കേരളത്തിലെ ഉയരുന്ന കൊവിഡ് കേസുകള്‍; ആശങ്ക വേണ്ടെന്ന് ദേശീയതലത്തില്‍ ആരോഗ്യവിദഗ്ധര്‍, ജാഗ്രത തുടരുന്നു
രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന കൊവിഡ് കണക്കുകളാണ് കേരളത്തിലേത് എങ്കിലും, കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ച വിദഗ്ധ യോഗത്തിൽ വലിയ ആശങ്ക വേണ്ടെന്നാണ് പൊതു അഭിപ്രായമുയർന്നത്.
തിരുവനന്തപുരം: ഉയരുന്ന കൊവിഡ് കേസുകളിൽ കേരളത്തിന് വലിയ ആശങ്ക വേണ്ടെന്ന് ദേശീയതലത്തിൽ ആരോഗ്യവിദ്ധർ പറയുമ്പോഴും ജാഗ്രത തുടരാനാണ് സംസ്ഥാനത്തിന്റെ തീരുമാനം. സ്കൂളുകൾ തുറക്കുന്നത് അടക്കമുള്ള ഇളവുകളിൽ വളരെ കരുതലോടെയാവും തീരുമാനം. രോഗവ്യാപനവും മൂന്നാം തരംഗം പടിവാതിക്കൽ എത്തിനിൽക്കുന്നതും കണക്കിലെടുത്താവും പ്രതിരോധ നടപടികൾ.
രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന കൊവിഡ് കണക്കുകളാണ് കേരളത്തിലേത് എങ്കിലും, കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ച വിദഗ്ധ യോഗത്തിൽ വലിയ ആശങ്ക വേണ്ടെന്നാണ് പൊതു അഭിപ്രായമുയർന്നത്. സ്കോട്ട്ലൈൻഡും, കൊറിയയും അടക്കമുള്ള രാജ്യങ്ങളിലെ കൊവിഡ് പ്രതിരോധ മാർഗങ്ങൾ ചൂണ്ടിക്കാണിച്ചാണ് കേരളം കൂടുതൽ തുറക്കണമെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്. രോഗികൾ ഉയരുന്നതിൽ തത്കാലത്തേക്ക് ആശങ്ക വേണ്ട. ഗുരുതര രോഗികളുടെ എണ്ണം താങ്ങാനാവാത്ത തോതിലേക്ക് എത്താത്തതാണ് ഇപ്പോഴും കേരളത്തിന് ആശ്വാസം എന്ന് ലോകത്തെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള വിദഗ്ധർ പറയുന്നു.
ദേശീയതലത്തിൽ തന്നെ കേരളം വലിയ വിമർശനം നേരിടുമ്പോഴാണ്, അത്ര മോശം സ്ഥിതിയിലല്ല കേരളത്തിലുള്ളത് എന്നാണ് വിദഗ്ധർ പറയുന്നത്. ഇത് ആശ്വാസമാകുമ്പോഴും സ്കൂളുകൾ തുറക്കാനുള്ള നിർദ്ദേശം ഒറ്റയടിക്ക് പാലിക്കില്ല. മുതിർന്ന വിദ്യാർത്ഥികൾക്ക് ആദ്യം എന്ന നിലനിലയിൽ ഘട്ടം ഘട്ടമായി മാത്രം സ്കൂൾ തുറക്കാനാണ് ആലോചന. ശനിയാഴ്ചയാണ് അവലോകന യോഗം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona