കേണ്ടി വരുന്നതായി മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് ചികിത്സക്കായി ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ തുടങ്ങിയിട്ടും മെഡിക്കല്‍ കോളജുകളിലെ സാഹചര്യത്തിന് മാറ്റമില്ല. ഡോക്ടര്‍മാര്‍ അടക്കമുളള ആരോഗ്യ പ്രവര്‍ത്തകരില്‍ രോഗം പടരുമ്പോഴും ,ആശുപത്രികളിലെ തിരക്ക് പഴയ പടി തന്നെ. കൊവിഡ് പരിശോധനയ്ക്കായി മണിക്കൂറുകള്‍ കാത്തു നില്‍ക്കേണ്ടി വരുന്നതായി മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
ഒരു ഡോക്ടറുടെ അനുഭവം ഇങ്ങനെ -
മൂന്നര മണിക്കൂര്‍ നീണ്ട കാത്തു നില്‍പ്പിനു ശേഷം ഒടുവില്‍ എന്‍റെ സ്രവവും പരിശോധനയ്ക്കെടുത്തു. വലിയ തിരക്കായിരുന്നതിനാല്‍ മറ്റ് രോഗികളില്‍ നിന്ന് അല്‍പം മാറിയാണ് ഞങ്ങള്‍ നിന്നത്. പേരു വിളിക്കുന്നത് കേള്‍ക്കാന്‍ കഴിയില്ലെന്നതിനാല്‍ അടുത്തുവന്നു നില്‍ക്കാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടു.
അല്‍പം കഴിഞ്ഞപ്പോള്‍ ഒരു നഴ്സ് വരികയും തൊട്ടടുത്തു നില്‍ക്കുന്ന ആള്‍ കൊവിഡ് പോസിറ്റീവ് ആണെന്നും അല്‍പം മാറി നില്‍ക്കണമെന്നും പറഞ്ഞു. അതിനിടെ പൊലീസുകാര്‍ ചിലരെ കൊണ്ടുവന്നു, അവരുടെ സ്രവസാംപിള്‍ ഉടനടി ശേഖരിക്കുകയും നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.
ഞങ്ങള്‍ക്കൊപ്പം ടെസ്റ്റിനായി കാത്തു നില്‍ക്കുന്നവരില്‍ ആന്‍റിജന്‍ ടെസ്റ്റില്‍ പോസിറ്റീവായ നാല് അഞ്ച് പേരും ഉണ്ടായിരുന്നു, ഏറെ നേരത്തെ കാത്തുനില്‍പ്പിനു ശേഷം ഞങ്ങളുടെ സ്രവവും എടുത്തു.
ക്യൂ നില്‍ക്കുന്നതിലോ കാത്തു നില്‍ക്കുന്നതിലോ ഞങ്ങള്‍ക്ക് പരാതിയില്ല, പക്ഷേ രോഗികള്‍ക്കൊപ്പം കാത്തു നില്‍ക്കുന്നതില്‍ നിന്ന് ജോലി ചെയ്യുന്ന ഡോക്ടര്‍മാരെയെങ്കിലും ഒഴിവാക്കണം.