തല വഴി മാല വരെ ഊരി പറന്നു! ആ വിക്കറ്റ് അത്രമേല്‍ പ്രധാനം, ബമ്പര്‍ അടിച്ച പോലെ ആഘോഷം, വൈറല്‍ വീഡിയോ
ലഖ്നൗവിലെ സ്ലോ പിച്ചില്‍ അവസാന രണ്ടോവറില്‍ മുംബൈക്ക് ജയിക്കാന്‍ 30 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. നവീന്‍ ഉള്‍ ഹഖ് എറിഞ്ഞ പത്തൊമ്പതാം ഓവറിലെ രണ്ടാം പന്ത് സിക്സിന് തൂക്കിയ ടിം ഡേവിഡ് മുംബൈക്ക് പ്രതീക്ഷ നല്‍കി.
ലഖ്നൗ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ പോരാട്ടത്തില്‍ ലഖ്നൗ അവിശ്വസനീയമായ വിജയം സ്വന്തമാക്കിയിരുന്നു. മൊഹ്സിന്‍ ഖാൻ എറിഞ്ഞ അവസാന ഓവറില്‍ വമ്പനടിക്കാരായ ടിം ഡേവിഡും കാമറൂണ്‍ ഗ്രീനും ക്രീസിലുണ്ടായിട്ടും മുംബൈക്ക് വിജയം നേടാനായില്ല. ലഖ്നൗവിലെ സ്ലോ പിച്ചില്‍ അവസാന രണ്ടോവറില്‍ മുംബൈക്ക് ജയിക്കാന്‍ 30 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. നവീന്‍ ഉള്‍ ഹഖ് എറിഞ്ഞ പത്തൊമ്പതാം ഓവറിലെ രണ്ടാം പന്ത് സിക്സിന് തൂക്കിയ ടിം ഡേവിഡ് മുംബൈക്ക് പ്രതീക്ഷ നല്‍കി.
നാലാം പന്ത് നോ ബോളായതിന് പുറമെ ബൈ ആയി ബൗണ്ടറി കൂടി കിട്ടിയതോടെ മുംബൈയുടെ അക്കൗണ്ടില്‍ അഞ്ച് റണ്‍സ് കൂടി എത്തി. ഓവറിലെ അവസാന പന്തില്‍ വീണ്ടും ഡേവിഡിന്‍റെ സിക്സ്. മുംബൈ വിജയത്തിന് അടുത്ത് വരെയെത്തി. നവീന്‍ ഉള്‍ ഹഖിന്‍റെ ഓവറില്‍ 19 റണ്‍സടിച്ചതോടെ അവസാന ഓവറില്‍ മുംബൈയ്ക്ക് വെറും 11 റണ്‍സ് മാത്രമായിരുന്നു വേണ്ടത്. പവര്‍ ഹിറ്റര്‍മാരായ രണ്ടുപേരേയും യോര്‍ക്കറുകളും ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ പന്തുകൊളും കൊണ്ട് അനങ്ങാന്‍ പോലും വിടാതെ വരച്ച വരയില്‍ നിര്‍ത്തിയാണ് മൊഹ്സിന്‍ ലഖ്നൗവിന് അവിശ്വസനീയ ജയം സമ്മാനിച്ചത്.
മത്സരത്തില്‍ നിര്‍ണായകമായത് മുംബൈയുടെ സൂര്യകുമാര്‍ യാദവിന്‍റെ വിക്കറ്റ് നേരത്തെ വീണതാണ്. യഷ് താക്കൂറിനെതിരെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ഷോട്ട് കളിക്കുന്നതിനിടെ ബൗള്‍ഡ് ആയാണ് സൂര്യ മടങ്ങിയത്. ആ വിക്കറ്റിന്‍റെ പ്രാധാന്യം വളരെ ഉയര്‍ന്നതായതിനാല്‍ വൻ ആഘോഷമാണ് യഷ് താക്കൂര്‍ നടത്തിയത്.
ഇതിനിടെ താരത്തിന്‍റെ കഴുത്തിലെ മാല വരെ തല വഴി ഊരിപ്പോയി. ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. ബൗള്‍ഡ് ആയതോടെ നിരാശനായി സൂര്യ ഗ്രൗണ്ടില്‍ ഇരിക്കുന്നത് മുംബൈ ആരാധകര്‍ക്ക് നിരാശപ്പെടുത്തുന്ന കാഴ്ചയായിരുന്നു. ഒമ്പത് പന്തില്‍ ഏഴ് റണ്‍സുമായാണ് സൂര്യ മടങ്ങിയത്.