നിറയെ അശ്ലീലവും അപവാദവും, ഊമക്കത്തുകൾ കൊണ്ട് പൊറുതിമുട്ടി ഒരു നാട്
ഗ്രാമവാസികളിൽ പലർക്കും ഇതുപോലെയുള്ള കത്തുകൾ ലഭിച്ചിരുന്നതായി പറയപ്പെടുന്നു. അതിൽ ഒരു ഗ്രാമവാസിക്ക് ലഭിച്ച കത്തിൽ പറയുന്നത്, നിങ്ങൾക്ക് കാൻസർ വരണമെന്ന് താൻ ആഗ്രഹിക്കുന്നു എന്നാണ്.
ഊമക്കത്തുകൾ കിട്ടുക എന്നത് പണ്ട് ഇഷ്ടം പോലെ സംഭവിക്കുന്ന കാര്യമാണ്. എന്നാൽ, ഇപ്പോൾ ആളുകൾ കത്തുകളേ എഴുതാറില്ല, എന്നിട്ടല്ലേ ഊമക്കത്ത്. എന്തുതന്നെ ആയാലും ഊമക്കത്തുകളുടെ പേരിൽ പ്രസിദ്ധമായ ഒരു സ്ഥലമുണ്ട് അങ്ങ് യുകെയിൽ. അതാണ്, ഷിപ്പ്ടോൻതോർപ്പ്.
ഏകദേശം 500 പേരാണ് ഈ നാട്ടിൽ ജീവിക്കുന്നത്. അവിടെ കഴിഞ്ഞ രണ്ട് വർഷങ്ങളായി ആളുകളെ അസ്വസ്ഥമാക്കുന്ന ഊമക്കത്തുകൾ വന്നുകൊണ്ടിരിക്കുകയാണത്രെ. ഇതുമായി ബന്ധപ്പെട്ട് ഒരു പൊലീസ് അന്വേഷണം നടക്കുകയാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു. തികച്ചും അശ്ലീവും വ്യക്തിപരമായി ആളുകളെ ലക്ഷ്യം വച്ചുള്ളതുമൊക്കെയായ കത്തുകളാണ് ഓരോ വീടിന്റെയും ലെറ്റർബോക്സിൽ കണ്ടെത്തുന്നത്.
2022 -ലാണ് സോഫി (പേര് സാങ്കല്പികം) എന്ന സ്ത്രീക്ക് അത്തരത്തിൽ ഒരു കത്ത് കിട്ടിയത്. അത് വായിച്ചപ്പോൾ താൻ ഞെട്ടിപ്പോയി എന്നാണ് സോഫി പറയുന്നത്. ബിബിസിയോട് സംസാരിക്കുന്നതിനിടയിൽ അവർ പറഞ്ഞത്, താൻ ഒരു മോശം സ്ത്രീയാണ് എന്നും, രാഷ്ട്രീയത്തിൽ എന്തെങ്കിലും ആയിത്തീരണമെങ്കിൽ പുരുഷന്മാരെ തൃപ്തിപ്പെടുത്തണം എന്നുമായിരുന്നു കത്തിലുണ്ടായിരുന്നത് എന്നുമാണ്.
കത്തുകളെ കുറിച്ച് തങ്ങൾക്ക് പരാതി ലഭിച്ചിട്ടുണ്ട് എന്ന് ഹംബർസൈഡ് പൊലീസ് ബിബിസിയോട് സ്ഥിരീകരിച്ചു. സിസിടിവി ക്യാമറകൾ പരിശോധിക്കുന്നത് ഉൾപ്പടെയുള്ള അന്വേഷണങ്ങൾ അന്ന് നടന്നിരുന്നു എന്നും എന്നാൽ ആ കത്തിലെന്തൊക്കെയാണ് പറഞ്ഞിരിക്കുന്നത് എന്ന് അറിയാത്തതിനാൽ കൂടുതൽ അന്വേഷണം സാധ്യമല്ല എന്നും പൊലീസ് പറയുന്നു.
സോഫിക്ക് പിന്നെയും രണ്ട് കത്തുകൾ കൂടി ഇതുപോലെ ലഭിച്ചിരുന്നു. സോഫിക്ക് മാത്രമല്ല, മറ്റ് ഗ്രാമവാസികളിൽ പലർക്കും ഇതുപോലെയുള്ള കത്തുകൾ ലഭിച്ചിരുന്നതായി പറയപ്പെടുന്നു. അതിൽ ഒരു ഗ്രാമവാസിക്ക് ലഭിച്ച കത്തിൽ പറയുന്നത്, നിങ്ങൾക്ക് കാൻസർ വരണമെന്ന് താൻ ആഗ്രഹിക്കുന്നു എന്നാണ്. ചില ഗ്രാമവാസികളൊക്കെ ഊമക്കത്തുകൾ കാരണം ഇവിടം വിട്ട് പോയിക്കഴിഞ്ഞു.
എന്തായാലും, ഇത് ആദ്യമായിട്ടല്ല ഒരു ഗ്രാമത്തിൽ ആളുകളെ ഉറക്കം കെടുത്തുന്ന ഇതുപോലുള്ള കത്തുകൾ വരുന്നത്. 1920 -ൽ ലിറ്റിൽഹാംപ്ടണിലും സമാനമായ സംഭവം നടന്നിട്ടുണ്ട്.