എഡിഎമ്മിൻ്റെ മരണം: ദിവ്യയുടെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച ഉത്തരവ്; കോടതിയിൽ ശക്തമായ വാദപ്രതിവാദം; പൊലീസിനും പഴി

എഡിഎമ്മിൻ്റെ മരണത്തിൽ ജയിലിൽ കഴിയുന്ന പിപി ദിവ്യയുടെ ജാമ്യാപേക്ഷയിൽ തലശേരി കോടതി വെള്ളിയാഴ്ച വിധി പറയും

ADM death case Divya bail plea postponed for friday 8th October

കണ്ണൂർ: എഡിഎമ്മിൻ്റെ മരണത്തിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി.പി.ദിവ്യയുടെ ജാമ്യാപേക്ഷയിൽ തലശേരി ജില്ലാ കോടതി വെള്ളിയാഴ്ച വിധി പറയും. ഇന്ന് ദിവ്യയുടെയും പ്രോസിക്യൂഷൻ്റെയും എഡിഎമ്മിൻ്റെ കുടുംബത്തിൻ്റെയും വാദം കേട്ട ശേഷം കേസ് വിധിപറയാനായി മാറ്റുകയായിരുന്നു. 

എഡിഎം കൈക്കൂലി വാങ്ങിയെന്ന വാദത്തിലുറച്ചാണ് ദിവ്യയുടെ അഭിഭാഷകൻ വാദിച്ചത്.  കൈക്കൂലി നൽകിയതിനാണ് പ്രശാന്തനെ ജോലിയിൽ നിന്ന് സസ്പെൻ്റ് ചെയ്തതെന്നും എഡിഎം പ്രശാന്തിനെ ഫോണിൽ വിളിച്ച് സംസാരിച്ചുവെന്നും ഇരുവരും തമ്മിൽ കണ്ടുവെന്നും ഇതിൻ്റെ ദൃശ്യങ്ങൾ കെടിഡിസിയുടെ ഹോട്ടലിൽ നിന്ന് ശേഖരിക്കണമെന്നും ദിവ്യ ആവശ്യപ്പെട്ടു. അഞ്ചാം തീയ്യതി പ്രശാന്ത് സഹകരണ ബാങ്കിൽ നിന്ന് ഒരു ലക്ഷം രൂപ സ്വർണ വായ്പയെടുത്തതും ആറാം തീയ്യതി എഡിഎമ്മും പ്രശാന്തും ഒരേ ടവർ ലൊക്കേഷനിൽ ഉണ്ടായതും സാഹചര്യ തെളിവായി പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നാണ് ദിവ്യയുടെ അഭിഭാഷകൻ അഡ്വ.കെ.വിശ്വൻ കോടതിയിൽ ആവശ്യപ്പെട്ടത്.

ഫോൺ വിളിച്ചാൽ കൈക്കൂലി വാങ്ങിയെന്നാകുമോയെന്ന് പ്രോസിക്യൂഷൻ മറുവാദത്തിൽ ചോദിച്ചു. കൈക്കൂലി ആരോപണം മാത്രമല്ല പ്രശാന്തനെതിരെ നടപടിക്ക് അച്ചടക്ക ലംഘനവും കാരണമായി. എഡിഎമ്മും പ്രശാന്തും ഫോണിൽ സംസാരിച്ചത് എങ്ങനെ കൈക്കൂലി വാങ്ങിയതിൻ്റെ തെളിവാകും? പ്രശാന്ത് ബാങ്കിൽ നിന്ന് വായ്പയെടുത്തത് കൈക്കൂലി നൽകാനാണെന്ന് പറയാൻ തെളിവെന്താണ്? കൈക്കൂലി നൽകിയെന്നത് പ്രശാന്തിൻ്റെ ആരോപണം മാത്രമാണ്.  19ാം വയസിൽ സർവീസിൽ പ്രവേശിച്ച നവീൻ ബാബുവിനെ കുറിച്ച് കൈക്കൂലി ആരോപണങ്ങൾ ഉണ്ടായിട്ടേയില്ല. ആരോപണം ഉയർന്ന കണ്ണൂരിലെ ഫയലിൽ ഒരു കാലതാമസവും ഉണ്ടായിട്ടില്ല. പിന്നെ എന്തിന് അഴിമതി നടത്തണം? പണം നൽകിയെന്നതിന് തെളിവുകളോ സാക്ഷികളോ ഇല്ല. എഡിഎം പണം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഗംഗാധരനും പറഞ്ഞത്. ദിവ്യക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും ജാമ്യം നൽകരുതെന്നും കോടതിയിൽ പ്രോസിക്യൂഷൻ വാദിച്ചു.

എഡിഎമ്മിൻ്റെ മരണത്തിൽ ദിവ്യയെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒളിച്ചുകളിച്ചെന്ന് മരിച്ച നവീൻ ബാബുവിൻ്റെ കുടുംബം വാദിച്ചു. എഡിഎമ്മിൻ്റെ ഭാര്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയില്ല. രണ്ട് തവണ നോട്ടീസ് നൽകിയിട്ടും ദിവ്യ അന്വേഷണത്തോട് സഹകരിച്ചില്ല. ആത്മഹത്യയിലേക്ക് നയിക്കണം എന്ന ഉദ്ദേശം ദിവ്യക്കുണ്ടായിരുന്നില്ലെന്ന വാദം തെറ്റാണ്. എഡിഎം കുറ്റസമ്മതം നടത്തിയെന്ന ആരോപണം കളക്ടർ നിഷേധിച്ചിരുന്നു. കളക്ടർ സൗഹൃദത്തോടെ പെരുമാറുന്ന ആളല്ല. മാനസിക അടുപ്പം ഇല്ലാത്ത കളക്ടറോട് കുറ്റസമ്മതം നടത്തിയെന്ന ആരോപണം തെറ്റാണ്. റവന്യു അന്വേഷണത്തിൽ കളക്ടർ നേരിട്ട് മൊഴി നൽകിയില്ല. നിയമോപദേശം തേടിയ ശേഷം എഴുതി തയ്യാറാക്കിയ മൊഴിയാണ് നൽകിയത്. സർക്കാർ ജീവനക്കാരൻ പെട്രോൾ പമ്പ് തുടങ്ങണം എന്ന് പറഞ്ഞു വരുമ്പോൾ ജില്ലാ പഞ്ചായത്ത്‌ ആധ്യക്ഷ തടയേണ്ടതല്ലേ? പ്രശാന്തനെതിരെ പൊലീസ് കേസെടുത്തിട്ടില്ല. 14ാം തിയ്യതി വരെ ഫയലിൽ അനുമതി വൈകിപ്പിച്ചു എന്നാണ് ദിവ്യ പറഞ്ഞിരുന്നത്. ദിവ്യ കീഴടങ്ങിയത് നന്നായി. അല്ലങ്കിൽ പൊലീസും ദിവ്യയും തമ്മിലെ ഒളിച്ചു കളി തുടർന്നേനെ. കളക്ടറുടെ മൊഴി ദിവ്യയുമായി ചേർന്നുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും കളക്ടറുടെ ഫോൺ രേഖകൾ പരിശോധിക്കണമെന്നും കുടുംബത്തിൻ്റെ അഭിഭാഷകൻ വാദിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios