അഭിമാനമായി ചന്ദ്രയാൻ 3; റോവർ ചന്ദ്രനിൽ ഇറങ്ങുന്ന കൂടുതല്‍ ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ
ഐഎസ്ആർഒയുടെ കുഞ്ഞൻ റോവർ ലാൻഡറിന്റെ തുറന്നിട്ട വാതിലിലൂടെ ചന്ദ്രോപരിതലത്തിലേക്ക് ഉരുണ്ടിറങ്ങുന്ന ദൃശ്യമാണ് പുറത്ത് വന്നത്.
ചന്ദ്രയാൻ മൂന്ന് റോവർ ചന്ദ്രനിൽ ഇറങ്ങുന്ന കൂടുതല്‍ ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. റോവറിന്റെ പിൻ ചക്രങ്ങളിലെ മുദ്രകളും വീഡിയോയിൽ വ്യക്തമായി കാണാം. ഇതോടെ, ചന്ദ്രോപരിതലം തൊട്ട ലോകത്തിലെ എട്ടാമത്തെ റോവര്‍ ഐഎസ്ആർഒയുടേതായി.
ഐഎസ്ആർഒയുടെ കുഞ്ഞൻ റോവർ ലാൻഡറിന്റെ തുറന്നിട്ട വാതിലിലൂടെ ചന്ദ്രോപരിതലത്തിലേക്ക് ഉരുണ്ടിറങ്ങുന്ന ദൃശ്യമാണ് പുറത്ത് വന്നത്. റോവറിന്റെ പിൻചക്രങ്ങളിൽ ഐഎസ്ആർഒയുടെയും അശോകസ്തംഭത്തിന്റെയും മുദ്രകളുണ്ട്. ചന്ദ്രോപരിതലത്തിലെ നേർത്ത പൊടിമണ്ണിൽ ഇന്ത്യന്‍ മുദ്ര പതിയുന്നതും ദൃശ്യങ്ങളില്‍ കാണാം. ചന്ദ്രോപരിതലം തൊടുകയും ഇന്ത്യന്‍ മുദ്ര പതിച്ച ശേഷം റോവർ നിൽക്കുന്നത് വരെയുള്ള ദൃശ്യങ്ങളാണ് ഐഎസ്ആർഒ പുറത്തുവിട്ടിരിക്കുന്നത്. ആഗസ്റ്റ് 23ന് രാത്രി തന്നെ ലാൻഡർ വാതിൽ തുറക്കുകയും 24ന് പുലർച്ചെ റോവർ ചന്ദ്രോപരിതലം തൊടുകയും ചെയ്തെങ്കിലും ദൃശ്യങ്ങൾ ഇസ്രൊ ഇപ്പോഴാണ് പുറത്തുവിടുന്നത്.
ഇനി ലോകം കാത്തിരിക്കുന്നത് റോവറിന്റെ ക്യാമറകൾ പകർത്തിയ ചിത്രങ്ങൾക്കായാണ്. ലാൻഡറിലെ മറ്റ് ക്യാമറകൾ പകർത്തിയ ദൃശ്യങ്ങളും ഇസ്രൊ ഇത് വരെ പുറത്തുവിട്ടിട്ടില്ല. നാളെ രാവിലെ പ്രധാനമന്ത്രി മിഷൻ ഓപ്പറേഷൻസ് കോംപ്ലക്സിലെത്തി ദൗത്യത്തിന്റെ ഭാഗമായ
ശാസ്ത്രജ്ഞരെ നേരിട്ട് അഭിനന്ദിക്കും. ലാൻഡിങ്ങിന് ശേഷം ലാൻഡറിന്റെയും റോവറിന്റെയും പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന പ്രത്യേക സംഘം അവിടെ തുടരുകയാണ്. ലാൻഡറിലെ എല്ലാ ശാസ്ത്ര ഉപകരണങ്ങളും പ്രവർത്തിപ്പിച്ച് സജ്ജമാക്കിയിട്ടുണ്ട്.