ടൂറിസം വകുപ്പിന്റെ പേരില്‍ തട്ടിപ്പ്; പഴയ കാറുകള്‍ വില്‍പ്പനയ്ക്കെന്ന് വ്യാജ ഉത്തരവുണ്ടാക്കി പണം തട്ടി
കാറുകൾ വാങ്ങാനുള്ള ഉത്തരവുമായി ടൂറിസം വകുപ്പിനെ സമീപിച്ചപ്പോഴാണ് സർക്കാർ മുദ്രയോടെ ഇറക്കിയത് വ്യാജ ഉത്തരവാണെന്ന് തിരിച്ചറിഞ്ഞത്.
കൊച്ചി: ടൂറിസം വകുപ്പിന്‍റെ പഴയ കാറുകൾ വിൽപ്പനയ്ക്കെന്ന പേരിൽ സർക്കാരിന്‍റെ വ്യാജ ഉത്തരവ് നിർമ്മിച്ച് തട്ടിപ്പ്. കാലടിയിലെ കുടുംബത്തെ വഞ്ചിച്ചാണ് തിരുവനന്തപുരം സ്വദേശി പ്രവീൺ ഒരു ലക്ഷം രൂപ തട്ടിയത്. കാറുകൾ വാങ്ങാനുള്ള ഉത്തരവുമായി ടൂറിസം വകുപ്പിനെ സമീപിച്ചപ്പോഴാണ് സർക്കാർ മുദ്രയോടെ ഇറക്കിയത് വ്യാജ ഉത്തരവാണെന്ന് തിരിച്ചറിഞ്ഞത്.
ഇക്കഴിഞ്ഞ 17നാണ് വിനോദ സഞ്ചാര വകുപ്പിന്‍റെ പേരിൽ വ്യാജ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. കാലടി സ്വദേശിയായ ജോർജ്ജിന്‍റെ അപേക്ഷ പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിന്‍റെ പഴയ കാറുകൾ ക്വട്ടേഷൻ അടിസ്ഥാനത്തിൽ വാങ്ങി വിൽക്കാൻ അനുമതി നൽകുന്നതാണ് ഉത്തരവ്. കെട്ടിലും മട്ടിലുമെല്ലാം നല്ല ഒന്നാംതരം ഉത്തരവ്. എന്നാൽ ഉത്തരവുമായി കാറുകൾ വാങ്ങാൻ ടൂറിസം സെക്രട്ടറിയെ കണ്ടപ്പോഴാണ് വഞ്ചന തിരിച്ചറിഞ്ഞത്.
നീലീശ്വരത്തെ ജോർജ്ജിന്‍റെ വീട്ടൽ രണ്ട് മാസം മുൻപാണ് പ്രവീൺ ബി മോനോൻ എന്ന് പരിചയപ്പെടുത്തിയ ആൾ വാടകയ്ക്ക് താമസത്തിനെത്തിയത്. മന്ത്രി വി എൻ വാസവന്‍റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നുവെന്നും അനാരോഗ്യം കാരണം ക്ഷേമനിധി ഓഫീസിലേക്ക് മാറ്റം വാങ്ങിയതാണെന്നാണ് ധരിപ്പിച്ചത്. വിശ്വാസം പിടിച്ചുപറ്റാൻ നേതാക്കൾക്കൊപ്പമുള്ള ഫോട്ടോയും നൽകിയിരുന്നു. നാല് ഗഡുവായിട്ടാണ് വ്യജ ഉത്തരവിനുള്ള പണം ഇയാൾ കൈപ്പറ്റിയത്. 14 കാറുകൾ വാങ്ങാനുള്ള ഉത്തരവാണ് വ്യാജമായി നിർമ്മിച്ചത്. ചെറിയ വിലയിൽ കാറ് വാങ്ങി വൻ വിലയിൽ മറച്ചുവിൽക്കാം എന്നായിരുന്നു കുടുംബം കരുതിയത്. വ്യാജ ഉത്തരവ് നിർമ്മിച്ച വഞ്ചിച്ച പ്രവീണിനെതിരെ ജോർജ്ജ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രവീൺ കൊല്ലം സ്വദേശിയിൽ നിന്ന് കാർ വങ്ങിയും വഞ്ചന നടത്തിയെന്ന പരാതിയും പൊലീസിന് ലഭിച്ചിട്ടുണ്ട്.