സംസ്ഥാനത്ത് വാഹനാപകടമരണങ്ങള്‍ കുറഞ്ഞെന്ന് മന്ത്രി; 'സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയതിന്റെ ഫലം'

''സംസ്ഥാനത്ത് പ്രതിദിനം 12 പേരായിരുന്നു വാഹനാപകടങ്ങളില്‍ മരിച്ചിരുന്നത് എങ്കില്‍ ഇപ്പോഴത് അഞ്ചുവരെയായി.''

antony raju says about kerala Road accident death rate joy

എറണാകുളം: വാഹനാപകടങ്ങള്‍ പരമാവധി കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ആന്റണി രാജു. കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ സംസ്ഥാനത്ത് വാഹനാപകടമരണങ്ങളില്‍ കാര്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് പ്രതിദിനം 12 പേരായിരുന്നു വാഹനാപകടങ്ങളില്‍ മരിച്ചിരുന്നത് എങ്കില്‍ ഇപ്പോഴത് അഞ്ചുവരെയായി. എ.ഐ ക്യാമറ ഉള്‍പ്പടെ സ്ഥാപിച്ച് റോഡ് സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയതിന്റെ ഫലം കൂടിയാണിതെന്ന് മന്ത്രി പറഞ്ഞു. റോഡ് സുരക്ഷാ വര്‍ഷാചരണത്തിന്റെയും ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച വടംവലി മത്സരത്തിന്റെ സമാപന സമ്മേളനത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സംസ്ഥാനത്ത് നടക്കുന്ന ഇരുചക്ര വാഹന അപകടങ്ങളില്‍ പെടുന്നതും മരണങ്ങള്‍ സംഭവിക്കുന്നതും അധികവും ചെറുപ്പക്കാര്‍ക്കാണ്. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വ്യാപകമായ ബോധവല്‍ക്കരണ പരിപാടികള്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതിന്റെ ഭാഗമായി വടംവലി മത്സര സംഘടിപ്പിച്ചതിന് പിന്നില്‍ ഒരു പ്രത്യേക ഉദ്ദേശം കൂടി ഉണ്ട്. റോഡുകളിലെ വടംവലി ഒഴിവാക്കുക എന്നതാണ് ഇതുകൊണ്ട് നല്‍കുന്ന സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് പ്രതിവര്‍ഷം ഏകദേശം 4000 പേരാണ് വാഹനാപകടങ്ങളില്‍ മരണപ്പെടുന്നത്. ഇത് നാലിലൊന്നായി കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. വാഹനാപകടങ്ങളുടെ കാര്യത്തില്‍ ഇന്ത്യയില്‍ നാലാം സ്ഥാനമാണ് കേരളത്തിന് ഇപ്പോള്‍ ഉള്ളത്. ഈ സ്ഥാനം ഏറ്റവും പിന്നിലേക്ക് കൊണ്ടുവരുക എന്ന ലക്ഷ്യമാണ് മുന്നിലുള്ളത്. സര്‍ക്കാരും ഉദ്യോഗസ്ഥരും മാത്രം വിചാരിച്ചാല്‍ ഇത് ലക്ഷ്യപ്രാപ്തിയില്‍ എത്തുകയില്ല. പൊതുജനങ്ങളുടെ കാര്യമായ സഹായവും സഹകരണവും ആവശ്യമാണ്. ഓരോരുത്തരും തങ്ങളുടെ കൂടി ഉത്തരവാദിത്തമാണ് റോഡ് സുരക്ഷ എന്ന നിലയില്‍ വേണം പ്രവര്‍ത്തിക്കാന്‍. ജനങ്ങളില്‍ നിന്ന് പണം പിരിച്ചെടുക്കുകയല്ല റോഡ് സുരക്ഷാ നിയമങ്ങള്‍ ശക്തമാക്കുന്നതിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നിരത്തുകളിലെ അപകടങ്ങള്‍ പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

  പ്രധാന റോഡിലൂടെ മോട്ടോര്‍ ബൈക്ക് സ്റ്റണ്ട് നടത്തി മൂന്ന് യുവതികള്‍; ഒടുവില്‍ 'പണി' കിട്ടി 


 

Latest Videos
Follow Us:
Download App:
  • android
  • ios