പ്രളയത്തിന് മുന്നിലും തളരില്ല; സാമ്പത്തിക വളര്‍ച്ചയില്‍ രാജ്യത്തിനും മുന്നില്‍ കേരളം
2012 മുതല്‍ 16 കാലയളവില്‍ 4.9 ആയിരുന്നു കേരളത്തിന്‍റെ സാമ്പത്തിക വളര്‍ച്ച
എന്നാല്‍ ഇപ്പോള്‍ കേരളത്തിന്‍റെ സാമ്പത്തിക വളര്‍ച്ച 7.5 ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്നിട്ടുണ്ട്
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരണത്തില്‍ കേരളത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചും ധനമന്ത്രി തോമസ് ഐസക്ക് വാചാലനായി. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും കേരളത്തിന് സാമ്പത്തിക വളര്‍ച്ചയില്‍ നേട്ടമുണ്ടാക്കാനായി.
2012 മുതല്‍ 16 കാലയളവില്‍ 4.9 ആയിരുന്നു കേരളത്തിന്‍റെ സാമ്പത്തിക വളര്‍ച്ച. എന്നാല്‍ ഇപ്പോള്‍ കേരളത്തിന്‍റെ സാമ്പത്തിക വളര്‍ച്ച 7.5 ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്നിട്ടുണ്ട്. സാമ്പത്തിക സര്‍വ്വെയിലും ഇക്കാര്യം വ്യക്തമായിരുന്നു. കഴിഞ്ഞ തവണ 7.3 ആയിരുന്നു കേരളത്തിന്‍റെ സാമ്പത്തിക വളര്‍ച്ച. ദേശീയ തലത്തിൽ സാമ്പത്തിക വളർച്ച ഈ കാലയളവിൽ 6.9 ശതമാനം മാത്രമാണ്.
അതേസമയം സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ഫലപ്രദമായ നടപടികള്‍ കേന്ദ്രം സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടികാട്ടിയ ഐസക്ക്
വ്യക്തികളെ പോലെ സാമ്പത്തിക പ്രശ്നങ്ങളെ സര്‍ക്കാര്‍ സമീപിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുമെന്നും വ്യക്തമാക്കി. വലിയ പ്രതീക്ഷയോടെ നടപ്പിലാക്കപ്പെട്ട ജിഎസ്‍ടിയിലെ കോട്ടങ്ങള്‍ ചൂണ്ടികാട്ടാനും മടികാട്ടിയില്ല.
ജിഎസ്‍ടിയില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടായില്ലെന്ന് ധനമന്ത്രി തുറന്നുസമ്മതിച്ചു. ഉപഭോക്തൃ സംസ്ഥാനമായിട്ടും ജിഎസ്‍ടി വരുമാനത്തില്‍ കേരളത്തിന് നേട്ടമുണ്ടായില്ലെന്നും പൊതുവില്‍ ജിഎസ്‍ടി കേരളത്തിന് ഗുണം ചെയ്തില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ജിഎസ്ടി നിരക്കുകൾ വെട്ടിക്കുറച്ചത് കേരളത്തിന് വലിയ തിരിച്ചടിയായെന്നും അദ്ദേഹം വിവരിച്ചു. നികുതിവരുമാനം 10113 കോടി രൂപ കുറയുമെന്നും ഐസക്ക് ചൂണ്ടികാട്ടി.