കായംകുളം മാർക്കറ്റിൽ പച്ചക്കറി വ്യാപാരിക്കും മകൾക്കും കൊവിഡ്; മാർക്കറ്റ് അടച്ചിടാൻ നിർദ്ദേശം നൽകി
കായംകുളത്ത് സ്ഥിതി ഗുരുതരമാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ഉറവിടം അറിയാത്തതാണ് ഇവിടെ പ്രതിസന്ധിയാകുന്നത്. മുൻകരുതൽ എന്ന നിലയിൽ കായംകുളം മാർക്കറ്റ് അടയ്ക്കാൻ ആരോഗ്യ വകുപ്പ് നഗരസഭയ്ക്ക് നിർദ്ദേശം നൽകി.
ആലപ്പുഴ: കായംകുളം മാർക്കറ്റിലെ പച്ചക്കറി വ്യാപാരിക്കും മകൾക്കും കൊവിഡ് സ്ഥിരീകരിച്ചു. വ്യാപാരി കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സിയിലാണ്. ഇയാളുടെ സ്ഥിതി ഗുരുതരമാണ്. അച്ഛനെ പരിചരിക്കാൻ മകൾ കൊല്ലത്ത് പോയിരുന്നു. ഇന്ന് വൈകീട്ട് ആറ് മണിക്ക് ശേഷമാണ് മകളുടെ രോഗം സ്ഥിരീകരിച്ചത്. ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഇരുവർക്കും രോഗം സ്ഥിരീകരിച്ചതോടെ ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട ഇരുപതിലധികം പേരുടെ സാമ്പിൾ പരിശോധനയ്ക്ക് എടുക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരുടെ കുടുംബാംഗങ്ങളുടെ സ്രവസാമ്പിൾ നേരത്തെ എടുത്തിരുന്നു. കായംകുളത്ത് സ്ഥിതി ഗുരുതരമാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ഉറവിടം അറിയാത്തതാണ് ഇവിടെ പ്രതിസന്ധിയാകുന്നത്. തമിഴ്നാട്ടിൽ നിന്ന് കായംകുളത്തേക്ക് പച്ചക്കറി എത്തിക്കുന്ന ലോറി ഡ്രൈവർമാർ വഴി രോഗം വന്നുവെന്നാണ് പ്രാഥമിക നിഗമനം. മുൻകരുതൽ എന്ന നിലയിൽ കായംകുളം മാർക്കറ്റ് അടയ്ക്കാൻ ആരോഗ്യ വകുപ്പ് നഗരസഭയ്ക്ക് നിർദ്ദേശം നൽകി.
Read Also: ഇത് 'ഡിജിറ്റൽ സ്ട്രൈക്ക്', ടിക് ടോക് അടക്കമുള്ള ആപ്പുകൾ നിരോധിക്കാൻ കാരണമെന്ത്?...