Asianet News MalayalamAsianet News Malayalam

ആലപ്പുഴ സിപിഎമ്മിൽ കൂട്ടരാജി തുടരുന്നു, 105 പേർ പാർട്ടി വിട്ടു; വിഭാഗീയത ബ്രാഞ്ച് സമ്മേളനങ്ങൾക്ക് വെല്ലുവിളി

ജില്ലയിലാകെ വിഭാഗീയത രൂക്ഷമായതിനാൽ ബ്രാഞ്ച് സമ്മേളനങ്ങൾ സമവായത്തിലൂടെ പൂർത്തിയാക്കുക പാർട്ടി ജില്ലാ നേതാക്കൾക്ക് വെല്ലുവിളിയാണ്

Alappuzha CPM branch conference continues with mass resignation
Author
First Published Sep 7, 2024, 1:27 PM IST | Last Updated Sep 7, 2024, 1:27 PM IST

ആലപ്പുഴ: ബ്രാഞ്ച് സമ്മേളനങ്ങൾക്കിടെ നേതൃത്വത്തെ വലച്ച് സിപിഎമ്മിൽ കൂട്ടരാജി. പ്രാദേശിക വിഷയങ്ങളിലെ പ്രശ്ങ്ങൾ മുതൽ ലോക് സഭാ തെരഞ്ഞെടുപ്പ് പരാജയത്തിലെ കാരണങ്ങൾ വരെ രാജിക്ക് കാരണമായുണ്ട്. കായംകുളം, അരൂക്കുറ്റി, ഹരിപ്പാട് എന്നിവിടങ്ങളിലായി രാജിക്കത്ത് നൽകിയവരുടെ എണ്ണം 105 ആയി. 

ആലപ്പുഴ, കായംകുളം ഏരിയ കമ്മിറ്റിക്ക് കീഴിൽ പുള്ളിക്കണക്ക് ലോക്കൽ കമ്മിറ്റി പരിധിയിൽ ആലുംമ്മുട്, സൊസൈറ്റി ബ്രാഞ്ചുകളിൽ നിന്നായി പത്ത് പേരാണ് ഇന്നലെ രാജിക്കത്ത് നൽകിയത്. പുള്ളിക്കണക്ക് ലോക്കൽ കമ്മിറ്റിയിലെ മാവേലി സ്റ്റോർ ബ്രാഞ്ചിലെ നാലുപേരെ ബ്രാഞ്ച് സമ്മേളനത്തിന് തൊട്ട് മുൻപ് പുറത്താക്കിയ നടപടിയിൽ പ്രതിഷേധിച്ചാണ് കൂട്ട രാജി. ഗ്രാമ സഭ നടത്തിപ്പുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതയെ തുടർന്നുണ്ടായ പ്രശ്നങ്ങളായിരുന്നു തുടക്കം. തുടർന്നാണ് ലോക്കൽ കമ്മിറ്റി അംഗം വിപിൻ ദാസ്, ബ്രാഞ്ച് സെക്രട്ടറിമാരായ ഷാം, രാജേന്ദ്രൻ, പാർട്ടി അംഗം മോഹനൻ പിള്ള എന്നിവർക്കെതിരെ നേരത്തെ നടപടി എടുത്തത്. 

പ്രാദേശിക വിഭാഗീയതയെ തുടർന്ന് സ്വീകരിച്ച നടപടി തെരഞ്ഞെടുപ്പ് സമയത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സജി ചെറിയാൻ ഇടപെട്ട് ഒഴിവാക്കിയിരുന്നു. എന്നാൽ സമ്മേളനം പ്രഖ്യാപിച്ചതോടെ വീണ്ടും ഇവരെ പുറത്താക്കിയതാണ് പ്രതിഷേധ രാജികൾക്ക് ഇടയാക്കിയത്. ഇതോടെ പുള്ളിക്കണക്ക് ലോക്കൽ കമ്മിറ്റിയ്ക്ക് കീഴിൽ രാജി വെച്ച പാർട്ടി അംഗങ്ങളുടെ എണ്ണം 22ആയി. ഹരിപ്പാട് കുമാരപുരത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പടെയാണ് കഴിഞ്ഞ ദിവസം രാജിക്കത്ത് നൽകിയത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു വിഭാഗം ബിജെപിയ്ക്ക് വളരാൻ വഴിയൊരുക്കിയെന്ന് രാജിക്കത്ത് നൽകിയവർ ആരോപിക്കുന്നു. മുതിർന്ന നേതാക്കൾ ഇടപെട്ട് അനുനയ ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. അമ്പലപ്പുഴയിൽ മുൻ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെയാണ് രാജി നൽകിയത്. 

വിഭാഗീയതയുടെ ഭാഗമായി പഞ്ചായത്ത്‌ ഭരണം തന്നെ നഷ്ടമായ കുട്ടനാട്ടിൽ ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങി. കരുതലോടെയാണ് ഔദ്യോഗിക പക്ഷം നീങ്ങുന്നന്ത്. ജില്ലയിലാകെ വിഭാഗീയത രൂക്ഷമായതിനാൽ ബ്രാഞ്ച് സമ്മേളനങ്ങൾ സമവായത്തിലൂടെ പൂർത്തിയാക്കുക പാർട്ടി ജില്ലാ നേതാക്കൾക്ക് വെല്ലുവിളിയാണ്.

Latest Videos
Follow Us:
Download App:
  • android
  • ios