Kerala Budget 2022 : കേരള ബജറ്റ് ഇന്ന്: പെട്രോളിന് നികുതി ഉയരുമോ? പ്രതീക്ഷിക്കുന്ന വർധനയും പരിഷ്കരണവും ഇവ

പെട്രോളിനും ഡീസലിനും ഉള്ള നികുതി വർധനയ്ക്ക് സാധ്യത വളരെയേറെ കുറവാണ്

Kerala Budget 2022 state might increase govt fees for services

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഇന്ന് അവതരിപ്പിക്കാനിരിക്കെ, കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വരുമാനം വർധിപ്പിക്കുകയെന്ന മുഖ്യ അജണ്ട കെഎൻ ബാലഗോപാൽ മുന്നോട്ട് വെക്കാൻ സാധ്യത. സംസ്ഥാനം വരുന്ന വർഷം വരുമാനത്തിൽ ഇടിവ് നേരിടുമെന്നതിനാൽ വിവിധ തരം സർക്കാർ സേവനങ്ങളുടെ നിരക്കുകൾ ഉയരാൻ സാധ്യതയുണ്ട്.

ഭൂമിയുടെ ന്യായവില, സർക്കാർ സേവനങ്ങളുടെ ഫീസുകൾ, മോട്ടോർ വാഹന നികുതി, റവന്യൂ വകുപ്പും തദ്ദേശ സ്ഥാപനങ്ങളം പിരിക്കുന്ന വിവിധ സേവനങ്ങൾക്കുള്ള ഫീസുകൾ തുടങ്ങിയവയിൽ വർധന പ്രതീക്ഷിക്കുന്നുണ്ട്. പെട്രോളിനും ഡീസലിനും ഉള്ള നികുതി വർധനയ്ക്ക് സാധ്യത വളരെയേറെ കുറവാണ്. ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്ന് നിൽക്കുന്നതിനാൽ വരും നാളുകളിൽ ഇന്ധന വിലയും ഉയർന്നേക്കും. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ വരുമാനം ഉയരാൻ ഇടയുണ്ട്. അതിനാൽ തന്നെ നികുതി ഉയർത്തി ജനത്തിന് മേൽ ഇരട്ടപ്രഹരം ഏൽപ്പിക്കാൻ ബാലഗോപാൽ തയ്യാറായേക്കില്ല.

പതിവ് പോലെ മദ്യത്തിന് വില വർധിപ്പിക്കുമോയെന്നതാണ് മറ്റൊരു ചോദ്യം. നേരിയ തോതിൽ വില വർധിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. എന്നാൽ ഇതിനോട് എക്സൈസ് വകുപ്പിന് തീരെ താത്പര്യമില്ല. മദ്യ ഇതര ലഹരിവസ്തുക്കളുടെ ഉപയോഗവും വിപണനവും കുത്തനെ ഉയരുന്നത് വലിയ വെല്ലുവിളിയാണെന്ന് വകുപ്പ് സർക്കാരിനെ അറിയിച്ചതാണ്.

കാർഷിക മേഖലയിലെ ഉൽപ്പാദനം, മൂല്യവർധന, വിപണനം തുടങ്ങിയ കാര്യങ്ങൾ ഇക്കുറി പ്രതീക്ഷിക്കാം. ഇന്നത്തെ ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിന്റെ അടിസ്ഥാനത്തിൽ ഈ മാസം 14, 15, 16 തീയതികളിൽ വിശദമായ ചർച്ച നടക്കും. അടുത്ത സാമ്പത്തിക വർഷത്തെ ആദ്യ നാല് മാസത്തേക്കുള്ള ചെലവുകൾക്കായി 18 ന് വോട്ട് ഓൺ അക്കൗണ്ട് പാസാക്കും. പിന്നാലെ നിയമസഭ പിരിയും. അടുത്ത സമ്മേളനത്തിൽ മാത്രമാണ് ബജറ്റ് പൂർണമായും പാസാക്കുക.

Latest Videos
Follow Us:
Download App:
  • android
  • ios