'ഇത് ശരിയാകില്ല', കേന്ദ്രമന്ത്രിക്ക് മലയാളത്തിൽ പ്രതിഷേധ കത്തയച്ച് ബ്രിട്ടാസ്! കാരണം 'ഉത്തരമെല്ലാം ഹിന്ദിയിൽ'
ഹിന്ദിയിൽ മാത്രം ഉത്തരം നൽകുന്നത് ബുദ്ധിമുട്ടാണെന്ന ദക്ഷിണേന്ത്യയിൽ നിന്നുള്ള എം പിമാരുടെ പ്രതിഷേധത്തിന്‍റെ തുടർച്ചയായാണ് ബ്രിട്ടാസും രംഗത്തെത്തിയിരിക്കുന്നത്
ദില്ലി: കേന്ദ്രമന്ത്രിയുടെ ഉത്തരങ്ങളെല്ലാം ഹിന്ദിയിൽ മാത്രമാകുന്നതിൽ പ്രതിഷേധം വ്യക്തമാക്കി ജോണ്‍ ബ്രിട്ടാസ് എം പി മലയാളത്തിൽ കത്തയച്ചു. ഹിന്ദിയിൽ മാത്രം ഉത്തരം നൽകുന്നത് ബുദ്ധിമുട്ടാണെന്ന ദക്ഷിണേന്ത്യയിൽ നിന്നുള്ള എം പിമാരുടെ പ്രതിഷേധത്തിന്‍റെ തുടർച്ചയായാണ് ബ്രിട്ടാസും രംഗത്തെത്തിയിരിക്കുന്നത്. ഹിന്ദിയിൽ മാത്രം ഉത്തരം നൽകുന്ന രീതി മാറ്റണമെന്ന ആവശ്യമാണ് ബ്രിട്ടാസ് പ്രതിഷേധത്തിലൂടെ മുന്നോട്ട് വച്ചിരിക്കുന്നത്. കേന്ദ്ര റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടുവിനാണ് ബ്രിട്ടാസ് മലയാളത്തിൽ കത്തയച്ചത്.
റെയിൽവേ മന്ത്രാലയത്തിൽ നിന്നുള്ള ഉത്തരങ്ങളെല്ലാം മന്ത്രി ഹിന്ദിയില്‍ മാത്രം നല്‍കിയാൽ പോരെന്ന് ബ്രിട്ടാസ് മലയാളത്തിലെ കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. താങ്ങളുടെ മറുപടി കത്തുകള്‍ വായിച്ചു മനസിലാക്കാന്‍ ഇനി ഹിന്ദി ഭാഷ പഠിക്കുക സാധ്യമല്ലെന്നാണ് ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കുന്നത്. മലയാളത്തിലുള്ള ഈ കത്ത് വായിക്കാൻ താങ്കൾ നേരിടുന്ന ബുദ്ധിമുട്ടാണ് എനിക്ക് ഹിന്ദിയിലുള്ള താങ്കളുടെ മറുപടികൾ വായിക്കാനും ഉണ്ടാകുന്നതെന്ന് മനസിലാക്കാനാണ് മലയാളത്തിൽ കത്തയച്ചതെന്നും ബ്രിട്ടാസ് വിവരിച്ചിട്ടുണ്ട്. കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിനെ ടാഗ് ചെയ്തുകൊണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിലൂടെ ബ്രിട്ടാസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര റെയില്‍വേ - ഭക്ഷ്യ സംസ്‌കരണ വ്യവസായ സഹകരണ മന്ത്രിയാണ് ബിട്ടു.
നേരത്തെ ബിട്ടുവിന്റെ ഹിന്ദിയിൽ മാത്രമുള്ള മറുപടിക്ക് തമിഴില്‍ മറുപടി നല്‍കി ഡി എം കെ നേതാവും രാജ്യസഭ എം പിയുമായ എം എം അബ്ദുള്ളയും രംഗത്തെത്തിയിരുന്നു. ബിട്ടു ഹിന്ദിയില്‍ അയച്ച കുറിപ്പില്‍ ഒരു വാക്കുപോലും മനസിലായില്ലെന്നതടക്കം വിവരിച്ചുകൊണ്ടാണ് അബ്ദുള്ള, തമിഴിൽ കത്തെഴുതിയത്. ഇക്കാര്യം അബ്ദുള്ള അന്ന് തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ കുറിക്കുകയും ചെയ്തിരുന്നു. എന്നിട്ടും നടപടിയുണ്ടാകാത്തതുകൊണ്ടാണ് ഇപ്പോൾ ബ്രിട്ടാസും മാതൃഭാഷയിൽ കത്തയച്ച് പ്രതിഷേധിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയിൽ നിന്നുള്ള എം പിമാരുടെ പൊതുവായ പ്രതിഷേധം കൂടിയാണ് ഇതിലൂടെ ഉയരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം