കൊല്ലപ്പെട്ടിട്ട് അഞ്ച് വർഷം! മധു കേസിൽ ഇന്ന് വിചാരണ കോടതി വിധി പറയും
ആകെ 103 സാക്ഷികളെ വിസ്തരിച്ച കേസിൽ 24 പേർ കൂറ് മാറി. ഇതിൽ മധുവിന്റെ ബന്ധുവടക്കം ഉൾപ്പെടുന്നു
പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ന് വിചാരണ കോടതി വിധി പറയും. മധു കൊല്ലപ്പെട്ടിട്ട് അഞ്ച് വർഷത്തിനു ശേഷമാണ് വിധി വരുന്നത്. ഒട്ടേറെ പ്രതിസന്ധികളും നാടകീയ സംഭവങ്ങളും കടന്നാണ് കേസ് അന്തിമ ഘട്ടത്തിലെത്തിയത്.
ആകെ 103 സാക്ഷികളെ വിസ്തരിച്ച കേസിൽ 24 പേർ കൂറ് മാറി. ഇതിൽ മധുവിന്റെ ബന്ധുവടക്കം ഉൾപ്പെടുന്നു. 2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധു ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെടുന്നത്. കേസിൽ 16 പ്രതികളുണ്ട്. അസാധാരണ സംഭവങ്ങളാണ് വിചാരണ ഘട്ടത്തിൽ നടന്നത്. കൂറുമാറിയ സാക്ഷികളെ വീണ്ടും വിസ്തരിക്കുന്ന സ്ഥിതിയുണ്ടായി. കൂറുമാറിയ സാക്ഷിയുടെ കണ്ണ് പരിശോധിപ്പിച്ചു. രഹസ്യമൊഴി നൽകിയവർ വരെ കൂറുമാറി. മജിസ്റ്റീരിയിൽ റിപ്പോർട്ടിന് മേൽ തെളിവ് മൂല്യത്തർക്കം ഉണ്ടായി. ഒടുവിൽ സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കേണ്ടിയും വന്നു.
വിധി വരുമ്പോഴുള്ള ആകാംക്ഷ പലതാണ്. കൂറുമാറിയ സാക്ഷികൾക്ക് എതിരെ നടപടി ഉണ്ടാകുമോ? കൂറുമാറ്റാൻ ഇടനില നിന്നവർക്ക് എതിരെ കേസുണ്ടാകുമോ, പ്രതിഭാഗം അഭിഭാഷകർ കൂറുമാറ്റാൻ ഇടപെട്ടോ, മജിസ്റ്റീരിയൽ റിപ്പോർട്ടിനെ തെളിവായി പരിഗണിച്ചോ എന്നെല്ലാം ചോദ്യങ്ങളുണ്ട്. ഇതിനെല്ലാമുള്ള ഉത്തരങ്ങൾ ഇന്നത്തെ വിധി പ്രസ്താവത്തിൽ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.