പുതുച്ചേരി അടക്കമുള്ള സംസ്ഥാനങ്ങളിലെ വാഹനങ്ങളുടെ എൻഒസി; പിഴക്കാര്യത്തില്‍ നിര്‍ണായക തീരുമാനം
എൻഒസി എടുക്കാതെയും രജിസ്ട്രേഷൻ മാറ്റാതെയും കേരളത്തിലെ നിലവിലുള്ള നിരക്കിലെ നികുതി അടച്ച് വാഹനം സർവ്വീസ് നടത്തുന്നതിനും അനുവാദം നൽകുന്നതാണ്
തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങളുടെ എന്‍ ഒ സി സംബന്ധിച്ച് തീരുമാനമെടുത്ത് കേരള സര്‍ക്കാര്‍. ഇത്തരം വാഹനങ്ങള്‍ കേരളത്തിലേയ്ക്ക് മേൽവിലാസം മാറ്റുന്നതിനായി മറ്റു സംസ്ഥാനങ്ങളിൽ നിന്നും എൻഒസി എടുത്ത തീയതി മുതൽ കേരളത്തിലെ നികുതി അടച്ചാൽ മതിയെന്ന വ്യവസ്ഥ കൊണ്ടുവരികയാണെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പട്ട എല്ലാ പിഴകളും ഒഴിവാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ബജറ്റിലെ പരാമര്‍ശം
കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെടണ്ടതായ നിരവധി സ്വകാര്യ വാഹനങ്ങൾ പുതുച്ചേരി ഉൾപ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് കേരളത്തിൽ തുടർച്ചയായി സർവ്വീസ് നടത്തിയിരുന്നു. ഇത്തരം വാഹനങ്ങളിൽ നിന്ന് നികുതി ഈടാക്കാനുള്ള നടപടികൾ കോടതി വ്യവഹാരങ്ങളിൽപ്പെട്ട് തടസ്സം നേരിട്ടിരുന്നു. ഈ വാഹനങ്ങൾക്ക് മറ്റു സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത തീയതി മുതലുള്ള നികുതി കേരളത്തിൽ അടയ്ക്കേണ്ടതാണെന്ന വ്യവസ്ഥ വാഹനങ്ങളുടെ മേൽവിലാസം മാറ്റുന്നതതിന് വാഹന ഉടമകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. ഇതും അനുബന്ധ വ്യവഹാരങ്ങളും ഒഴിവാക്കുന്നതിനും ഇത്തരം വാഹനം കേരളത്തിലേയ്ക്ക് മേൽവിലാസം മാറ്റുന്നതിനായി മറ്റു സംസ്ഥാനങ്ങളിൽ നിന്നും എൻഒസി എടുത്ത തീയതി മുതൽ കേരളത്തിലെ നികുതി അടച്ചാൽ മതിയെന്ന വ്യവസ്ഥ കൊണ്ടുവരികയാണ്. ഇതുമായി ബന്ധപ്പട്ട എല്ലാ പിഴകളും ഒഴിവാക്കുന്നു. ഇപ്പോൾ കോടതി വ്യവഹാരങ്ങളില്‍ ഉൾപ്പെട്ടിട്ടുള്ള വാഹനങ്ങൾക്കും ഈ ആനുകൂല്യം ബാധകമാണ്.
അന്യസംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്യപ്പട്ട ഒരു സ്വകാര്യ വാഹനം സ്ഥിരമായി ടി സംസ്ഥാനത്തും കേരളത്തിലും ഇടവിട്ടിടവിട്ട് സർവ്വീസ് നടത്തുകയാണെങ്കിൽ എൻഒസി എടുക്കാതെയും രജിസ്ട്രേഷൻ മാറ്റാതെയും കേരളത്തിലെ നിലവിലുള്ള നിരക്കിലെ നികുതി അടച്ച് വാഹനം സർവ്വീസ് നടത്തുന്നതിനും അനുവാദം നൽകുന്നതാണ്.