ട്രംപിന്‍റെ വിജയ ശിൽപ്പികളിൽ പ്രധാനി; സൂസി വൈൽസ് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ്, ഈ പദവിയിലെത്തുന്ന ആദ്യ വനിത
നിയുക്ത പ്രസിഡന്‍റ് ആയ ശേഷമുളള ട്രംപിന്‍റെ ആദ്യ തീരുമാനമാണിത്.
വാഷിംഗ്ടണ്‍: വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ആയി സൂസി വൈല്‍സിനെ നിയോഗിച്ച് ഡോണൾഡ് ട്രംപ്. നിയുക്ത പ്രസിഡന്‍റ് ആയ ശേഷമുളള ആദ്യ തീരുമാനമാണിത്. അമേരിക്കയുടെ ചരിത്രത്തില്‍ ഈ പദവിയില്‍ എത്തുന്ന ആദ്യ വനിതയാണ് സൂസി.
ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയവരിൽ ഒരാളാണ് സൂസി വൈല്‍സ്. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ വിജയങ്ങളിലൊന്ന് നേടാൻ സൂസി വൈൽസ് തന്നെ സഹായിച്ചെന്ന് ട്രംപ് പറഞ്ഞു. സൂസി കർശക്കശക്കാരിയും മിടുക്കിയുമാണ്. ആഗോളതലത്തിൽ തന്നെ ആദരിപ്പെടുന്ന വ്യക്തിയാണ്. അമേരിക്കയെ കൂടുതൽ മഹത്തരമാക്കാൻ സൂസി അശ്രാന്ത പരിശ്രമം തുടരുമെന്ന് ട്രംപ് പറഞ്ഞു.
ട്രംപിന്‍റെ ക്യാമ്പെയിൻ സംഘാടകയായുള്ള സൂസി വൈല്‍സിന്‍റെ പ്രവർത്തനങ്ങൾ പാർട്ടിക്കുള്ളിലും പുറത്തും ചർച്ചയായി. ട്രംപ് വിജയം ആഘോഷിച്ചപ്പോഴും മുന്നിലേക്ക് വന്ന് വിജയത്തിന്‍റെ അവകാശം ഏറ്റെടുക്കാനൊന്നും സൂസി തയ്യാറായില്ല. ചീഫ് ഓഫ് സ്റ്റാഫ് എന്ന പദവി സൂസി അർഹിക്കുന്ന ബഹുമതിയാണെന്നും അവർ നമ്മുടെ രാജ്യത്തിന് അഭിമാനമാകുമെന്നും സൂസി വൈൽസ് പറഞ്ഞു.
2016ലും 2020ലും ട്രംപിന്‍റെ ഫ്ലോറിഡയിലെ പ്രചാരണത്തിന് നേതൃത്വം നൽകിയത് സൂസി വൈൽസായിരുന്നു. 2010ൽ ഫ്ലോറിഡ ഗവർണർ തെരഞ്ഞെടുപ്പിൽ റിക്ക് സ്കോട്ടിന്‍റെ കാമ്പെയിന് നേതൃത്വം നൽകിയത് സൂസിയായിരുന്നു. മുൻ യൂട്ടാ ഗവർണർ ജോൺ ഹണ്ട്‌സ്‌മാന്‍റെ പ്രചാരണ മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം