തൃശൂർ പൂരം അലങ്കോലമായ ദിനം സുരേഷ് ഗോപി എത്തിയത് സേവാഭാരതി ആംബുലൻസിൽ; ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന്
പൂരം അലങ്കോലമായ ദിവസം തിരുവമ്പാടിയിലെക്കാണ് സുരേഷ് ഗോപി ആംബുലൻസിൽ വന്നത്. സേവാഭാരതി ആംബുലൻസാണ് സുരേഷ് ഗോപി ഇതിനായി ഉപയോഗിച്ചത്
തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലമായ ദിനം സുരേഷ് ഗോപി ആംബുലൻസിൽ വന്നിറങ്ങുന്ന വീഡിയോ പുറത്ത്. പൂരം അലങ്കോലമായ ദിവസം തിരുവമ്പാടിയിലെക്കാണ് സുരേഷ് ഗോപി ആംബുലൻസിൽ വന്നത്. സേവാഭാരതി ആംബുലൻസിലാണ് സുരേഷ് വന്നിറങ്ങുന്നത്. രോഗികളെ കൊണ്ട് പോകാൻ ഉപയോഗിക്കുന്ന ആംബുലൻസില്‍ എൻഡിഎ സ്ഥാനാര്‍ത്ഥി വന്നിറങ്ങിയത് അന്ന് വലിയ വിവാദമായിരുന്നു.
പൂരം നിര്‍ത്തിവയ്ക്കുന്ന സാഹചര്യത്തില്‍ ആദ്യം എത്തിയത് സുരേഷ് ഗോപി ആയിരുന്നു. ആംബുലൻസില്‍ സുരേഷ് ഗോപിയെ എത്തിച്ചതില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് എല്‍ഡിഎഫും കോണ്‍ഗ്രസും ആ ഘട്ടത്തില്‍ തന്നെ ഉയര്‍ത്തിയിരുന്നു. ഈ ആരോപണങ്ങൾക്ക് ബലം പകരുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. പൂരത്തിന്‍റെ പ്രധാന ചടങ്ങുകളില്‍ ഒന്നും പ്രത്യക്ഷപ്പെടാതെയിരുന്ന എൻഡിഎ സ്ഥാനാര്‍ത്ഥി സേവാഭാരതി ആംബുലൻസില്‍ ആ സമയം വന്നുവെന്നുള്ളത് ദുരൂഹമാണെന്ന് സിപിഐ നേതാവ് വി എസ് സുനില്‍ കുമാര്‍ പറഞ്ഞു.
ആംബുലൻസ് രോഗികളെ കൊണ്ട് പോകുന്നതിനുള്ള സംവിധാനമാണ്. മറ്റ് ആവശ്യങ്ങൾക്കായി ആംബുലൻസ് ഉപയോഗിക്കാൻ പാടില്ലാത്തതാണ്. റവന്യ മന്ത്രി കെ രാജനും താനും അടക്കം നടന്നാണ് അവിടേക്ക് എത്തിയത്. വാഹനങ്ങൾക്ക് അങ്ങോട്ട് വിട്ടിരുന്നില്ല. പൂരം അലങ്കോലപ്പെട്ടതും അതിന് കാരണം ഇടതുപക്ഷ മുന്നണിയാണെന്നുള്ള പ്രചാരണവും സുരേഷ് ഗോപിയുടെ ആംബുലൻസിലുള്ള വരവുമെല്ലാം ബന്ധപ്പെട്ട് കിടക്കുന്നതാണെന്നും വി എസ് സുനില്‍ കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേസമയം, തൃശൂർ പൂരം കലക്കലിൽ തുടരന്വേഷണം പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി സൂചന നൽകിയിട്ടുണ്ട്. എഡിജിപിയുടെ റിപ്പോർട്ടിന്മേൽ ആഭ്യന്തരവകുപ്പ് സെക്രട്ടറിയുടെ ശുപാർശ പരിഗണിച്ച് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിൽ വ്യക്തമാക്കി. പൂരം റിപ്പോർട്ടിന്മേലുള്ള തുടർനടപടി വേണമെന്ന് സിപിഐ മന്ത്രിമാരടക്കം കാബിനറ്റിൽ ആവശ്യപ്പെട്ടിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം