Asianet News MalayalamAsianet News Malayalam

ഒടുവിൽ സമ്മർദ്ദങ്ങൾക്ക് വഴങ്ങി സർക്കാർ; എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ അന്വേഷണത്തിന് ഉത്തരവ്

മുന്നണിയോഗത്തിൽ മുഖ്യമന്ത്രി അന്വേഷണം പറഞ്ഞിട്ടും ഉത്തരവിറക്കിയിരുന്നില്ല. എഡിജിപിക്കൊപ്പം നേതാക്കളെ കണ്ടവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. 

government Order for inquiry into ADGP mr ajith kumar-RSS meeting
Author
First Published Sep 25, 2024, 10:52 AM IST | Last Updated Sep 25, 2024, 12:53 PM IST

തിരുവനന്തപുരം: ആർഎസ്എസ് നേതാക്കളുമായി എഡിജിപി എംആർ അജിത് കുമാർ നടത്തിയ കൂടിക്കാഴ്ചയിൽ ഒടുവിൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. ഡിജിപിയോട് അന്വേഷിക്കാനാണ് ഉത്തരവ്. കൂടിക്കാഴ്ചയെ കുറച്ച് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ച് 20 ദിവസം കഴിഞ്ഞാണ് അന്വേഷണം പ്രഖ്യാപിക്കുന്നത്. 

ആഴ്ചകളായി രാഷ്ട്രീയകേരളത്തെ ഇളക്കിമറിക്കുന്ന എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയിലാണ് ഒടുവിൽ അന്വേഷണം പ്രഖ്യാപിച്ചത്. ആർഎസ്എസ് നേതാക്കളെ കണ്ടെന്ന് എഡിജിപി മുഖ്യമന്ത്രിയോട് സമ്മതിച്ചിട്ടും ഒരന്വേഷണവും ഇതുവരെ ഉണ്ടായില്ല. എഡിജിപിയെ മാറ്റണമെന്ന് പ്രതിപക്ഷം മാത്രമല്ല എൽഡിഎഫ് യോഗത്തിൽ സിപിഐ അടക്കമുള്ള ഘടകകക്ഷികളും ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്വേഷണം നടക്കട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞതല്ലാതെ ഉത്തരവോ നിർദ്ദേശമോ വന്നില്ല. അൻവറിൻറെ പരാതിയിലെ ഡിജിപി തല അന്വേഷണം മാത്രമായിരുന്നു നടക്കുന്നത്. ഇല്ലാത്ത അന്വേഷണ റിപ്പോർട്ടിനായി കാത്തിരിക്കാനായിരുന്നു ഇതുവരെ അജിത് കുമാറിനെ മാറ്റാൻ മുറവിളി കൂട്ടിയ ഘടകക്ഷികളോട് മുഖ്യമന്ത്രി നിർദ്ദേശിച്ചത്. 

ആർഎസ്എസ് കൂടിക്കാഴ്ചയിൽ അന്വേഷണമില്ലെന്ന വിവരം പുറത്തുവന്നതോടെയാണ് ഉത്തരവിറക്കാൻ സർക്കാർ നിർബന്ധിതരായത്. ആർഎസ്എസിൻ്റെ നമ്പർ ടു നേതാവായ ദത്താത്രേയ ഹൊസബാളെയുമായി മാത്രമല്ല. മറ്റൊരു ഉന്നത നേതാവ് റാം മാധവുമായും എഡിജിപി കൂടിക്കാഴ്ച നടത്തിയിരുന്നു. ദത്താത്രേയയെ കണ്ടത് തൃശൂരിലെ ആർഎസ്എസ് ക്യാമ്പിൽ വെച്ച്, അതും ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സുഹൃത്തായ ആർഎസ്എസ് നേതാവിനൊപ്പമാണ്. തൃശൂരിലെ കൂടിക്കാഴ്ച കഴിഞ്ഞ് പത്ത് ദിവസത്തിനുള്ളിലായിരുന്നു കോവളത്ത് റാം മാധവുമായുള്ള കൂടിക്കാഴ്ച. അതിൽ ചില ബിസിനസ് പ്രമുഖരുമുണ്ടായിരുന്നു. 

എന്ത് സ്വകാര്യകാര്യത്തിനാണ് എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടത്. ആരൊക്കെ ഒപ്പമുണ്ടായിരുന്നു. എന്ത് കൊണ്ട് അന്വേഷണം ഇത്ര വൈകി. ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതിരിക്കെയാണ് ഡിജിപിയുടെ അന്വേഷണം വരുന്നത്. എഡിജിപിയുടെ കൂടിക്കാഴ്ചക്ക് അവസരം ഒരുക്കിയ ആർഎസ്എസ് നേതാവുും സുഹൃത്തുമായ ജയകുമാറിൻറെ മൊഴിയെടുക്കാൻ അന്വേഷണ സംഘം നോട്ടീസ് നൽകി. കൂടിക്കാഴ്ച്ച നേരത്തെ ജയകുമാറും സ്ഥിരീകരിച്ചിരുന്നു. അജിത് കുമാറിൻറെയും മൊഴി ഉടൻ രേഖപ്പെടുത്തും. സിപിഎം എന്നും തുറന്നെതിർക്കുന്ന ആർഎസ്എസിൻ്റെ പ്രമുഖ നേതാക്കളെ കണ്ട എഡിജിപിക്ക് ഇതുവരെ മുഖ്യമന്ത്രി നൽകിയത് അസാധാരണ സംരക്ഷണമാണ്. പുതിയ അന്വേഷണം വരുമ്പോഴും അജിത് കുമാറിൻറെ കസേരക്ക് ഇതുവരെ മാറ്റമില്ല. 
 

'കുറ്റക്കാരെ സർവ്വീസിൽ തിരിച്ചെടുത്തത് ഭരിക്കുന്നവരുടെ പിടിപ്പുകേട്'; രൂക്ഷവിമര്‍ശനവുമായി സിദ്ധാർത്ഥന്‍റെ അമ്മ

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios