പുലിക്കളിക്കായി മടകളൊരുങ്ങി, സ്വരാജ് റൗണ്ടിനെ വിറപ്പിക്കാൻ സർപ്രൈസ് പുലികൾ ഇറങ്ങും, ഒരുക്കം അവസാനഘട്ടത്തിൽ
ഈ വരുന്ന 18നാണ് തൃശൂര്‍ റൗണ്ടിൽ പുലിക്കളി നടക്കുക.
തൃശൂര്‍: പുലിക്കളിക്കായി തൃശൂരിൽ മടകളൊരുങ്ങി. ഏഴു സംഘങ്ങളാണ് ഇക്കുറി സ്വരാജ് റൗണ്ടിനെ വിറപ്പിക്കാന്‍ പുലികളുമായെത്തുന്നത്. രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ മുഖനിർമ്മാണം പൂർത്തിയായി. ചായ മരക്കൽ തുടങ്ങി. പുലിക്കളിക്കായുള്ള മറ്റു ഒരുക്കങ്ങളും അവസാന ഘട്ടത്തിലാണ്. തിരുവോണം കഴിഞ്ഞതോടെ പുലിക്കളിക്കുള്ള ഒരുക്കം വേഗത്തിലാക്കുകയാണ് തൃശൂരിലെ പുലിക്കളി സംഘങ്ങള്‍.
എല്ലാത്തവണത്തെയും പോലെ വരകളിലും വേഷവിധാനങ്ങളിലും സർപ്രൈസുകൾ നിറഞ്ഞതായിരിക്കും ഇത്തവണത്തെ പുലിക്കളിയെന്ന് പുലിക്കളി സംഘത്തിലുള്ളവര്‍ ഉറപ്പു നല്‍കുന്നു. സര്‍പ്രൈസുകള്‍ ഇത്തവണയും ഉണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി. മുൻവര്‍ഷത്തെ പോലെ ഇത്തവണയും പെൺപുലികളും കുട്ടിപുലികളും ദേശങ്ങൾക്കായി സ്വരാജ് റൗണ്ടിൽ ഇറങ്ങും.
35 മുതൽ 51 വരെ പുലികളാണ് ഓരോ സംഘങ്ങളിലുമുള്ളത്. പുലികളുടെ ശരീരത്തിൽ തേയ്ക്കാനുളള നിറക്കൂട്ടുകൾ ദേശങ്ങൾ തയ്യാറാക്കി തുടങ്ങി.ഒപ്പം ചമയ പ്രദർശനവും ആരംഭിച്ചു. അവസാനവട്ട ഒരുക്കങ്ങളും പൂർത്തിയാക്കിയശേഷം നാലോണ നാളിനായുള്ള കാത്തിരിപ്പിലാണ് ഇനി ദേശങ്ങൾ. ഈ വരുന്ന 18നാണ് തൃശൂര്‍ റൗണ്ടിൽ പുലിക്കളി നടക്കുക.